സകല വിശുദ്ധരുടേയും തിരുനാള്‍

നവംബർ 1

തിരുസഭയില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിക്കുന്ന ദിവസമാണ് നവംബര്‍ ഒന്ന്. വ്യത്യസ്തമായ ജീവിതം നയിച്ച അവരെ അനുകരിക്കാന്‍ ഈ തിരുനാള്‍ നമ്മോട് ആവശ്യപ്പെടുന്നു. വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി പേര് ചേര്‍ത്തിട്ടുള്ളവരെ പ്രത്യേക ദിവസങ്ങളില്‍ (മരണദിവസം അല്ലെങ്കില്‍ ജനനദിവസം) നാം അനുസ്മരിക്കുകയും ആ ദിവസം അവരുടെ തിരുനാളായി ആചരിക്കുകയും ചെയ്യുന്നുണ്ടല്ലോ. എന്നാല്‍, നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരായ കോടാനുകോടി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലുണ്ട് എന്ന് നാം വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള സര്‍വ്വ സ്വര്‍ഗ്ഗവാസികളുടേയും തിരുനാളാണ് നവംബര് 1-ന് ആചരിക്കുക.

അഷ്ടസൗഭാഗ്യങ്ങള്‍ക്കനുസൃതം ജീവിതത്തെ ക്രമീകരിച്ചവരെയല്ലാം ഓര്‍ക്കാനും അവരോട് പ്രാര്‍ത്ഥിക്കാനും അവരെയോര്‍ത്ത് ദൈവത്തിന് നന്ദി പറയുവാനും ഉള്ള ഒരു ദിവസം. ഈ ലോകത്തില്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിക്കുന്നവരെല്ലാം മരണശേഷം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നു എന്ന അടിസ്ഥാനവിശ്വാസത്തിലാണ് പുണ്യചരിതരായി ജീവിച്ചവരെല്ലാവരോടും മാദ്ധ്യസ്ഥ്യം യാചിക്കുവാന്‍ തുടങ്ങിയത്. കത്തോലിക്കാ സഭ സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നത് സുകൃതസമ്പന്നമായി ജീവിതം നയിച്ച് കടന്നുപോയ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും വിശുദ്ധരാണെന്നും അവര്‍ ദൈവസന്നിധിയില്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നുമുള്ള സത്യം വെളിപ്പെടുത്താനാണ്.

Leave a Reply

Your email address will not be published. Required fields are marked *