വി. ജോണ്‍ വിയാനി

ആഗസ്റ്റ് 4

ദാരിദ്ര്യം നിറഞ്ഞ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച് യേശുവിന്റെ ശക്തിയാല്‍ ലോകം മുഴുവന്‍ കീര്‍ത്തി പരത്തിയ വിശുദ്ധനാണ് ജോണ്‍ വിയാനി. ഫ്രാന്‍സിലെ ആര്‍സ് എന്ന സ്ഥലത്ത് 40 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച വി. ജോണ്‍ വിയാനി കുമ്പസാരത്തിന്റെ ശക്തി എത്രവലുതാണെന്നു ലോകത്തിനു ബോധ്യപ്പെടുത്തി ക്കൊടുത്തു. ഫ്രഞ്ച് വിപ്ലവത്തിനു ശേഷമുള്ള മതപീഡനകാലത്താ യിരുന്നു ജോണിന്റെ ബാല്യം. അക്കാലത്ത്, സൈനികപഠനവും സൈനിക സേവനവും നിര്‍ബന്ധ മാക്കിയിരുന്നു. എന്നാല്‍, തന്റെ കുടുംബസ്വത്ത് മുഴുവന്‍ സഹോദരനായ ഫ്രാന്‍സീസിനു കൊടുത്ത് ജോണ്‍ വൈദികപഠനത്തിനായി പോയി. ജോണിന്റെ സ്ഥാനത്ത് സൈനികസേവനം ഫ്രാന്‍സീസ് നിര്‍വഹിക്കുകയും ചെയ്തു. വൈദികപഠനം വേണ്ട വിധത്തില്‍ മുന്നോട്ട് പോയില്ല. ലത്തീന്‍ ഭാഷ ഒരു തരത്തിലും ജോണിനു വഴങ്ങിയില്ല എന്നതായിരുന്നു കാരണം. എന്നാല്‍, ജോണിന്റെ സ്വഭാവമഹിമയും ഭക്തിയും എല്ലാവരിലും മതിപ്പുളവാക്കി. ദൈവഭക്തിയില്‍ ഒന്നാം സ്ഥാനം ജോണിനാണ് എന്നതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിനു പൗരോഹിത്യം ലഭിച്ചത്. ഫ്രാന്‍സിലെ ആഴ്‌സ് എന്ന സ്ഥലത്താണ് ജോണ്‍ വൈദികനായി നിയമിക്കപ്പെട്ടത്. ദൈവവിശ്വാസമില്ലാതെ മദ്യം, നൃത്തം, വ്യഭിചാരം എന്നിവ മാത്രം ചെയ്തു ജീവിച്ചിരുന്ന ആഴ്‌സിലെ ജനങ്ങളെ വളരെ വേഗം ജോണ്‍ ദൈവിക ചൈതന്യത്തിലേക്ക് കൊണ്ടുവന്നു. ഏവരും ദേവാലയത്തിലെത്തിത്തുടങ്ങി. കുമ്പസാരത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് ജോണ്‍ ജനങ്ങളെ നയിച്ചു. 20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം ആളുകളെ ജോണ്‍ കുമ്പസരിപ്പിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. മെത്രാന്‍മാര്‍ വരെ കുമ്പസാരി ക്കുവാന്‍ ജോണിന്റെ അടുത്ത് എത്തുമായിരുന്നു. ആ ദിവസങ്ങളില്‍ 18 മണിക്കൂര്‍ വരെ ജോണ്‍ കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കുമായിരുന്നു. 2-3 മണിക്കൂര്‍ മാത്രമുള്ള അദ്ദേഹത്തിന്റെ ഉറക്കത്തെ തടസപ്പെടുത്താന്‍ പിശാചുക്കള്‍ ശ്രമിച്ചിരുന്നുവെന്ന് കഥകളുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കട്ടിലിനു തീപിടിക്കുക പോലും ചെയ്തു. ആഴ്‌സിലെ എല്ലാ ഭവനങ്ങളിലും ജോണ്‍ സന്ദര്‍ശനം നടത്തി. അനാഥരായ കുട്ടികളെ സംരക്ഷിച്ചു. പാവങ്ങള്‍ക്കു സഹായവുമായെത്തി. രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു. എല്ലാ അര്‍ഥത്തിലും ഒരു ഉത്തമ ക്രൈസ്തവ പുരോഹിതനായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജോണിലൂടെ ദൈവം നിരവധി അദ്ഭുതപ്രവര്‍ത്തികളും നടത്തി. ഈ അദ്ഭുതങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ജനങ്ങളുമായി അടുപ്പിച്ചു. എന്നാല്‍, ജോണിന്റെ പ്രശസ്തിയില്‍ അസംതൃപ്തരും അസൂയാലുക്കളുമായിരുന്ന ചില പുരോഹിതര്‍ ജോണിനെതിരെ പരാതിയുമായി രംഗത്ത് എത്തി. ദൈവശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഒരു വ്യാജപുരോഹിതനാണ് ജോണ്‍ എന്നായി രുന്നു അവരുടെ ആരോപണം. വികാരി ജനറാല്‍ അന്വേഷണം ആരംഭിച്ചുവെങ്കിലും ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടതോടെ തള്ളിക്കളഞ്ഞു. ജോണിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും അതീവ സുന്ദരവും ലളിതവുമായിരുന്നു. 1859ല്‍ രോഗബാധിതനായി അദ്ദേഹം മരിച്ചു. 1925 ല്‍ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *