വി. ഫ്രൂമെന്‍സിയസ്

ഒക്ടോബർ 27


എത്യോപ്യയുടെ അപ്പസ്‌തോലനായി അറിയപ്പെടുന്ന വി. ഫ്രൂമെന്‍സിയസ് ടയറിലെ ഒരു രത്‌നവ്യാപാരിയുടെ മകനായാണ് ജനിച്ചത്. സഹോദരനായ എദേസിയൂസും ഫ്രൂമെന്‍സിയസും കൂടെ ഒരിക്കല്‍ പിതൃസഹോദരനൊപ്പം വ്യാപാര ആവശ്യത്തിനായി എത്യോപ്യ യിലേക്ക് കപ്പലില്‍ യാത്ര ചെയ്തു. അവരുടെ കപ്പല്‍ ഒരു തുറമുഖ ത്തിനു സമീപത്തുവച്ച് കൊടുങ്കാറ്റില്‍ തകര്‍ന്നു. എദേസിയൂസും ഫ്രൂമെന്‍സിയസും ഒഴിച്ച് ബാക്കിയെല്ലാവരും മരണമടഞ്ഞു. അനാഥരായ ഈ രണ്ടു ബാലന്‍മാരെ ചില കാട്ടുവര്‍ഗക്കാര്‍ ചേര്‍ന്ന് അക്‌സമിലെ രാജാവിന്റെ പക്കല്‍ എത്തിച്ചു. രാജാവിന് രണ്ടു കൂട്ടികളോടും കരുണ തോന്നി. എദേസിയൂസിനെ തന്റെ വീട്ടില്‍ സഹായിയായും ഫ്രൂമെന്‍സിയസിനെ തന്റെ രാജ്യസഭയിലെ സെക്രട്ടറിയായും നിയമിച്ചു. രണ്ടുപേരും യേശുവില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. പ്രാകൃത മതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു ആ രാജ്യത്തിലുള്ള സകലരും. രാജാവ് മരിച്ചതോടെ രാജ്യഭരണം രാജ്ഞി ഏറ്റെടുത്തു. അവരെ സഹായിക്കുവാന്‍ ഫ്രൂമെന്‍സിയസ് സദാ തയാറായിരുന്നു. സഹോദരങ്ങളുടെ വിശ്വാസ തീഷ്ണത തിരിച്ചറിഞ്ഞ രാജ്ഞി ആ രാജ്യത്ത് ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഫ്രൂമെന്‍സിയസിനെ അനുവദിച്ചു. ഫ്രൂമെന്‍സിയസ് അലക്‌സാണ്ട്രിയയില്‍ പോയി ബിഷപ്പ് അത്തനേഷ്യസിനെ കണ്ടു. എത്യോപ്യയില്‍ സഭയെ നയിക്കുന്നതിനു വേണ്ട അധികാരം അദ്ദേഹം ഫ്രൂമെന്‍സിയസിനു നല്‍കി. ഒരു ബിഷപ്പായി അദ്ദേഹത്തെ വാഴിച്ചു. തിരിച്ചെത്തിയ ഫ്രൂമെന്‍സിയസ് ആ രാജ്യം മുഴുവനുമുള്ള ജനങ്ങളെ യേശുവിലേക്ക് ആനയിച്ചു. എത്യോപ്യ യില്‍ യേശുവിന്റെ നാമം എത്തിയത് ഫ്രൂമെന്‍സിയസ് വഴിയായിരുന്നു. ആ രാജ്യം മുഴുവനും ഇന്നും ഫ്രൂമെന്‍സിയസിനെ തങ്ങളുടെ അപ്പസ്‌തോലനായി കണ്ട് ആരാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *