വി. വിര്‍ജിനിയ

ഡിസംബർ 15

ഇരുപതാം വയസില്‍ വിവാഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവിന്റെ വിയോഗം. പറക്കമുറ്റാത്ത രണ്ടു പെണ്‍മക്കളുമായി കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം. കുടുംബഭാരം മുഴുവന്‍ ചുമരിലേറ്റി ഒരു പരാതിയും കൂടാതെ അവള്‍ കഴിഞ്ഞു; വിര്‍ജിനിയ സെഞ്ചൂറിയോന്‍ ബാര്‍സെല്ലി എന്ന ഇറ്റാലിയന്‍ വിശുദ്ധ. ഒടുവില്‍ സര്‍വസവും ഉപേക്ഷിച്ച് പ്രേഷിതപ്രവര്‍ത്തനത്തിനായി ഇറങ്ങി ത്തിരിച്ച വിര്‍ജിനിയ പാവപ്പെട്ടവരുടെയും രോഗികളുടെയും ആശ്വാസകേന്ദ്രമായി മാറി. എല്ലുമുറിയെ പണിയെടുത്ത് കുടുംബത്തെ മുന്നോട്ടുകൊണ്ടു പോകുന്ന സ്ത്രീകള്‍ക്ക് വിര്‍ജിനിയ ഒരു മാതൃക മാത്രമല്ല, ആശ്വാസം കൂടിയാണ്. വിധവകളുടെയും ഭര്‍തൃപീഡനം ഏറ്റുവാങ്ങുന്നവരുടെയും മധ്യസ്ഥയായി ഇവര്‍ അറിയപ്പെടുന്നു. ഇറ്റലിയിലെ ജനോവയില്‍ സമ്പന്നമെന്നു പറയാവുന്ന കുടുംബത്തിലാണ് വിര്‍ജിനിയ ജനിച്ചത്. മാതാപിതാക്കള്‍ ഭക്തരും ദൈവഭയമുള്ളവരുമായിരുന്നു. ഇത് അവളുടെ വിശ്വാസജീവിതത്തെ സ്വാധീനിച്ചു. ചെറുപ്രായം മുതല്‍ പ്രാര്‍ഥന, ജീവിതത്തിന്റെ ഭാഗമാക്കി വിര്‍ജിനിയ മാറ്റി. കന്യകയായി ദൈവത്തിനു സമര്‍പ്പിച്ച് ജീവിക്കണമെന്നായിരുന്നു അവള്‍ മോഹിച്ചത്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിര്‍ജിനിയയ്ക്ക് വിവാഹിതയാകേണ്ടിവന്നു. ഗാസ്‌പെറോ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. മുഴുക്കുടിയന്‍. ചൂതുകളിച്ച് പണം കളയുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ മുഴുവന്‍. അമിതമദ്യപാനം മൂലം രോഗബാധിതനായി ദാമ്പത്യത്തിന്റെ അഞ്ചാം വര്‍ഷം ഗാസ്‌പെറോ മരിക്കുമ്പോള്‍ ഈ ദമ്പതികള്‍ക്കു രണ്ടു പെണ്‍മക്കളുണ്ടായിരുന്നു. ഭര്‍ത്താ വിന്റെ അമ്മയ്‌ക്കൊപ്പം തന്റെ മക്കളുമായി അവള്‍ കഴിഞ്ഞൂകൂടി. മക്കളെ ദൈവസ്‌നേഹത്തില്‍ വളര്‍ത്തി. അവരുടെ വിദ്യാഭ്യാസം നിര്‍വഹിച്ചു. ഒടുവില്‍ അവരെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതുവരെ വിര്‍ജിനിയ കുടുംബത്തിനൊപ്പം കഴിഞ്ഞു. ഇക്കാലത്തും സമയംപോലെ രോഗികളെ സന്ദര്‍ശിക്കുവാനും അവര്‍ക്കു സാമ്പത്തി കസഹായം ചെയ്യുവാനും അവള്‍ ശ്രമിച്ചിരുന്നു. മക്കളുടെ വിവാഹം കഴിഞ്ഞതോടെ, അനാഥരായ കുട്ടികളെയും വൃദ്ധരെയും സംരക്ഷിക്കുന്നതിനുവേണ്ടി പൂര്‍ണസമയവും മാറ്റിവച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയമായതിനാല്‍ ദിനംപ്രതി അനാഥരുടെ എണ്ണം പെരുകിവന്നു. അനാഥരായ അഭയാര്‍ഥികള്‍ക്കു താമസിക്കാന്‍ തന്റെ വീടു തന്നെ വിര്‍ജിനിയ നല്‍കി. അനാഥരുടെ എണ്ണം കൂടിവന്നപ്പോള്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരു വലിയ കെട്ടിടം വാടകയ്‌ക്കെടുത്തു. പിന്നീട് ഒരു വലിയ ആശുപത്രിയായി അതു മാറി. അറുപത്തിനാലാം വയസില്‍ വിര്‍ജിനിയ മരിക്കുമ്പോള്‍ രണ്ടു സന്യാസസമൂഹങ്ങളുടെയും നിരവധി അനാഥാലയങ്ങളുടെയും ആശുപത്രികളുടെ യുമൊക്കെ സ്ഥാപകയായും ചുമതലക്കാരിയായും വി. വിര്‍ജിനിയ മാറിക്കഴിഞ്ഞിരുന്നു. 2003 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ വിര്‍ജിനിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *