റോമിലെ വി. സോ

ജൂലൈ 5

യേശുവിനു വേണ്ടി പീഡനങ്ങളേറ്റുവാങ്ങി, തീവ്രമായ വേദന അനുഭവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധര്‍ ഏറെപ്പേരുണ്ട്. എന്നാല്‍, അവരെക്കാളധികമായി വേദന സഹിച്ച് മരണം ഏറ്റുവാങ്ങിയ ഒരു വിശുദ്ധയാണ് സോ. എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ച ഈ വിശുദ്ധയുടെ ജീവിതത്തെപ്പറ്റി അധികമൊന്നും പുറത്തുവന്നിട്ടില്ല. ഡിയോക്ലീഷന്‍ എന്ന ക്രൈസ്തവവിരുദ്ധനായ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷികളായി മാറിയ അനേകം പേരില്‍ ഒരാളായിരുന്നു സോയും. യേശുവില്‍ വിശ്വസിക്കുന്നവരെയൊക്കെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു ഡിയോക്ലീഷന്‍ ചെയ്തിരുന്നത്. ഇംപീരിയല്‍ റോമിലെ ഹൈക്കോടതിയിലെ ഉദ്യോഗസ്ഥനായിരുന്ന നികോസ്ട്രാറ്റസിന്റെ ഭാര്യയായിരുന്നു സോ. യേശുവിന്റെ ശിഷ്യനായിരുന്ന വി. പത്രോസിന്റെ വാക്കുകള്‍ സോ തന്റെ ജീവിതത്തില്‍ പകര്‍ത്തി. പത്രോസ് ശ്ലീഹായെ ഒരു ഭക്തയെപ്പോലെ സ്‌നേഹിച്ചു. അക്കാലത്ത് യേശുവില്‍ വിശ്വസിക്കുക എന്നത് രഹസ്യമായി ചെയ്യേണ്ട കാര്യമായിരുന്നു. പുറത്തറിഞ്ഞാല്‍ മരണത്തില്‍ കുറഞ്ഞ ശിക്ഷയൊന്നുമില്ല. സോയുടെ ക്രിസ്തീയ വിശ്വാസം ഭരണകൂടം അറിഞ്ഞിരുന്നില്ല. ഒരിക്കല്‍ വി. പത്രോസ് ശ്ലീഹായുടെ ശവകുടീരത്തിനരികില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കവേ, ചില ഭടന്‍മാര്‍ അവളെ കാണുകയും തടവിലാക്കുകയും ചെയ്തു. യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ചെന്ന് പരസ്യമായി വിളിച്ചുപറയുന്നതു വരെ പീഡിപ്പിക്കുക യായിരുന്നു ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ രീതി. സോയും പീഡനങ്ങള്‍ ഏറ്റുവാങ്ങി. വേദന ഏറുമ്പോള്‍ അവള്‍ യേശുവിന്റെ നാമം ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോള്‍ കൂടുതല്‍ പീഡനങ്ങള്‍ നല്‍കുവാന്‍ തുടങ്ങി. ഒന്നൊന്നായി നിരവധി ശിക്ഷാമാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും സോ തന്റെ വിശ്വാസം കൈവിടാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ കൂടുതല്‍ ക്രൂരമായ രീതികളിലേക്ക് സൈനികര്‍ കടന്നു. സോയുടെ നീണ്ട മുടി ഒരു മരത്തില്‍ കെട്ടിയെ ശേഷം അവളെ തൂക്കിയിട്ടു. മുടി വലിയുന്നതിന്റെ വേദനയ്ക്കിടെ ചാട്ടവാറുകൊണ്ട് അടിച്ചു. യേശുവിനെ തള്ളിപ്പറയാന്‍ സൈനികര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അവള്‍ക്ക് എല്ലാ വേദനകളില്‍ നിന്നും മോചനം കിട്ടുമായിരുന്നു. പക്ഷേ, സോ അതിനു തയാറായില്ല. സോയുടെ കാല്‍ക്കീഴില്‍ തീയിട്ട സൈനികര്‍ അവസാനമായി ഒരിക്കല്‍ കൂടി അവളോട് വിശ്വാസം തള്ളിപ്പറയാന്‍ ആവശ്യപ്പെട്ടു. അതും നിഷേധിച്ചതോടെ അവര്‍ തീ ശക്തമാക്കി. പാദങ്ങള്‍ മുതല്‍ വെന്തുവെന്ത് അവള്‍ മരിച്ചു. വി. സോയെ പോലെ വേദന അനുഭവിച്ച് മരണം വരിച്ച എത്ര പേരുണ്ടാവും? പക്ഷേ, ആ വേദനയെക്കാളും ജീവനെക്കാളും വലുതായി റോമിലെ വി. സോ കണ്ടത് യേശുവിന്റെ സ്‌നേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *