ലിമയിലെ വി. റോസ

ആഗസ്റ്റ് 23

ഒരു റോസാപ്പൂവു പോലെ സുന്ദരിയായിരുന്നു ലിമയിലെ വി. റോസ. പേര് ഇസബെല്ല. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ സ്‌പെയിനില്‍ നിന്നു വന്നു കുടിയേറി പാര്‍ത്ത മാതാപിതാക്കള്‍ക്കു ജനിച്ച അവളുടെ ജ്ഞാനസ്‌നാനപ്പേരായിരുന്നു ഇസബെല്ല എന്നത്. പക്ഷേ, ആരും അവളെ അങ്ങനെ വിളിച്ചില്ല. റോസാപ്പൂവ് പോലെ സുന്ദരിയായ അവളെ നാട്ടുകാര്‍ റോസ എന്നുതന്നെ വിളിച്ചു. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ വിശുദ്ധയായ റോസയുടെ കഥ ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും തീവ്രത അനുഭവിച്ചറിയാന്‍ നമ്മെ പ്രേരിപ്പിക്കും. മാതാപിതാക്കളെ പൂര്‍ണായി അനുസരിച്ചും അവരെ ശുശ്രൂഷിച്ചുമാണു വളരെ ചെറിയ പ്രായം മുതല്‍ തന്നെ റോസ വളര്‍ന്നത്. കഠിനമായ ഉപവാസങ്ങള്‍ അനുഷ്ഠിക്കുകയും തീവ്രമായി പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു അവള്‍. ആഴ്ചയില്‍ മൂന്നു ദിവസം റൊട്ടിയും വെള്ളവും മാത്രം കഴിച്ചും ബാക്കി സമയം മുഴുവന്‍ ഉപവസിച്ചും ബാല്യകാലം ചെലവിട്ട ഒരു പെണ്‍കുട്ടിയെ എവിടെ കാണാന്‍ കഴിയും? റോസയെ മോഹിച്ചിരുന്ന യുവാക്കള്‍ അന്നാട്ടില്‍ ഏറെപ്പേരുണ്ടായിരുന്നു. എല്ലാവരും തന്റെ സൗന്ദര്യത്തെക്കുറിച്ച് വാഴ്ത്തുന്നതു കേള്‍ക്കുമ്പോള്‍ അവള്‍ ഭയപ്പെട്ടു. വീടിനു പുറത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്നതിന്റെ തലേരാത്രി കുരുമുളക് അരച്ച് തന്റെ കൈകളിലും മുഖത്തും അവള്‍ തേച്ചുപിടിപ്പിക്കുമായിരുന്നു. തന്റെ സൗന്ദര്യം മറ്റുള്ളവര്‍ക്കു പാപത്തിനു കാരണമായി തീരരുതെന്ന ചിന്തയായിരുന്നു അവള്‍ക്ക്. ഒരിക്കല്‍ ഒരു യുവാവ് റോസയുടെ അടുത്തെത്തി സുന്ദരമായ അവളുടെ കൈകളെ കുറിച്ച് സംസാരിക്കുവാന്‍ തുടങ്ങി. മഴത്തുള്ളികള്‍ വീണ റോസാദളങ്ങള്‍ പോലെ സുന്ദരമാണ് അവളുടെ കൈകളെന്ന് അവന്‍ പറഞ്ഞു. ഏതൊരു സ്ത്രീയും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍. പക്ഷേ, ആ വാക്കുകള്‍ അവളെ ദുഃഖിതയാക്കി. ചൂടുള്ള കുമ്മായത്തില്‍ കൈകള്‍ മുക്കി അവ വിരൂപമാക്കുകയാണ് അവള്‍ ചെയ്തത്. സുന്ദര മായ അവളുടെ തലമുടിയില്‍ അവള്‍ ഒരു കൊച്ചുമുള്‍മുടി ഒളിപ്പിച്ചുവച്ചിരുന്നു. തലയില്‍ മുള്ളുകള്‍ കൊണ്ടിറങ്ങുമ്പോള്‍ ആ വേദന അവള്‍ യേശുവിനു വേണ്ടി സഹിച്ചു. മറ്റാരും അത് അറിഞ്ഞില്ല; അല്ലെങ്കില്‍ മറ്റാരെയും തന്റെ ത്യാഗങ്ങള്‍ അറിയിക്കുവാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. വീടിനോട് ചേര്‍ന്ന് അവള്‍ക്കൊരു തോട്ടമുണ്ടായിരുന്നു. പൂക്കളില്ലാത്ത ഒരു തോട്ടം. അവിടെ അവള്‍ കൃഷി ചെയ്തു പരിപാലിച്ച പച്ചക്കറികളൊന്നും രുചികരമായവ ആയിരുന്നില്ല. കയ്‌പേ റിയ പച്ചക്കറികളാണ് അവള്‍ കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത്. തന്റെ തോട്ടത്തില്‍ എപ്പോഴും ഏകാന്തതയില്‍ യേശുവിനെ ധ്യാനിച്ചുകൊണ്ടു കഴിയാനാണ് റോസ ആഗ്രഹിച്ചിരുന്നത്. പച്ചക്കറികളും പൂക്കളും വിറ്റുകിട്ടുന്ന പണം അവള്‍ പാവപ്പെട്ടവര്‍ക്കു വീതിച്ചു കൊടുത്തു. ഇരുപതാം വയസില്‍ റോസ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. എന്നും കന്യകയായി ദൈവത്തിനു വേണ്ടി ജീവിക്കുമെന്ന് അവള്‍ ശപഥം ചെയ്തിരുന്നു. 31 വയസുവരെ മാത്രമേ അവള്‍ ജീവിച്ചിരുന്നുള്ളു. ‘സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുവാന്‍ കുരിശല്ലാതെ മറ്റൊരു ഗോവണിയില്ല’ എന്നു എപ്പോഴും പറഞ്ഞിരുന്ന റോസ, തന്റെ രോഗങ്ങളുടെ വേദനകള്‍ യേശുവിന്റെ നാമത്തില്‍ സഹിച്ചു. കൂടുതല്‍ വേദനകള്‍ തരേണമേ, എന്നാണ് അവള്‍ പ്രാര്‍ഥിച്ചത്. 1671ല്‍ പോപ് ക്ലെമന്റ് ഒന്‍പതാമന്‍ മാര്‍പാപ്പ റോസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *