വി. ബെര്‍ട്രാന്‍ഡ്

സെപ്റ്റംബർ 6

ഫ്രാന്‍സിലെ ഗരീഗ് എന്ന സ്ഥലത്തു ജനിച്ച വി. ബെര്‍ട്രാന്‍ഡ് അറിയപ്പെടുന്ന മതപ്രാസംഗികനായിരുന്നു. ചെറുപ്പം മുതല്‍ തന്നെ ദൈവത്തിന്റെ വഴിയിലൂടെ വളര്‍ന്നു വന്ന ബെര്‍ട്രാന്‍ഡ് വിശുദ്ധനും ഡൊമിനിഷ്യന്‍ സഭയുടെ സ്ഥാപകനുമായിരുന്ന ഡൊമിനിക്കിന്റെ (ഓഗസ്റ്റ് എട്ടിലെ വിശുദ്ധന്‍ കാണുക) ഉറ്റചങ്ങാതിയുമായിരുന്നു. ഇരുപത്തിയൊന്നാം വയസിലാണ് ബെര്‍ട്രാന്‍ഡ് ഡൊമിനിഷ്യന്‍ സഭയില്‍ ചേരുന്നത്. സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ബെര്‍ട്രാന്‍ഡ് പാരിസില്‍ സ്ഥാപിച്ച ആദ്യ ഡൊമിനിഷ്യന്‍ ഫൗണ്ടേഷന്റെ ചുമതല വഹിച്ചു. ഡൊമിനിഷ്യന്‍ സഭയുടെ പിന്നീട് ഏറെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ തുടക്കം ബെര്‍ട്രാന്‍ഡിലൂടെയായിരുന്നു. ബെര്‍ട്രാന്‍ഡിന്റെ ജീവിതം ആര്‍ക്കും അനുകരിക്കാവുന്ന ഉത്തമ മാതൃകയാണ്. എന്നും പ്രാര്‍ഥ നയ്ക്കായി ഏറെ സമയം അദ്ദേഹം ചെലവഴിച്ചിരുന്നു. എന്നാല്‍ തന്റെ ചുമതലകളൊന്നിനും ഒരു കോട്ടവും തട്ടാന്‍ അദ്ദേഹം ഇടയാക്കിയില്ല. ദൈവത്തിനു വേണ്ടി ജോലി ചെയ്യുന്നത് മറ്റെന്തി നെക്കാളും വലുതാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പ്രസംഗവും പ്രവര്‍ത്തിയും തമ്മില്‍ ഒരു തരത്തിലും വ്യത്യാസം വരാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. ബെര്‍ട്രാന്‍ഡിന്റെ പ്രസംഗങ്ങള്‍ ഏതൊരു പാപിയുടെയും മനസിനെ ഉലയ്ക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിച്ചവര്‍ പാപം വെടിഞ്ഞു ദൈവത്തിലേക്ക് തിരികെ വന്നു. ദൂരസ്ഥലങ്ങളിലുള്ളവര്‍ പോലും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുവാന്‍ എത്തുമായിരുന്നു. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അക്കാലത്ത് വ്യാപകമായി പ്രചരിച്ചു കൊണ്ടി രുന്ന അല്‍ബിജെനസ് എന്ന വിശ്വാസരീതിയെ കഠിനമായി എതിര്‍ത്ത ബെര്‍ട്രാന്‍ഡ് തന്റെ പ്രസംഗങ്ങളില്‍ ഈ വിശ്വാസത്തിലേക്ക് പോയവരെ തിരികെ കൊണ്ടുവരുന്നതിനാണ് ശ്രമിച്ചത്. ദൈവത്തിനു രണ്ടു മുഖങ്ങളുണ്ടെന്നും ഒന്ന് നന്മയുടെയും മറ്റൊന്ന് തിന്മയുടെയുമാണെന്നു മായിരുന്നു ആ വിഭാഗക്കാരുടെ വാദം. ഈ ചിന്താഗതി പടര്‍ത്തുന്നവര്‍ക്കെതിരെയായിരുന്നു വി. ഡൊമിനിക്കിനെ പോലെ ബെര്‍ട്രാന്‍ഡും പ്രവര്‍ത്തിച്ചത്. വിശ്വാസികള്‍ വഴിതെറ്റിപോകാതി രിക്കാന്‍ അദ്ദേഹം അവരെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം വഴിതെറ്റിപ്പോയവരെ തിരികെ കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി അദ്ഭുതപ്രവര്‍ത്തികള്‍ ബെര്‍ട്രാന്‍ഡ് വഴി ദൈവം ചെയ്തു. നിരവധി രോഗികളെ സുഖപ്പെടുത്തി. 1230 ല്‍ സിസ്‌റ്റേരിയന്‍ സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകളെ സുവിശേഷം പഠിപ്പിച്ചുകൊണ്ടിരിക്കെ അദ്ദേഹം മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *