പ്രകാശത്തിന്റെ ദൈവരഹസ്യങ്ങൾ

പരിശുദ്ധ ജപമാലയിലെ പ്രകാശത്തിന്റെ ദൈവരഹസ്യങ്ങൾ

ഒന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ  യോർദ്ദാൻ നദിയിൽ വച്ച് സ്നാപകയോഹന്നാനിൽ നിന്നു മാമ്മോദീസാ സ്വീകരിച്ച് സകല നീതിയും പൂർത്തിയാക്കിയതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങൾ മാമ്മോദീസായിൽ ലഭിച്ച ദൈവികജീവനും പ്രസാദവരവും കാത്തു സൂക്ഷിക്കുന്നതിനും പുണ്യപ്രവൃത്തികളിലൂടെ അവയെ പുഷ്ടിപ്പെടുത്തി ഉത്തമ ക്രിസ്ത്യാനികളായി മാതൃകാ ജീവിതം നയിക്കുന്നതിനും കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ കാനായിലെ കല്യാണവിരുന്നിൽ അങ്ങയുടെ അപേക്ഷപ്രകാരം വെള്ളം വീഞ്ഞാക്കി ആ കുടുംബത്തിന്റെ അത്യാവശ്യത്തിൽ അത്ഭുതകരമായ സഹായം നല്കിയല്ലോ. ഈ അത്ഭുതത്തെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങളുടെ മാനുഷികജീവിതത്തെ ദൈവീകചൈതന്യകൊണ്ട് സ്വർഗ്ഗീയമാക്കിത്തീർക്കുവാനുള്ള ദൈവാനുഗ്രഹം പ്രാപിക്കുവാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹാ മനുഷ്യമക്കളെ മാനസാന്തരത്തിനായി ക്ഷണിക്കുകയും, സുവിശേഷഭാഗ്യങ്ങളും ഉപമകളും അരുളിചെയ്തുകൊണ്ട് ദൈവാരാജ്യത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തുവല്ലോ. ഈ രക്ഷാകരപ്രവൃത്തികളെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങൾ പാപമോചനം എന്ന കൂദാശയിലൂടെ ഹൃദയപരിവർത്തനം പ്രാപിക്കുവാനും ദൈവരാജ്യത്തിന്റെ സുവിശേഷം മാതൃകാപരമായ ക്രിസ്തീയ ജീവിതത്തിലൂടെ പ്രഘോഷിക്കുവാനും കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ താബോർ മലയിൽവച്ചു രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവീകമഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവല്ലോ. ഈ ദിവ്യരഹസ്യത്തിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ദൈവവിചാരവും പുണ്യപ്രവൃത്തികളും വഴി ജീവിതത്തെ വിശുദ്ധികരിക്കുവാനും സ്വർഗ്ഗത്തിലെത്തി ദൈവമഹത്വം കണ്ട് നിത്യമായി ആനന്ദിക്കുവാനും കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരൻ അന്ത്യ അത്താഴവേളയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് തന്‍റെ ശരീരരക്തങ്ങൾ ഞങ്ങൾക്ക് ആദ്ധ്യാത്മിക ഭക്ഷണമായി നല്കിയല്ലോ. അത്ഭുതകരമായ ഈ അനന്ത സ്നേഹത്തെകുറിച്ചു ധ്യാനിക്കുന്ന ഞങ്ങൾ വിശുദ്ധ ബലിയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും ദൈവീകരായി രൂപാന്തരം പ്രാപിക്കുവാൻ കൃപ ചെയ്യണമേ.
1 സ്വർഗ്ഗ.  10 നന്മ. 1 ത്രിത്വ.

Leave a Reply

Your email address will not be published. Required fields are marked *