വി. ഏബ്രഹാം

ആഗസ്റ്റ് 21

റഷ്യയിലെ സ്‌മേലെന്‍സ്‌ക് എന്ന സ്ഥലത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു വിശുദ്ധനാണ് വി. ഏബ്രഹാം. വളരെ സമ്പന്നമായ ഒരു കുടുംബമായിരുന്നു ഏബ്രഹാമിന്റേത്. പക്ഷേ, വളരെ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം മാതാപിതാക്കളെ നഷ്ടമായി അനാഥ നായി. സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തനായപ്പോള്‍ അദ്ദേഹം തന്റെ സമ്പത്തെല്ലാം ദരിദ്രര്‍ക്ക് നല്‍കി സന്യാസജീവിത ത്തിലേക്ക് കടന്നു. ബൈബിളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായി രുന്ന ഏബ്രഹാം പുരോഹിതനെന്ന നിലയിലും മതപ്രാസംഗികന്‍ എന്ന നിലയിലും വളരെ വേഗം പേരെടുത്തു. ഉറച്ച തീരുമാങ്ങളെടുക്കുകയും ആ തീരുമാനങ്ങള്‍ ദൃഡനിശ്ചയത്തിലൂടെ നടപ്പിലാക്കുകയും ചെയ്തിരുന്ന ഏബ്രഹം ദൈവം തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ന്യായവിധി ദിനത്തില്‍ തന്റെ പ്രവൃത്തികള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്നുമുള്ള വിശ്വാസത്തോടെയാണ് ജീവിച്ചിരുന്നത്. പാവങ്ങളുടെയും രോഗികളുടെയും പ്രിയപ്പെട്ട പുരോഹിതനായിരുന്നു അദ്ദേഹം. അവര്‍ക്കിടയില്‍ ദൈവത്തിന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. ഏബ്രഹാമിന്റെ പ്രസംഗങ്ങളും പ്രവൃത്തികളും നിരവധി ശത്രുക്കളെയും സൃഷ്ടിച്ചു. അദ്ദേഹത്തിനു കിട്ടിയിരുന്ന പ്രശസ്തി മറ്റു പുരോഹിതരെ അസൂയാലുക്കളാക്കി. ഏബ്രഹാമിന്റെ പ്രസംഗങ്ങള്‍ ഭരണാധികാരികളെയും ചൊടിപ്പിച്ചു. അവര്‍ അദ്ദേഹത്തോട് പ്രസംഗങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ സന്യാസസഭയിലുള്ളവര്‍ തന്നെ തനിക്കെതിരെ തിരിയുന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. അങ്ങനെ ആ സഭ വിട്ട് വിശുദ്ധ കുരിശിന്റെ നാമത്തിലുള്ള സന്യാസസഭയില്‍ ചേര്‍ന്നു. അവിടെ സുഹൃത്തുക്കളെ ഉണ്ടാക്കുവാന്‍ അദ്ദേഹം താത്പര്യമെടുത്തില്ല. പക്ഷേ, തന്റെ പ്രസംഗങ്ങള്‍ അദ്‌ദേഹം തുടര്‍ന്നുകൊണ്ടിരുന്നു. അസൂയാലുക്കള്‍ കൂടുതല്‍ കരുത്തരായി. അവര്‍ ഏബ്രഹാമിനെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തി. ആചാരങ്ങളില്‍ മാറ്റം വരുത്തുന്നു, തെറ്റായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നു തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങള്‍. സഭാ അധികാരികള്‍ വിചാരണയ്ക്കായി അദ്ദേഹത്തെ വിളിച്ചു. അഞ്ചു വര്‍ഷത്തോളം അദ്ദേഹം പ്രസംഗങ്ങളില്‍ നിന്നു വിട്ടുനിന്നു. അപ്പോഴേക്കും ക്ഷാമകാല മെത്തി. ജനങ്ങള്‍ പട്ടിണിയില്‍ വലഞ്ഞു. ഒരു ആശ്വാസത്തിന് അവര്‍ ഏബ്രഹാമിന്റെ സാന്നിധ്യം ആഗ്രഹിച്ചു. ജനങ്ങള്‍ ഏബ്രഹാമിനു വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരുന്നു. വിശ്വാസികളുടെ സമ്മര്‍ദം ശക്തമായപ്പോള്‍ സഭ അദ്ദേഹത്തിന്റെ മേലുള്ള കുറ്റാരോപണങ്ങളില്‍ വീണ്ടു വിചാരണ ആരംഭിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതങ്ങളാണെന്നു കണ്ടെത്തി തള്ളിക്കളയുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കൊപ്പം പ്രാര്‍ഥനകളും ഉപവാസവുമായി അദ്ദേഹം പിന്നീടുള്ള കാലം ജീവിച്ചു. മരണശേഷം അദ്ദേഹം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *