വേളാങ്കണ്ണി മാതാവിനോടുള്ള നൊവേന

ഏറ്റവും പരിശുദ്ധവും നിര്‍മ്മലവുമായ ദിവ്യ കന്യകെ! ഈശോയുടെ പരിശുദ്ധ മാതാവാകുവാന്‍ അനാദികാലം മുതല്‍ക്കെ, പരിശുദ്ധ ത്രീത്വത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളെ!, നമ്മുടെ ദിവ്യനാഥന്റെ മനുഷ്യാവതാരവേളയില്‍, അങ്ങ് അനുഭവിച്ച പരമാനന്ദത്തെ, ഭക്ത്യാ സ്മരിക്കുന്നവര്‍ക്ക്, അങ്ങ് പറഞ്ഞൊത്തിട്ടുള്ള പ്രത്യേക സംരക്ഷണം നല്‍കി പാപിയായ എന്നെ അനുഗ്രഹിക്കണമെ.

അങ്ങേ തിരുക്കുമാരന്റെ കാരുണ്യത്തില്‍ ആശ്രയിച്ച് “ചോദിക്കുവിന്‍ നിങ്ങള്‍ക്കു നല്‍കപ്പെടും” എന്ന വാഗ്ദാനത്തില്‍ ശരണപ്പെട്ട്, അങ്ങയുടെ വല്ലഭയായ മാദ്ധ്യസ്ഥത്തിലുള്ള വിശ്വാസത്താല്‍ നിറഞ്ഞ് അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദുഖിതരില്‍ അലിവേറും നാഥേ! ദൈവതിരുസന്നിധിയില്‍, എനിക്കു വേണ്ടി അങ്ങ് മാദ്ധ്യസ്ഥം വഹിക്കേണമേ. ഈ നവനാള്‍ പ്രാര്‍ത്ഥന വഴി, ഞാന്‍ യാചിക്കുന്ന അനുഗ്രഹങ്ങള്‍ – അവ ദൈവഹിതത്തിനു യോജ്യമാണെങ്കില്‍ – എനിക്ക് അങ്ങ് ലഭിച്ചു തരണമേ. ദൈവഹിതം മറിച്ചാണെങ്കില്‍, എനിക്കേറ്റവും ആവശ്യമായ നന്മകള്‍ നല്‍കി എന്നെ അനുഗ്രഹിച്ചാലും. 

(ഇവിടെ ലഭിക്കുവാനാഗ്രഹിക്കുന്ന പ്രത്യേകാവശ്യങ്ങള്‍ അപേക്ഷിക്കുക)

ഓ ദൈവമാതാവേ! ഗബ്രിയേല്‍ ദൈവദൂതന്‍, ആദ്യമായി “നന്മ നിറഞ്ഞവളേ” എന്ന് അങ്ങയെ അഭിവാദനം ചെയ്ത, ആ മഹിമ നിറഞ്ഞ, ആദരവണക്കങ്ങളോടു ചേര്‍ത്ത്, പാപിയായ എന്റെ വിനീതമായ അഭിവന്ദനങ്ങളേയും അങ്ങ് സ്വീകരിക്കണമേ.

നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. 

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍. (9 പ്രാവശ്യം ചൊല്ലുക)

അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥം വഴി, ഞാനിപ്പോള്‍ യാചിച്ച വരങ്ങളും അനുഗ്രഹങ്ങളും എനിക്ക് ലഭിച്ചു തരേണമെന്ന് വ്യാകുലരുടെ ആശ്വാസമായ മാതാവേ, അങ്ങയോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങേ മഹത്വത്തിനായി, ഞാന്‍ ചെയ്യുന്ന എല്ലാ നന്മപ്രവര്‍ത്തികളും, സഹിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ഈ അനുഗ്രഹലബ്ധിക്കായി, അങ്ങേയ്ക്ക് ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. അങ്ങെ ഹൃദയത്തെ, ദിവ്യസ്നേഹത്താല്‍ എന്നെന്നും എരിയിച്ച, സ്നേഹാര്‍ദ്രമായ ഈശോയുടെ തിരുഹൃദയസ്നേഹത്തെപ്രതി എന്റെ ഈ എളിയ യാചനകള്‍ കേള്‍ക്കണമെന്നും, എന്റെ അപേക്ഷകള്‍ സാധിച്ചു തരേണമെന്നും, അങ്ങയോടു ഞാന്‍ ഏറ്റം വിനീതമായി പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *