വി. എവുപ്രാസിയ

മാർച്ച് 13

റോമിനെ ഒരു ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റിയെടുത്ത തെയോഡോ സിയസ് ചക്രവര്‍ത്തിയുടെ കാലം. ചക്രവര്‍ത്തിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പ്രഭുവിന്റെ മകളായിരുന്നു വി. എവുപ്രാസിയ. അവളുടെ ജനനത്തിനു ശേഷം ഏറെ വൈകാതെ പ്രഭു മരിച്ചു. എവുപ്രാസിയയ്ക്കു അഞ്ചു വയസുള്ളപ്പോള്‍ ചക്രവര്‍ത്തി തന്നെ മുന്‍കൈയെടുത്തു റോമിലെ ഒരു പ്രമുഖ സെനറ്ററുടെ മകനുമായി അവളുടെ വിവാഹം മുന്‍കൂട്ടി നിശ്ചയിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം ഈജിപ്തിലെ ആശ്രമത്തിലേക്കു അമ്മയോടൊപ്പം അവള്‍ താമസം മാറ്റി. അമ്മയുടെ പേരും എവുപ്രാസിയ എന്നു തന്നെയായിരുന്നു. സസ്യങ്ങളും പയറും കഴിച്ചാണ് അവര്‍ അവിടെ കഴിഞ്ഞിരുന്നത്. ഒരിക്കല്‍ അമ്മയുടെ അടുത്തെത്തി താനും സന്യാസജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായി എവുപ്രാസിയ പറഞ്ഞു. അവളെ യേശുവിന്റെ ചിത്രത്തോടു ചേര്‍ത്തു നിര്‍ത്തി ആ അമ്മ പ്രാര്‍ഥിച്ചു: ‘ദൈവമേ, ഇതാ ഇവളെ സ്വീകരിക്കുക. അങ്ങയെയാണ് ഇവള്‍ തേടുന്നത്. അങ്ങയെ മാത്രമാണ് ഇവള്‍ സ്‌നേഹിക്കുന്നത്.”’ അധികം വൈകാതെ തന്നെ അമ്മയും മരിച്ചു. എവുപ്രാസിയക്കു പന്ത്രണ്ടു വയസുള്ളപ്പോള്‍ അപ്പോഴത്തെ ചക്രവര്‍ത്തിയായ അറേകഡിയസ് അവളെ വിളിപ്പിച്ചു. മുന്‍പ് തീരുമാനിച്ചിരുന്ന വിവാഹം കഴിക്കാന്‍ അവളോട് ആജ്ഞാപിച്ചു. എന്നാല്‍, തന്നെ വിവാഹത്തില്‍ നിന്നു ഒഴിവാക്കണമെന്നാണ് അവള്‍ അപേക്ഷിച്ചത്. തന്റെ മുഴുവന്‍ സ്വത്തുക്കളും വിറ്റ് അവ പാവപ്പെട്ടവര്‍ക്കും അടിമകളെ സ്വതന്ത്രമാക്കുവാനും ഉപയോഗിക്കുവാന്‍ അവള്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചക്രവര്‍ത്തി വിവാഹത്തില്‍ നിന്ന് അവളെ ഒഴിവാകാന്‍ അനുവദിച്ചു. ഉപവാസവും പ്രാര്‍ഥനയുമായിരുന്നു എവുപ്രാസിയയുടെ വിശ്വാസത്തിന്റെ അടിത്തറ. ചില ദിവസങ്ങളില്‍ ഒരിടത്തു നിന്ന് ഒരു കല്ലെടുത്ത് മറ്റൊരിടത്തു വയ്ക്കുകയും പിന്നീട് വീണ്ടും അതേസ്ഥലത്തു തിരിച്ചു വയ്ക്കുകയും ചെയ്യുക അവരുടെ പതിവായിരുന്നു. ഒരു ദിവസം നിരവധി തവണ ഇങ്ങനെ ആവര്‍ത്തിക്കും. ദുഷ്ചിന്തകളെയും ദുരാഗ്രഹങ്ങളെയും നേരിടുന്നതിനു വേണ്ടിയായിരുന്നു എവുപ്രാസിയ ഇങ്ങനെ ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *