വി. സത്തൂര്‍ണിനസ്

നവംബർ 29

റോമിലെ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച സത്തൂര്‍ണിനസിന്റെ ആദ്യകാലത്തെക്കുറിച്ച് ഇന്ന് അറിവൊന്നുമില്ല. മാര്‍പ്പാപ്പയായിരുന്ന ഫേബിയന്‍ അദ്ദേഹത്തെ സുവിശേഷപ്രചാരണത്തിനായി ഗോളി ലേക്ക് അയച്ചതുമുതലുള്ള ചരിത്രം മാത്രമേ അറിവുള്ളൂ. അവിടെ നിരവധി പേരെ മാനസാന്തരപ്പെടുത്തി യേശുവില്‍ വിശ്വാസമുള്ള വരാക്കി തീര്‍ത്ത സത്തൂര്‍ണിനസിനു ടൂളൂസിലെ മെത്രാന്‍ സ്ഥാനം ലഭിച്ചു. ടുളൂസില്‍ അന്ന് വ്യാജമന്ത്രവാദികളുടെ സുവര്‍ണകാലമായിരുന്നു. ദേവന്മാരെ ആരാധിച്ച് മന്ത്രവാദത്തിലൂടെ പ്രവചനങ്ങള്‍ നടത്തി സാധുക്കളുടെ പണം തട്ടുകയായിരുന്നു അവരുടെ മുഖ്യതൊഴില്‍. സത്തൂര്‍ണിനസ് മെത്രാനായി അവിടെ എത്തിയപ്പോള്‍ കപടദൈവങ്ങളുടെ കള്ളത്തരങ്ങള്‍ പൊളിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മന്ത്രവാദികള്‍ പ്രവചനം നടത്തിക്കൊ ണ്ടിരുന്ന ക്ഷേത്രത്തിലേക്ക് അദ്ദേഹം പോയി. സത്തൂര്‍ണിനസ് അവിടെയെത്തിയതോടെ അവരുടെ ദേവന്മാര്‍ പ്രവചനങ്ങള്‍ നിര്‍ത്തി. കുപിതരായ മന്ത്രവാദികള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടിയിട്ടു. തങ്ങളുടെ ദേവനെ ആരാധിക്കുവാന്‍ അദ്ദേഹത്തോട് അവര്‍ ആവശ്യപ്പെട്ടു. മരണം ഉറപ്പായിട്ടും അദ്ദേഹം അതിനു തയാറായില്ല. ‘നിങ്ങളുടെ ദേവന്മാര്‍ പിശാചുക്കളാണ്. ഞാന്‍ ആരാധിക്കുന്നത് സത്യമായ ദൈവത്തെയാണ്.”- ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്ഷുഭിതരായ മന്ത്രവാദികളും അവരുടെ അനുയായികളും ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു. ഒരു പോരുകാളയുടെ കാലില്‍ അദ്ദേഹത്തെ കെട്ടിയിട്ട ശേഷം കാളയെ അടിച്ചോടിച്ചു. നിലത്ത് തലയിടിച്ച് വി. സത്തൂര്‍ണിനസ് മരിച്ചു. രണ്ടു ക്രിസ്തീയ യുവതികള്‍ അദ്ദേഹത്തിന്റെ മൃതദേഹം എടുത്ത് ഒരു കിടങ്ങില്‍ കൊണ്ടുപോയി സംസ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *