വി. മേരി ശലോമി

ഒക്ടോബർ 22

സെബദിയുടെ ഭാര്യയായ മേരി ശലോമിയെപ്പറ്റി പുതിയ നിയമത്തില്‍ പരാമര്‍ശമുണ്ട്. സെബദീപുത്രന്‍മാര്‍ എന്നറിയപ്പെടുന്ന ശ്ലീഹന്‍മാരായ യോഹന്നാന്റെയും യാക്കോബിന്റെയും അമ്മയാണ് വി. മേരി ശലോമി. പരിശുദ്ധ കന്യാമറിയത്തിന്റെ ബന്ധുവാണ് ശലോമി എന്നും വിശ്വസിക്കപ്പെടുന്നു. യേശുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും ശലോമി സാക്ഷിയായിരുന്നുവെന്ന് ബൈബിള്‍ സൂചന തരുന്നുണ്ട്. യേശുവിന്റെ മരണം വിവരിച്ച ശേഷം മത്തായി ഇങ്ങനെ എഴുതുന്നു. ”ഗലീലിയാ മുതല്‍ യേശുവിനെ പിന്തുടര്‍ന്നു ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഒട്ടേറെ സ്ത്രീകള്‍ ഇവയെല്ലാം നോക്കികൊണ്ട് അകലെ മാറി നിന്നിരുന്നു. അവരില്‍ മഗ്ദലന മറിയവും യാക്കോബിന്റെയും യൗസേപ്പിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.” യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോഴും മഗ്ദലന മറിയം അവിടെ ഉണ്ടായിരുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇതു വിവരിക്കുന്നുണ്ട്. ”ശാബത്തുകഴിഞ്ഞപ്പോള്‍ മഗ്ദലന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും ശലോമിയും അവിടുത്തെ മൃതശരീരം പൂശുന്നതിനു സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. ആഴ്ചയുടെ ഒന്നാം ദിവസം സൂര്യനുദിച്ചപ്പോള്‍ തന്നെ അവര്‍ ശവകുടീരത്തിലേക്ക് പോയി. ‘ആരാണ് നമുക്കു വേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍ നിന്ന് കല്ലുരുട്ടി മാറ്റിത്തരിക?’ എന്നവര്‍ പരസ്പരം പറഞ്ഞു. എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ടു; അതാകട്ടെ വളരെ വലുതായിരുന്നു.” (മര്‍ക്കോസ് 16:1-4) മത്തായി, മര്‍ക്കോസ് സുവിശേഷകര്‍ ശലോമി യേശുവിനോട് തന്റെ മക്കളെ സ്വര്‍ഗരാജ്യത്തില്‍ ഉന്നതസ്ഥാനത്ത് ഇരുത്തണമെന്ന് അഭ്യര്‍ഥിക്കുന്ന സംഭവവും വിവരിക്കുന്നു. ”അങ്ങയുടെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ അങ്ങയുടെ വലതുഭാഗത്തും മറ്റവന്‍ ഇടതുഭാഗത്തും ഇരിക്കുന്നതിന് അങ്ങ് കല്‍പിച്ചാലും.” എന്നാണ് ശലോമി യേശുവിനെ സാഷ്ടാംഗം പ്രണമിച്ചശേഷം അപേക്ഷിക്കുന്നത്. എന്നാല്‍ യേശുവിന്റെ മറുപടി ഇങ്ങനെ യായിരുന്നു: ”എന്റെ വലത്തും ഇടത്തും ഇരിക്കാനുള്ള വരം കൊടുക്കുക എന്റെ അധികാരത്തില്‍ പ്പെട്ടതല്ല. അത് എന്റെ പിതാവ് ആര്‍ക്കായി ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. യേശുവിന്റെ മരണശേഷം ശലോമി ഇറ്റലിയിലേക്ക് പോയെന്നും അവിടെ ലോകരക്ഷകനായ യേശുവിന്റെ സദ്‌വാര്‍ത്ത ജനത്തെ അറിയിച്ചും സുവിശേഷം പ്രസംഗിച്ചും മരണം വരെ കഴിഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *