കുടുംബപ്രതിഷ്ഠ ജപം

നമ്മുടെ കുടുംബങ്ങളെ ഈ കുടുംബപ്രതിഷ്ഠ ജപം വഴിയായി ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാം

ക്രിസ്തീയ കുടുംബങ്ങളിൽ വാഴുവാനുളള ആഗ്രഹം മാർഗരീത്ത മറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുളള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങൾ ഇപ്പോൾ തുടങ്ങി അങ്ങേക്ക് ഇഷ്ടമുളള ജീവിതം നയിക്കാൻ ഞങ്ങൾ മനസ്സാകുന്നു. ഈ ലോകജീവിതത്തിൽ, ഏതെല്ലാം സുകൃതങ്ങൾ അഭ്യസിച്ചത് സമാധാനം തരുമെന്ന് അങ്ങ് വാഗ്‌ദാനം ചെയ്തിരിക്കുന്നുവോ, ആ സുകൃതങ്ങൾ ഈ കുടുംബത്തിൽ സമൃദ്ധമായി വളരുന്നതിന് ഞങ്ങൾ യത്നിക്കുന്നതാണ്.

അങ്ങ് ശപിച്ചിരിക്കുന്ന ലോകാരൂപിയെ ഞങ്ങളിൽനിന്നു ദൂരത്തിൽ അകറ്റുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വിശ്വാസത്തിന്റെ ആത്മാർത്ഥത വഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും, അങ്ങയുടെ ഉജ്ജ്വലമായ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയത്തിലും വാഴണമേ. ഈ സ്നേഹാഗ്നി കൂടെകൂടെയുളള ദിവ്യകാരുണ്യ സ്വീകരണത്തിൽ അധികമധികം ഉജ്ജ്വലിക്കുന്നതിനു ഞങ്ങൾ പരിശ്രമിക്കും.

ഓ, ദിവ്യഹൃദയമേ, ഞങ്ങളുടെ സമ്മേളനങ്ങളിൽ അധ്യക്ഷപീഠമലങ്കരിക്കുവാൻ അങ്ങ് മനസാകണമേ. ഞങ്ങളുടെ ആത്മീയവും, ലൗകികവുമായ സംരംഭങ്ങളെ അങ്ങു ആശീർവദിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠകളെയും ആകുലചിന്തകളെയും ഞങ്ങളിൽനിന്നു അകറ്റണമേ. ഞങ്ങളുടെ സന്തോഷങ്ങൾ സംശുദ്ധമാക്കണമേ. ഞങ്ങളുടെ ക്ലേശങ്ങളെ ലഘൂകരിക്കേണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയുടെ അനിഷ്ടത്തിൽ വീഴാനിടയായാൽ ഓ, ദിവ്യഹൃദയമേ, അങ്ങ്  മനസ്തപിക്കുന്ന പാപിയോടു എപ്പോഴും നന്മയും കരുണയും കാണിക്കുന്നവനാണെന്നു അയാളെ ഓര്മിപ്പിക്കണമേ.

ജീവിതാന്ത്യത്തിൽ അന്ത്യവേർപാടിന്റെ മണിനാദം മുഴങ്ങുകയും മരണം ഞങ്ങളെ സന്താപത്തിൽ ആഴ്ത്തുകയും  ചെയ്യുമ്പോൾ അങ്ങയുടെ അലംഘനീയമായ ആ കല്പന സ്വമേധയാ അനുസരിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. മരിച്ചവരും ജീവിച്ചിക്കുന്നവരുമായ ഈ കുടുംബങ്ങളെല്ലാവരും മോക്ഷത്തിൽ ഒന്നുചേർന്ന് അങ്ങയുടെ മഹത്വത്തെയും കാരുണ്യത്തെയും പാടി സ്തുതിക്കുന്ന ഒരു ദിവസം ആഗതമാകുമെന്നുളള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.

മറിയത്തിന്റെ വിമലഹൃദയവും, മഹത്വമേറിയ പിതാവായ വിശുദ്ധ യൗസേപ്പും ഈ പ്രതിഷ്ഠയെ അങ്ങേക്ക് കാഴ്ച വക്കുകയും ഇതിന്റെ ഓർമ്മ  ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ബോധത്തിൽ ആവിർഭവിക്കുകയും ചെയ്യട്ടെ. നമ്മുടെ രാജാവ്, രക്ഷകനായ ഈശോയുടെ ദിവ്യഹൃദയത്തിനു എല്ലാ മഹത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ. ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ, ഞങ്ങളുടെ മേൽ കൃപ ഉണ്ടാകണമേ. മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ. വിശുദ്ധ ഔസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ. വിശുദ്ധ മാർഗരീത്ത മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.

(മാസാദ്യ വെള്ളിയാഴ്ചകളിൽ തിരുഹൃദയത്തിനു മുമ്പാകെ ചൊല്ലേണ്ടത് )

Leave a Reply

Your email address will not be published. Required fields are marked *