വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നൊവേന

പ്രാരംഭഗാനം
രക്തസാക്ഷിയാം ഗീവർഗീസ് താതാ
ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ
സ്വർഗ്ഗലോകത്തിലെത്തുവാനെന്നും മാർഗം
ഞങ്ങൾക്ക് കാട്ടണെ
മാനസങ്ങളിൽ ദൈവസ്‌നേഹമാ –
മഗ്നിയുജ്ജ്വലിക്കുവാൻ
ഈശോ നൽകിയ സത്യമാർഗത്തിൽ
കരുത്തോടെ  നിൽക്കുവാൻ ( രക്തസാക്ഷിയാം …)

കാർമ്മികൻ: ബലഹീനരും പാപികളുമായ ഞങ്ങൾക്ക് സംരക്ഷകനും മധ്യസ്ഥനുമായി അങ്ങയുടെ വിശ്വസ്ത ദാസനായ വി. ഗീവർഗീസിനെ ഞങ്ങൾക്കു നൽകിയ ദൈവമേ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ആത്മീയവും ശാരീരികവുമായ അനുഗ്രഹങ്ങൾ വിശുദ്ധന്റെ മധ്യസ്ഥം വഴി ഞങ്ങൾക്കു നൽകണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.

സമൂ: ആമേൻ.

കാറോസൂസ
ശുശ്രു : നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രത്യാശയോടും കൂടെ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്നപേക്ഷിക്കാം .

സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ശുശ്രു: വി. ഗീവർഗീസീനെ അനുകരിച്ചു ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് എല്ലാ പ്രശ്നങ്ങളെയും ധൈര്യപൂർവം നേരിടാൻ ആത്മശക്തി നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ശുശ്രു: തിരുസഭയുടെ മേലധ്യക്ഷന്മാരെ സംരക്ഷിക്കുകയും അവർക്കു ഭാരമേല്പിക്കപ്പെട്ടിരിക്കുന്നവരെ വിശ്വാസത്തിൽ ഉറച്ചവരും തീക്ഷ്ണത ഉള്ളവരുമാക്കിതീർക്കുവാൻ അവരെ സഹായിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ശുശ്രു: രോഗികൾക്കു സൗഖ്യവും മാനസികവും ശാരീരികവുമായി വേദനിക്കുന്നവർക്കു ആശ്വാസവും നല്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ശുശ്രു: ഞങ്ങളുടെ കുടുംബാംഗങ്ങളെ എല്ലാ തിന്മകളിൽ നിന്നും രക്ഷിക്കണമെന്നും കുടുംബാംങ്ങളിൽ സമാധാനം നിലനിർത്തണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ശുശ്രു: വി. ഗീവർഗീസിന്റെ മാതൃക സവീകരിച്ച് ഞങ്ങളുടെ സഹോദരരിൽ ക്രിസ്‌തുവിനെ ദർശിക്കുവാനും അവരുടെ ആവശ്യങ്ങളിൽ സഹായിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ,ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ശുശ്രു: വി. ഗീവർഗീസ് സഹദായുടെ മാദ്ധ്യസ്‌ഥം യാചിച്ചുകൊണ്ടു ഇവിടെ സന്നിഹിതരായിരിക്കുന്ന ഓരോരുത്തരുടെയും പ്രത്യേക നിയോഗങ്ങൾ സാധിച്ചു തരണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ,ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ധൂപാർപ്പണ ഗാനം
മിശിഹാ കർത്താവേ
നരകുല പാലകനേ
ഞങ്ങളണച്ചീടുമീ
പ്രാർത്ഥന തിരുമുമ്പിൽ
പരിമളമിയലും ധൂപം പോൽ
കൈക്കൊണ്ടരുളേണം

കാർമ്മി : ആത്മീയവും ശാരീരികവുമായ വരങ്ങളാൽ വിശുദ്ധരെ അലങ്കരിക്കുന്നവനായ ദൈവമേ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കേണമേ. പരിശുദ്ധ കന്യാമറിയത്തിന്റെ അപേക്ഷയും മാർ യൗസേപ്പിന്റെയും വി. ശ്ലീഹാന്മാരുടെയും പ്രാർത്ഥനകളും, ഞങ്ങളുടെ പിതാവായ മാർ തോമാശ്ലീഹായുടെയും, വേദസാക്ഷികളുടെയും സകല വിശുദ്ധരുടെയും മധ്യസ്ഥതയും ഞങ്ങളെ സഹായികുമാറാകട്ടെ. പ്രത്യേകമായി ഇന്ന് ഞങ്ങൾ അനുസ്‌മരിക്കുന്ന വി. ഗീവർഗീസിന്റെ സുകൃതങ്ങളും പ്രാർത്ഥനകളും ഞങ്ങൾക്ക് അഭയവും പൈശാചിക ഉപദ്രവത്തിൽ നിന്ന് സംരക്ഷണവും നൽകി നിത്യഭാഗ്യത്തിലേക്കു ഞങ്ങളെ നയിക്കുമാറാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ : ആമേൻ .

ഗാനം
(സമയമാം രഥത്തിൽ …… എന്ന രീതിയിൽ .)
സ്‌നേഹത്താത്ത നിന്റെ ദാസർ
സന്നിധിയിൽ നിൽക്കുന്നു
സ്‌നേഹമോലും കൺകളാൽ നീ
ഞങ്ങളെ നോക്കേണമേ.
ആർത്തരാമീ മക്കളെ നീ
ശക്തരാക്കീടണമെ

ഭക്തി നേടാൻ മുക്തി നേടാൻ
സിദധി ഞങ്ങൾക്ക് ഏകണമേ
സ്നേഹതാത നിന്റെ ……

മദ്ധ്യസ്‌ഥ പ്രാർത്ഥന
ഞങ്ങളുടെ മദ്ധ്യസ്‌ഥനായ വി.ഗീവർഗീസേ, അങ്ങേ  മക്കളായ ഞങ്ങൾ എളിമയോടും പ്രത്യാശയോടും കൂടെ അങേ സന്നിധിയിൽ അഭയം തേടുന്നു. സ്‌നേഹപിതാവായ ദൈവം അങ്ങേക്ക് നൽകിയിരിക്കുന്ന സ്വർഗീയ വരങ്ങളോർത്തു ഞങ്ങൾ സന്തോഷിക്കുന്നു. ഞങ്ങൾ അങ്ങയെ സ്‌തുതിക്കുന്നു. അങ്ങയുടെ മാദ്ധ്യസ്‌ഥ ശക്തിയിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്‌ഥനായി അങ്ങയെ സ്വീകരിക്കുന്നു. വിശ്വാസത്തിലും പ്രതീക്ഷയിലും ഞങ്ങളെ വളർത്തേണമേ. പരസ്‌നേഹ ചൈതന്യത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ. സേവനത്തിന്റെ പാതയിലൂടെ ഞങ്ങളെ നയിക്കേണമേ. അസൂയയും വിദ്വേഷവും നീക്കി സ്‌നേഹവും ഐക്യവും ഞങ്ങളിൽ ജനിപ്പിക്കണമേ. ഞങ്ങളുടെ മദ്ധ്യസ്‌ഥനായ വി. ഗീവർഗീസേ, ആപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. അനുദിന ജീവിതത്തിലെ ക്ലേശങ്ങൾ സന്തോഷത്തോടെ സഹിക്കുവാൻ ഞങ്ങളെ പ്രാപ്തരാകണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ഈ അപേക്ഷകളൊക്കെയും അങ്ങയുടെ ശക്തമായ മദ്ധ്യസ്‌ഥതയിൽ ആശ്രയിച്ചുകൊണ്ട് പിതാവായ ദൈവത്തിന് ഞങ്ങൾ സമർപ്പിക്കുന്നു.

രോഗികൾക്ക് വേണ്ടിയുളള പ്രാർത്ഥന
രോഗികളെ സുഖപ്പെടുത്തുന്നവനും ദുഖിതരെ ആശ്വസിപ്പിക്കുന്നവനുമായ കർത്താവേ, അങ്ങയിൽ അഭയം തേടുന്ന അങ്ങയുടെ മക്കളെ കരുണാപൂർവം കടാക്ഷിക്കണമേ. അങ്ങു അന്ധർക്കു കാഴ്ച നൽകുകയും രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തുവല്ലോ. മാനസികവും ശാരീരികവുമായ രോഗങ്ങൾ മൂലം ക്ലേശിക്കുന്നവരെ അങ്ങു സുഖപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യണമേ. അവർക്കു ആരോഗ്യവും ആയുസ്സും നൽകണമേ. വേദനകൾ സന്തോഷപൂർവം സഹിക്കുവാൻ അവർക്കു ശക്തി നൽകണമേ. ഞങ്ങളുടെ ഈ എളിയ അപേക്ഷകൾ അങ്ങു ദയാപൂർവം സ്വീകരിക്കേണമേ.

സമാപന പ്രാർത്ഥന
അത്ഭുതകരമായ വരങ്ങളാൽ വിശുദ്ധരെ അലങ്കരിക്കുവാൻ തിരുമനസായ ദൈവമേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന വി. ഗീവർഗീസിന്റെ സുകൃതങ്ങൾ പരിഗണിച്ചുകൊണ്ട് ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ തിരുമനസിനു യോജിച്ച വിധത്തിൽ ഞങ്ങളുടെ ഉദ്ധിഷ്ടകാര്യങ്ങൾ സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ. ഈ നൊവേന നടത്തുന്നവരെയും ഇതിൽ സംബന്ധിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ആശീർവദിക്കണമേ. പിതാവും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. എന്നേക്കും .

സമൂ: ആമേൻ .

സമാപന ഗാനം
(നിത്യജീവന്റെ അപ്പം …. എന്ന രീതി.)
മർത്യർക്കു രക്ഷക്ക് വേണ്ടി
ക്രൂശതിൽ യാഗമായിത്തീർന്ന
ദൈവസൂനുവിൻ മാർഗം
നിത്യം പിന്തുടർന്നോനെ
നിന്നെ വാഴ്ത്തുന്നു ഞങ്ങൾ
ഇഹലോക ഭാഗ്യങ്ങളെല്ലാം
യേശുവിനായി വെടിഞ്ഞവനെ
മംഗളഗീതങ്ങൾ പാടി
നിന്നെ വാഴ്ത്തുന്നു ഞങ്ങൾ (മർത്യർക്കു…..)

Leave a Reply

Your email address will not be published. Required fields are marked *