പരീക്ഷക്ക് മുൻപ് ചൊല്ലാവുന്ന പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, അങ്ങയുടെ പ്രത്യേക അനുഗ്രഹം സ്വീകരിക്കുവാനായി അവിടുത്തെ സന്നിധിയില്‍ അണഞ്ഞിരിക്കുന്ന എന്നെ നീ കരുണാപൂര്‍വം അനുഗ്രഹിക്കണമേ. പരീക്ഷ എഴുതുവാനായി പോകുന്ന എന്നേയും എന്റെ എല്ലാ കഴിവുകളേയും അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ വലതുകരം നീട്ടി എന്നെ അനുഗ്രഹിച്ചാലും.

വിശുദ്ധ ഗ്രന്ഥവും പ്രവചനങ്ങളും ഗ്രഹിക്കുവാന്‍ പരിശുദ്ധാത്മാവിനെ അയച്ച് ശ്ലീഹന്മാരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്ത കര്‍ത്താവേ, എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. പഠിച്ച കാര്യങ്ങള്‍ വേണ്ടവിധം ഓര്‍ക്കുവാനും ചോദ്യങ്ങള്‍ യഥോചിതം മനസ്സിലാക്കി, കൃത്യമായി ഉത്തരം എഴുതുവാനും ആവശ്യമായ കൃപാവരം അങ്ങെനിക്കു നല്‍കണമേ. അങ്ങയുടെ പ്രത്യേക സംരക്ഷണവും പരിപാലനയും ഈ പരീക്ഷയിലുടനീളം എനിക്കു ലഭിക്കുമാറാകട്ടെ. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങേ മഹത്ത്വപ്പെടുത്തിക്കൊണ്ടു ജീവിക്കുവാന്‍, എന്നെ അങ്ങുന്നു സഹായിക്കുകയും ചെയ്യണമേ.

ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ ഔസേപ്പിതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ . എന്നെ കാക്കുന്ന കര്‍ത്താവിന്റെ മാലാഖയെ, എനിക്കു കൂട്ടായിരിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ . ആമ്മേന്‍

Leave a Reply

Your email address will not be published. Required fields are marked *