വി. ഹന്ന

സെപ്റ്റംബർ 1

വി. ഹന്ന എന്ന പ്രവാചകയുടെ കഥ നമ്മോടു പറയുന്നത് ലൂക്കാ സുവിശേഷകനാണ്. ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹന്ന ബാലനായ യേശുവിനെ കൈകളിലെടുക്കാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധയാണ്. ഹന്ന ഒരു പ്രവാചകയായിരുന്നുവെന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ട്. ആശേറിന്റെ ഗോത്രത്തില്‍പ്പെട്ട ഫനുവേലിന്റെ മകളായിരുന്നു ഹന്ന. ‘ഹന്ന എന്നൊരു പ്രവാചക അവിടെയു ണ്ടായിരുന്നു’ എന്ന് ലൂക്കാ എഴുതുമ്പോള്‍ അവര്‍ ഒരു പ്രവാചകയായി യഹൂദര്‍ അംഗീകരിച്ചിരുന്ന സ്ത്രീയായിരുന്നു എന്ന മനസിലാക്കാം. ഹന്നയുടെ ജീവിത കഥ ലൂക്കാ ഇങ്ങനെ വിവരിക്കുന്നു: ”അവര്‍ വയോവൃദ്ധയും കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു കഴിഞ്ഞവളുമായിരുന്നു. അവര്‍ എണ്‍പത്തിനാലു വര്‍ഷമായി വിധവയായിരുന്നു. ദേവാലയം വിട്ട് പോകാതെ ഉപവാസത്തിലും പ്രാര്‍ഥനയിലും അവര്‍ രാപകല്‍ ദൈവത്തെ സേവിച്ചിരുന്നു.”(ലൂക്കാ 2: 37,38) ലൂക്കായുടെ വിവരണത്തില്‍ നിന്നു തന്നെ ഹന്നയുടെ വിശുദ്ധി വ്യക്തമാകും. ബാലനായ യേശുവിനെ ദേവാലയത്തില്‍ കര്‍ത്താവിനു സമര്‍പ്പിക്കുവാനായി ജോസഫും മറിയവും കൂടി പോകുന്ന സംഭവം വിവരിക്കുമ്പോഴാണ് ലൂക്കാ ഹന്നയെ അവതരിപ്പിക്കുന്നത്. നീതിമാനായ ശിമയോനും ഹന്നയും ദേവാലയത്തില്‍ വച്ച് ബാലനായ യേശുവിനെ കാണുന്നു. ശിമയോന്‍ ഇസ്രയേലിന്റെ ആശ്വാസദായകനെ പ്രതീക്ഷിച്ചിരിക്കുന്ന മനുഷ്യനായിരുന്നു. പരിശുദ്ധാത്മാവ് അദ്ദേഹത്തിന്റെ മേലുണ്ടായിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ ദര്‍ശിക്കുന്നതു വരെ മരിക്കുകയില്ലെന്ന് പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളിപ്പെടുത്തിയിരുന്നു. വേദവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി യേശുവിനെ ദേവാലയത്തില്‍ കൊണ്ടുചെന്നപ്പോള്‍ ശിമയോന്‍ ശിശുവിനെ കൈകളില്‍ എടുത്ത് ദൈവത്തെ വാഴ്ത്തുന്നുണ്ട്. ‘കര്‍ത്താവേ, അങ്ങയുടെ വാക്കനുസരിച്ച് അങ്ങയുടെ ദാസനെ ഇപ്പോള്‍ സമാധാനത്തില്‍ വിട്ടയച്ചാലും. വിജാതീയര്‍ക്കു വെളിവാകാനുള്ള പ്രകാശവും അങ്ങേ ജനമായ ഇസ്രയേലിനുള്ള മഹത്വവുമായി സകല ജനതയുടെയും മുന്‍പില്‍ അങ്ങ് ഒരുക്കിയിരിക്കുന്ന അങ്ങയുടെ രക്ഷ ഇതാ, എന്റെ നയനങ്ങള്‍ കണ്ടു കഴിഞ്ഞു.’ (ലൂക്കാ 2: 29-32) ശിമയോനെ പോലെ തന്നെ ആ രക്ഷ കാണുവാന്‍ ഹന്നയ്ക്കും ഭാഗ്യം ലഭിച്ചു. ഹന്ന കുഞ്ഞിന്റെ അടുത്തു വന്ന് ദൈവത്തിനു നന്ദിപറയുകയും ഇസ്രയേലിന്റെ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന സകലരോടും കുഞ്ഞിനെപ്പറ്റി പറഞ്ഞുനടക്കുകയും ചെയ്തതായി ലൂക്കാ സുവിശേഷകന്‍ എഴുതുന്നു. പരിശുദ്ധ കന്യാമറിയം യഹൂദദേവാലയത്തിലാണ് വളര്‍ന്നതെന്നാണ് വിശ്വാസം. ഈസമയത്തെല്ലാം, ജോസഫുമായുള്ള അവളുടെ വിവാഹനിശ്ചയകാലം വരെ, മറിയത്തെ നോക്കി പരിപാലിച്ചിരുന്നത് ഹന്നയായിരുന്നുവെന്ന് കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *