വി. നോട്ട്ബുര്‍ഗ

സെപ്റ്റംബർ 14

ഓസ്ട്രിയയിലെ എബേന്‍ എന്ന സ്ഥലത്ത് ദരിദ്രരായ കര്‍ഷകദമ്പ തികള്‍ക്കു ജനിച്ച വി. നോട്ട്ബുര്‍ഗ ഒരു പ്രഭുകുടുംബത്തിലെ വേലക്കാരിയായിരുന്നു. റാറ്റന്‍ബര്‍ഗിലെ പ്രഭു ഹെന്റിയുടെ വീട്ടില്‍ തന്റെ പതിനെട്ടാം വയസില്‍ നോട്ട്ബുര്‍ഗ ജോലിക്കു കയറി. പ്രഭുവിന്റെ ഭാര്യ ഒട്ടിലിയക്ക് നോട്ട്ബുര്‍ഗയോട് അത്ര താത്പര്യമില്ലായിരുന്നു. കൊട്ടാരം പോലുള്ള ആ വീട്ടിലെ അന്തേവാസികള്‍ കഴിച്ചിട്ടു ബാക്കിയാവുന്ന ഭക്ഷണം ഏറെയുണ്ടായിരുന്നു. എല്ലാ ദിവസവും ഇത് പന്നികള്‍ക്ക് കൊടുക്കുകയായിരുന്നു പതിവ്. നോട്ട്ബുര്‍ഗ ജോലിക്കു കയറിയപ്പോള്‍ ഒട്ടിലിയ മിച്ചമായ ഭക്ഷണം പന്നികള്‍ക്കു കൊടുക്കാന്‍ കല്‍പിച്ചുവെങ്കിലും അവര്‍ അത് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൊതിച്ച് കൊട്ടാരത്തിനു പുറത്ത് കാത്തുനില്‍ക്കുന്ന ഭിക്ഷക്കാര്‍ക്ക് കൊണ്ടു കൊടുത്തു. ഇത് ഒട്ടിലിയയെ ചൊടിപ്പിച്ചു. അവര്‍ അവളെ ശകാരിച്ചു. മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് ചട്ടംകെട്ടുകയും ചെയ്തു. പിറ്റേന്ന്, മിച്ചമുള്ള ഭക്ഷണം യജമാനത്തിയുടെ ഉത്തരവ് പ്രകാരം നോട്ട്ബുര്‍ഗ പന്നികള്‍ക്ക് കൊടുത്തു. എന്നാല്‍, തനിക്കുവേണ്ടി മാറ്റിവച്ചിരുന്ന ഭക്ഷണം ഭിക്ഷക്കാര്‍ക്ക് കൊണ്ടുക്കൊടുത്തു. ഈ സംഭവം ഒട്ടിലിയയുടെ കണ്ണുതുറപ്പിച്ചില്ല. നോട്ട്ബുര്‍ഗ തന്നെ പരിഹസിക്കുകയാണെന്നാണ് അവര്‍ക്കു തോന്നിയത്. പ്രഭുവിന്റെ എതിര്‍പ്പ് പരിഗണിക്കാതെ ആ ദിവസം തന്നെ അവര്‍ അവളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. എബേനിനുള്ള ഒരു കര്‍ഷകന്റെ വീട്ടിലാണ് പിന്നീട് അവള്‍ ജോലിചെയ്തത്. ഒട്ടിലിയയുടെ മരണശേഷം ഹെന്റി പ്രഭു നോട്ട്ബുര്‍ഗയെ തേടിവരികയും കൊട്ടാരത്തില്‍ വീണ്ടും ജോലിനല്‍കുകയും ചെയ്തു. സാധുക്കളോടുള്ള സ്‌നേഹമായിരുന്ന നോട്ട്ബുര്‍ഗയുടെ വിശുദ്ധിയുടെ ഏറ്റവും വലിയ തെളിവ്. എല്ലാ ദിവസവും വി. കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം മാത്രമേ അവള്‍ ജോലികള്‍ ആരംഭിച്ചിരുന്നുള്ളു. എപ്പോഴും പ്രാര്‍ഥിക്കുവാനും അവള്‍ സമയം കണ്ടെത്തി. നോട്ട്ബുര്‍ഗ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ധാരാളം അദ്ഭുതങ്ങള്‍ ചെയ്തതായി ഐതിഹ്യങ്ങളുണ്ട്. കര്‍ഷകന്റെ വീട്ടില്‍ ജോലിചെയ്യാനായി പോകുമ്പോള്‍ എല്ലാദിവസവും വി.കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കണമെന്ന് അവള്‍ ഒരു നിബന്ധന വച്ചിരുന്നു. അതിരാവിലെ എഴുന്നേറ്റ് ദേവാലയത്തില്‍ പോയി വന്നശേഷമാണ് അവള്‍ ജോലികള്‍ ചെയ്തിരുന്നത്. എന്നാ ല്‍ ഒരു തിരുനാള്‍ദിവസം വി.കുര്‍ബാനയുടെ സമയത്ത് കര്‍ഷകന്‍ അവളെ പാടത്ത് ജോലി ചെ യ്യാന്‍ ഏല്‍പിച്ചു. അവള്‍ അപേക്ഷിച്ചിട്ടും അയാള്‍ അനുവദിച്ചില്ല. ഉടന്‍ നോട്ട്ബുര്‍ഗ അരിവാള്‍ ആകാശത്തേക്ക് വലിച്ചെറിഞ്ഞുവെന്നും അവള്‍ ദേവാലയത്തില്‍ പോയി മടങ്ങിവരുന്നതുവരെ അത് അന്തരീക്ഷത്തില്‍ ഉയര്‍ന്നുനിന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഹെന്റി പ്രഭുവിന്റെ കൊട്ടരത്തില്‍ ജോലിചെയ്യുമ്പോഴാണ് നോട്ട്ബുര്‍ഗ മരിക്കുന്നത്. മരണത്തി നു തൊട്ട് മുന്‍പ് അവള്‍ പ്രഭുവിനോട് തന്റെ മൃതദേഹം ഒരു കാളവണ്ടിയില്‍ കിടത്തണമെന്നും ആ കാളകള്‍ എവിടെ ചെന്നു നില്‍ക്കുന്നുവോ അവിടെ അടക്കണമെന്ന് അപേക്ഷിച്ചു. പ്രഭു അപ്രകാരം ചെയ്തു. വിശുദ്ധ റൂപ്പര്‍ട്ടിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ ചെന്നാണ് ആ കാളകള്‍ യാത്ര അവസാനിപ്പിച്ചത്. നോട്ട്ബുര്‍ഗയുടെ മൃതദേഹം അവിടെ അടക്കം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *