വി. ബ്രൂണോ

ഒക്ടോബർ 6

കര്‍ത്തൂസിയന്‍ സഭയുടെ സ്ഥാപകനാണ് വിശുദ്ധനായ ബ്രൂണോ. പണ്ഡിതനും ദൈവഭക്തനുമായിരുന്നു അദ്ദേഹം. ജര്‍മനിയിലെ കൊളോണില്‍ ജനിച്ച ബ്രൂണോ ഫ്രാന്‍സിലെ റീംസിലും പാരീസി ലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒരു പുരോഹിതനാ കുക എന്ന മോഹം അദ്ദേഹത്തിനു ചെറുപ്പം മുതല്‍ത്തന്നെ ഉണ്ടായിരുന്നു. കൈയെഴുത്തുപ്രതികള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. ബാക്കി സമയം മുഴുവന്‍ ധ്യാനവും പ്രാര്‍ഥനയും. ആഴ്ചയില്‍ നിശ്ചിത ദിവസം ഉപവാസവും അനുഷ്ഠിച്ചു. ഇരുപത്തിയഞ്ചാം വയസില്‍ ബ്രൂണോ പുരോഹിതനായി. ദൈവശാസ്ത്രത്തില്‍ ബ്രൂണോയ്ക്കുള്ള പാണ്ഡിത്യം കണക്കിലെടുത്ത് അദ്ദേഹത്തെ വൈദിക വിദ്യാര്‍ഥികളുടെ അധ്യാപകനായി നിയമിച്ചു. പിന്നീട് മാര്‍പാപ്പ വരെയായ ഉര്‍ബന്‍ രണ്ടാമന്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. റീംസ് കത്തീഡ്രലിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളുടെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അക്കാലത്ത് ഒരു ദിവസം ബ്രൂണോ യ്ക്ക് സ്വപ്നത്തില്‍ ഒരു ദര്‍ശനമുണ്ടായി. കൂടുതല്‍ ഏകാന്തതയും പ്രാര്‍ഥനയും തനിക്ക് ആവശ്യമാണെന്ന് സ്വപ്നത്തില്‍ നിന്നു തിരിച്ചറിഞ്ഞ ബ്രൂണോ സമാനചിന്താഗതിക്കാരായ ചില പുരോഹിതര്‍ക്കൊപ്പം ഗ്രെനോബിള്‍ എന്ന സ്ഥലത്തേക്ക് പോയി. വി. ഹ്യൂഗായിരുന്നു അന്ന് ആ പ്രദേശത്തെ ബിഷപ്പ്. ബ്രൂണോ അദ്ദേഹത്തെ സന്ദര്‍ശിച്ച് ഒരു ആശ്രമം പണിയാനുള്ള സ്ഥലം ആവശ്യപ്പെട്ടു. കര്‍ത്രൂസ് എന്ന സ്ഥലത്ത് ആശ്രമം പണിയാന്‍ ബിഷപ്പ് അനുവാദം നല്‍കി. കര്‍ത്തൂസിയന്‍ സഭയുടെ തുടക്കം അങ്ങനെയായിരുന്നു. സഭയുടെ ആദ്യ ആശ്രമം അവിടെ സ്ഥാപിക്കപ്പെട്ടു. കര്‍ത്തൂസിയന്‍ സഭയുടെ നിഷ്ഠകള്‍ കര്‍ശനമായിരുന്നു. ആശ്രമത്തില്‍ തന്നെ പ്രാര്‍ഥനയും ധ്യാനവുമായി അംഗങ്ങള്‍ കഴിഞ്ഞു. കൈയെഴുത്തു പ്രതികള്‍ മാറ്റിയെഴുതുകയായിരുന്നു മറ്റു സമയങ്ങളില്‍ ഇവര്‍ ചെയ്തിരുന്നത്. തന്റെ ശിഷ്യനായിരുന്ന ഉര്‍ബാന്‍ രണ്ടാമന്‍ മാര്‍പാപ്പയാ യപ്പോള്‍ ബ്രൂണോ റോമിലേക്ക് പോയി. ഉര്‍ബാന്‍ സഭയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ ബ്രൂണോയുടെ വകയായിരുന്നു. തന്റെ ഏകാന്തതയെയും പ്രാര്‍ഥനകളെയും റോമിലെ ജീവിതം തടസപ്പെടുത്തുന്നുവെന്ന് മനസിലാക്കിയപ്പോള്‍ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് അദ്ദേഹം മടങ്ങിപ്പോയി. 71-ാം വയസില്‍ വി. ബ്രൂണോ മരിച്ചു. 1623ല്‍ ബ്രൂണോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *