വി. ജൂനിപെറോ സെറ

ജൂലൈ 1

മിഗേല്‍ ജോസ് സെറ എന്ന പേരിലും അറിയപ്പെടുന്ന വി. ജൂനിപെറോ സെറ 1713 ല്‍ സ്‌പെയിനിലെ പെട്രയിലാണ് ജനിച്ചത്. ബാലനായിരിക്കെ തന്നെ മിഗേല്‍ യേശുവിന്റെ പ്രിയപ്പെട്ട കുഞ്ഞാടായിരുന്നു. നിത്യവും പ്രാര്‍ഥിക്കുക, ചെറിയ തോതില്‍ ഉപവാസം അനുഷ്ഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ബാലനായ മിഖായേല്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. കഴിവതും എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തിരുന്നു. പതിനഞ്ചാം വയസില്‍ പാല്‍മയിലുള്ള ഫ്രാന്‍സീഷ്യന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന മിഗേല്‍ 17-ാം വയസില്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു. അന്നു മുതല്‍ മിഗേല്‍, ‘ജൂനിപെറോ’ എന്ന പേരു സ്വീകരിച്ചു. ‘ദൈവത്തിന്റെ വിദൂഷകന്‍’ എന്നായിരുന്നു ‘ജുനിപെറോ’ എന്ന വാക്കിന്റെ അര്‍ഥം. 1737 ല്‍ ജൂനിപെറോ പൗരോഹിത്യം സ്വീകരിച്ചു. ലുല്ലിയന്‍ സര്‍വകലാശാലയില്‍ ഫിലോസഫി, തിയോളജി തുടങ്ങിയ വിഷയങ്ങളില്‍ അധ്യാപകനുമായിരുന്നു അദ്ദേഹം. 1749 ല്‍ സഭ അദ്ദേഹത്തെ പ്രേഷിത പ്രവര്‍ത്തനത്തിനായി നോര്‍ത്ത് അമേരിക്കയിലേക്ക് അയച്ചു. നോര്‍ത്ത് അമേരിക്കയുടെ പടിഞ്ഞാറേ മേഖലയിലുള്ള പ്രദേശങ്ങളില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ലക്ഷ്യം. അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ ദുരിതപൂര്‍ണമായിരുന്നു. എങ്കിലും അവയെല്ലാം സഹിച്ചു യേശുവിനു വേണ്ടി തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അവിടെവച്ചു അദ്ദേഹത്തിന്റെ ഒരു കാലിന് വീക്കം അനുഭവപ്പെട്ടു. കൊതുക് കടിച്ചു രോഗാണുക്കള്‍ കയറിയതായിരുന്നു കാരണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാല് തളര്‍ന്നതു പോലെയാവുകയും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ആസ്മായും അദ്ദേഹത്തെ വല്ലാതെ ശല്യപ്പെടുത്തി. പക്ഷേ, ഈ വേദനകളിലൊന്നും ജൂനിപെറോ തളര്‍ന്നില്ല. പിന്നീട് തന്റെ മരണം വരെ ആ വേദന അദ്ദേഹം സഹിച്ചു. മെക്‌സിക്കന്‍ മേഖലയിലുള്ള സന്യാസസമൂഹങ്ങളുടെയും ചുമതല അദ്ദേഹം ഏറ്റെടുത്തു. അമേരിക്കയില്‍, പ്രത്യേകിച്ച് വടക്കേ അമേരിക്കയില്‍ സഭയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത വ്യക്തിയായിരുന്നു ജൂനിപെറോ സെറ. ആയിരക്കണക്കിന് ആളുകളെ അദ്ദേഹം ക്രിസ്തുവിന്റെ അനുയായികളാക്കി. 21 സന്യാസസമൂഹങ്ങള്‍ക്ക് തുടക്കമിട്ടു. എല്ലാറ്റിനുമുപരിയായി യൂറോപ്യന്‍ രീതിയിലുള്ള കൃഷി, കന്നുകാലിവളത്തല്‍, കരകൗശലവിദ്യങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം അന്നാട്ടുകാര്‍ക്ക് പരിശീലനം നല്‍കി. 1784ല്‍ കാലിഫോര്‍ണിയയില്‍ വച്ച് അദ്ദേഹം മരിച്ചു. 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജൂനിപെറോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *