ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന

അനുദിനം ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അങ്ങുന്ന് എന്നെ ഭാരമേല്പിച്ചിരിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയെ പ്രതി (അവരവരുടെ ജോലിയെകുറിച്ച് ഓര്‍ക്കുക) ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. മനുഷ്യ സേവനത്തിനായി അങ്ങ് എനിക്ക് നല്‍കിയിരിക്കുന്ന അവസരമായി ഈ ശുശ്രൂഷയെ കാണുവാനും അതില്‍ അഭിമാനം കൊള്ളുവാനും എന്നെ അങ്ങുന്ന് അനുഗ്രഹിക്കണമേ. എന്റെ എല്ലാ കഴിവുകളേയും സാഹചര്യങ്ങളെയും അങ്ങയുടെ പ്രത്യേക സംരക്ഷണക്കും പരിപാലനക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.

എന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് എന്‍റെ പക്കല്‍ അണയുന്ന എല്ലാവരോടും സ്നേഹത്തോടും സൗമ്യതയോടും കൂടി പെരുമാറുവാന്‍ അങ്ങ് എന്നെ അനുഗ്രഹിക്കണമേ. നീതിബോധത്തോടും സത്യസന്ധതയോടും കൂടെ സേവനമനുഷ്ഠിക്കാനും നിരുത്തരവാദിത്വപരമായ പെരുമാറ്റം വഴി ആരേയും വേദനിപ്പിക്കാതിരിക്കുവാനും അങ്ങുന്ന് എന്നെ ശക്തനാക്കണമേ (ശക്തയാക്കണമേ). എന്റെ ചിന്തകളോ വാക്കുകളോ പ്രവര്‍ത്തികളോ വഴി അങ്ങയുടെ മുമ്പില്‍ കുറ്റക്കാരനായിത്തീരാന്‍ (കുറ്റക്കാരിയായിത്തീരാന്‍) അങ്ങുന്ന് എന്നെ അനുവദിക്കരുതേ.

എല്ലായ്പ്പോഴും അങ്ങേക്ക് പ്രീതികരമായവിധം ശുശ്രൂഷചെയ്തുകൊണ്ട് അവിടുത്തെ മഹത്ത്വപ്പെടുത്തുവാനും അവസാനം ഞങ്ങളെല്ലാവരുമൊരുമിച്ച് അങ്ങയുടെ മഹത്വത്തില്‍ പങ്കുകാരാകുവാനും ഞങ്ങളെ അങ്ങുന്ന് അനുഗ്രഹിക്കണമേ.

നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ . ആമ്മേന്‍

Leave a Reply

Your email address will not be published. Required fields are marked *