വി. ജോണ്‍ കെമ്പിള്‍

ആഗസ്റ്റ് 22

ഇംഗ്ലണ്ടിലെ നാല്‍പതു രക്തസാക്ഷികളിലൊരാളാണ് വി. ജോണ്‍ കെമ്പിള്‍. 1599 ല്‍ ഇംഗ്ലണ്ടില്‍ ജോണ്‍, ആനി കെമ്പിള്‍ എന്ന ദമ്പതികള്‍ക്കു ജനിച്ച ജോണ്‍ കത്തോലിക്കരായ മാതാപിതാക്കളുടെ വിശ്വാസവഴിയിലൂടെയാണു വളര്‍ന്നത്. വീട്ടിലെത്തുന്ന പുരോഹിതരെ ആരാധനയോടെ നോക്കിയിരുന്ന ജോണ്‍ താനും ഒരു പുരോഹിതനാകുമെന്ന് നിശ്ചയിച്ചിരുന്നു. വിദ്യാഭ്യാസം നടത്തുന്നതിനായി 1620ല്‍ ജോണ്‍ ഫ്രാന്‍സിലേക്ക് പോയി. 1625 ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ചശേഷം അദ്ദേഹം തിരികെ ഇംഗ്ലണ്ടിലെത്തി. ഒരു മിഷനറി പുരോഹിതനായിരുന്ന അദ്ദേഹം തന്റെ ജന്മനാട്ടില്‍ 54 വര്‍ഷത്തോളം വിശ്വാസികള്‍ക്കു മാര്‍ഗദീപമായി ജീവിച്ചു. ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് ഒട്ടേറെ ക്ലേശങ്ങള്‍ ജോണിന്റെ കുടുംബത്തിന് അനുഭവിക്കേണ്ടിവന്നു. ചാള്‍സ് രണ്ടാമനെ വധിക്കുവാന്‍ കത്തോലിക്കാ വിശ്വാസികള്‍ പദ്ധ തിയിടുന്നു എന്ന ആരോപണം പൊന്തിവന്ന സമയമായിരുന്നു അത്. ചാള്‍സിന്റെ സഹോദരനും കത്തോലിക്കാ വിശ്വാസിയുമായിരുന്ന ജെയിംസിനെ സിംഹാസനത്തിലേറ്റാന്‍ കത്തോലിക്കര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ ഇംഗ്ലണ്ടില്‍ ആകമാനം കത്തോലിക്കര്‍ പീഡിപ്പിക്കപ്പെട്ടു. കത്തോലിക്കാ വിശ്വാസികള്‍ തടവിലാക്കപ്പെട്ടു. പുരോഹിതന്‍മാരെ വധിച്ചു. ഈ ഗൂഡാലോചനയുമായി ഒരുതരത്തിലുള്ള ബന്ധവും ജോണ്‍ കെമ്പിളിന് ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു. ജോണിനെയും മറ്റ് കുറ്റാരോപിതരായ പുരോഹിതരെയും ലണ്ടനിലേക്ക് വിചാരണയ്ക്കായി കൊണ്ടുപോയി. നൂറിലേറെ മൈല്‍ ദൂരം നടത്തിയാണ് അവരെ കൊണ്ടുപോയത്. നിരവധി രോഗങ്ങളാല്‍ വലഞ്ഞിരുന്ന ജോണ്‍ കെമ്പിളിനെ പീഡനങ്ങളും മര്‍ദനങ്ങളും കൂടുതല്‍ ഫ അവശനാക്കി. വിചാരണയ്‌ക്കൊടുവില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിവന്നു. 1679 ഓഗസ്റ്റ് 22ന് അദ്ദേഹത്തെ തൂക്കിക്കൊന്നു.

Leave a Reply

Your email address will not be published. Required fields are marked *