വി. ഔറേലിയൂസും ഭാര്യ നതാലിയയും

ജൂലൈ 27

സ്‌പെയിനില്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ദമ്പതികളാണ് രക്തസാക്ഷികളായ വി. ഔറേലിയൂസും ഭാര്യ നതാലിയയും. യേശുവിന്റെ നാമം ഉറക്കെ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെട്ട ഈ ദമ്പതികള്‍ കുടുംബസ്‌നേഹത്തിന്റെയും ദൈവവിശ്വാസത്തിന്റെയും ഉത്തമമാതൃകകളാണ് നമുക്ക് പകര്‍ന്നുതരുന്നത്. ഇവരുടെ കഥ പറയുമ്പോള്‍ ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ സമീപത്തു ജീവിച്ചിരുന്ന മൂര്‍ വംശജരുടെ സ്‌പെയിനിലേക്കുള്ള കുടിയേറ്റവും പരാമര്‍ശിക്കാതെ വയ്യ. നൂറ്റാണ്ടുകളായി ക്രിസ്തുവില്‍ വിശ്വസിച്ചു പോന്നിരുന്നവരായിരുന്നു മൂര്‍ വംശജര്‍. എന്നാല്‍ അറബികളുടെ കടന്നുകയറ്റത്തോടെ സ്വന്തം നാട്ടില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സ്‌പെയിനിലെത്തേണ്ട സാഹചര്യം അവര്‍ക്കുണ്ടായി. സ്‌പെയിനില്‍ അതുവരെ നിലവിലുണ്ടായിരുന്നതിനെക്കാള്‍ പരിഷ്‌കൃതവും പ്രായോഗികവുമായ ഭരണസംവിധാനം കൊണ്ടുവന്നതില്‍ ഇവരുടെ പങ്ക് ശ്രദ്ധേയമാണ്. ഔറേലിയൂസിന്റെ അച്ഛന്‍ മൂര്‍ വംശജനായിരുന്നു. അമ്മ സ്‌പെയിന്‍കാരിയും. എന്നാല്‍ ബാല്യകാലത്തു തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടമായി. ക്രൈസ്തവ വിശ്വാസയായ ഒരു അമ്മായിയാണ് അദ്ദേഹത്തെ പിന്നീട് വളര്‍ത്തിയത്. യേശുവിന്റെ ജീവിതവും കുരിശുമരണ വുമെല്ലാം ഈ അമ്മായിയില്‍ നിന്നാണ് അദ്ദേഹം പഠിച്ചത്. ഔറേനിയൂസിന്റെ ഭാര്യയുടെ പേരായിരുന്ന നതാലിയ. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ടായി. അക്കാലത്ത് പരസ്യമായി യേശുവിന്റെ സുവിശേഷം പ്രസംഗിക്കുന്നത് തൂക്കുമരണം വരെ കിട്ടാവുന്ന ശിക്ഷയായിരുന്നു. അതുകൊണ്ടു തന്നെ, വളരെ രഹസ്യമായാണ് ഒറേനിയൂസും നതാലിയയും സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വീടുകള്‍ തോറും കയറിച്ചെന്ന് അവരെയെല്ലാം യേശുവിനെ കുറിച്ചു പഠിപ്പിച്ചുപോന്നു. എന്നാല്‍ അധികകാലം ഇങ്ങനെ മുന്‍പോട്ടുനീങ്ങാന്‍ അവര്‍ക്കു സാധിച്ചില്ല. പരസ്യമായി യേശുവിനെക്കുറിച്ചു പ്രസംഗിച്ചതിന്റെ പേരില്‍ അവര്‍ അറസ്റ്റിലാകുകയും പിന്നീട് കഴുത്തറുത്ത് കൊല്ലുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *