വി. ഫെഡറിക്

ജൂലൈ 18

ഫെഡറിക് എന്ന വിശുദ്ധന്‍ ഹോളണ്ടിലെ രാജാവായിരുന്ന റാഡ്‌ബോണിന്റെ കൊച്ചുമകനായിരുന്നു. ചെറുപ്പത്തിലേ യേശുവിന്റെ വഴിയിലൂടെ വിശ്വാസതീഷ്ണതയോടെ ജീവിച്ച ഫെഡറിക്കിന്റെ വിദ്യാഭ്യാസം യൂട്രെച്ചിലെ പൂരോഹിതരുടെ കൂടെയായിരുന്നു. പുരോഹിതര്‍ക്കൊപ്പമുള്ള ജീവിതം അദ്ദേഹത്തി ല്‍ കൂടുതല്‍ ദൈവീകസാന്നിധ്യം ഉണ്ടാകുന്നതിനു സഹായകര മായി. ഒരു പുരോഹിതനാകാന്‍ അദ്ദേഹം തീരുമാനിച്ചു. ഫെഡറിക്കിന്റെ ഭക്തി വളരെ പ്രസിദ്ധമായിരുന്നു. തനിക്കറിയാത്ത കാര്യങ്ങള്‍ പഠിക്കുന്നതിനും യേശുവിനെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനും ഫെഡറിക് ഏറെ സമയം ചെലവഴിച്ചു. പുരോഹിതനായിരിക്കെ മതഅധ്യാപകനായും ഫെഡറിക് തിളങ്ങി. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് എത്തുന്നവരെ യേശുവിനെക്കുറിച്ച് പഠിപ്പിക്കുന്ന ചുമതല അദ്ദേഹം നിര്‍വഹിച്ചുപോന്നു. 825 ല്‍ അദ്ദേഹം യൂട്രെച്ചിലെ ബിഷപ്പായി. ക്രൈസ്തവ ആചാരങ്ങള്‍ക്ക് വ്യക്തമായ ഒരു രൂപം കൊടുക്കുന്നതിനു അദ്ദേഹം ശ്രമിച്ചു. വി. കുര്‍ബാനയുടെ പ്രാധാന്യം മറ്റുള്ളവര്‍ക്കു മനസിലാക്കി കൊടുക്കാനും പ്രാര്‍ഥനയുടെ ശക്തി ബോധ്യപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. ഉന്നതകുടുംബക്കാര്‍ക്കിടയില്‍ അക്കാലത്ത് വിവാഹബന്ധത്തിനു വലിയ വിലയൊന്നും കൊടുത്തിരുന്നില്ല. ഒരാള്‍ തന്നെ എട്ടും പത്തും പേരെ വിവാഹം കഴിച്ചു. ലൈംഗികബന്ധമെന്നത് കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു. ഇത്തരം ജീവിതരീതികളെ ഫെഡറിക് കര്‍ശനമായി എതിര്‍ത്തു. അക്രൈസ്തവരും വിഗ്രഹാരാധകരുമായ ഹോളണ്ടിലെ നിരവധി പേരെ അദ്ദേഹം ക്രിസ്തുവിന്റെ അനുയായികളാക്കി. അന്യമതക്കാരിലെ പ്രമാണിമാര്‍ ഇതില്‍ ക്ഷുഭിതരായി. അവരെല്ലാം ഫെഡറിക്കിനെ വധിക്കാന്‍ അവസരം കാത്തിരുന്നു. ഡെബോനയറിലെ ചക്രവര്‍ത്തിയായിരുന്ന ലൂയിസിന്റെയും ചക്രവര്‍ത്തിനി ജൂഡിത്തിന്റെയും കുടുംബപ്രശ്‌നങ്ങളിലും ഫെഡറിക് ഇടപെട്ടു. ജൂഡിത്ത് ഭര്‍ത്താവിനോട് നീതി പുലര്‍ത്തുന്ന ഭാര്യയായിരുന്നില്ല. പല കുത്തഴിഞ്ഞ ബന്ധങ്ങളും അവള്‍ക്കുണ്ടായിരുന്നു. ഇതറിഞ്ഞ ഫെഡറിക് പരസ്യമായി അവളെ ചോദ്യം ചെയ്തു. 838 ല്‍ കുത്തേറ്റ് വി. ഫെഡറിക് മരിക്കുമ്പോള്‍ അദ്ദേഹത്തെ കൊന്നതാരാണ് കണ്ടെത്താനായില്ല. ജൂഡിത്ത് വിലയ്‌ക്കെടുത്ത ഒരു കൊലയാളിയാണ് ഫെഡറിക്കിനെ കൊന്നതെന്നും അതല്ല, അദ്ദേഹത്തെ കൊല്ലാന്‍ അവസരം പാര്‍ത്തിരുന്ന അന്യമത പുരോഹിതന്‍മാരാണ് കൊല നടത്തിയതെന്നും രണ്ടുപക്ഷമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *