വി. ജോസഫ് ബര്‍ശബാസ്

ജൂലൈ 20

യേശുവിന്റെ 72 ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു ബര്‍ശബാസ് എന്നുവിളിക്കപ്പെട്ടിരുന്ന ജോസഫ്. യേശുവിന്റെ കുരിശുമരണത്തിനും സ്വര്‍ഗാരോഹണത്തിനും ശേഷം പന്ത്രണ്ടാമത്തെ ശ്ലീഹായെ തിരഞ്ഞെടുക്കുന്ന സംഭവം നടപടി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇവിടെ ബര്‍ശബാസിന്റെ കാര്യം പരാമര്‍ശിക്കപ്പെടുന്നു. ഒറ്റുകാരനായ യൂദാസ് സ്‌കറിയോത്തയുടെ സ്ഥാനത്ത് പന്ത്രണ്ടാം ശ്ലീഹായായി തിരഞ്ഞെടുക്കപ്പെടുന്നത് മത്തിയാസ് എന്ന ക്രിസ്തുശിഷ്യനായിരുന്നു. ബര്‍ശബാസിന്റെയും മത്തിയാസിന്റെയും പേരെഴുതി നറുക്കിട്ടപ്പോഴാണ് മത്തിയാസിന് ആ പദവി ലഭിക്കുന്നതെന്ന് ബൈബിളില്‍ വായിക്കാം. യേശുക്രിസ്തു സ്‌നാപകയോഹന്നാനില്‍ നിന്നു മാമോദീസ സ്വീകരിക്കുന്നതു മുതല്‍ അവിടുത്തെ സ്വര്‍ഗാരോഹണം വരെ ശിഷ്യന്‍മാരില്‍ ഒരാളായി ബര്‍ശബാസും ഉണ്ടായിരു ന്നുവെന്ന് തിരഞ്ഞെടുപ്പിനു മുന്നോടിയായി പത്രോസ് പറയുന്നുണ്ട്. ശേഷം നടപടി പുസ്തകത്തില്‍ നിന്ന് വായിക്കാം: ‘ബര്‍ശബാസ് എന്നു വിളിക്കപ്പെടുന്നവനും യൂസ്ത്തൂസ് എന്ന് അപരനാമമുള്ളവനുമായ ജോസഫ്, മത്തിയാസ് എന്നിങ്ങനെ രണ്ടുപേരെ അവര്‍ നാമനിര്‍ദേശം ചെയ്തു. അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചു. ”സകല മനുഷ്യരുടെയും ഹൃദയങ്ങള്‍ അറിയുന്നവനായ കര്‍ത്താവേ, യൂദാസ് താന്‍ അര്‍ഹിക്കുന്നിടത്തേക്ക് പോകാന്‍ വേണ്ടി നഷ്ടമാക്കിയ ശുശ്രൂഷാപദവിയും ശ്ലൈഹിസ്ഥാനവും ഏറ്റെടുക്കാന്‍ ഇവരില്‍ ആരെയാണ് അങ്ങ് തിരഞ്ഞെടുക്കുന്നതെന്നു ഞങ്ങള്‍ക്കു വ്യക്തമാക്കിത്തരേണമേ..” അനന്തരം അവര്‍ കുറിയിട്ടു. മത്തിയാസിനാണ് കുറി വീണത്. അദ്ദേഹം പതിനൊന്നു ശ്ലീഹന്‍മാര്‍ക്കൊപ്പം എണ്ണപ്പെടുകയും ചെയ്തു.” (നടപടി 1: 23-26) കുറിയിട്ടപ്പോള്‍ ബര്‍ശബാസ് തിരഞ്ഞെടുക്കപ്പെട്ടില്ല എന്നതിന്റെ അര്‍ഥം അദ്ദേഹത്തെ ദൈവത്തിനു ഇഷ്ടമില്ലായിരുന്നുവെന്നല്ല. 72 ശിഷ്യന്‍മാരില്‍ അപ്പസ്‌തോലന്‍മാര്‍ ഒഴിച്ചുള്ളവരില്‍ ഏറ്റവും വിശുദ്ധരായ രണ്ടുപേരെയാവുമല്ലോ മറ്റു ശിഷ്യന്‍മാര്‍ ചേര്‍ന്ന് തിരഞ്ഞെടുത്തത്. അവരില്‍ നിന്ന് ഏറ്റവും യോജിക്കുന്ന ഒരാളെ തിരഞ്ഞെടുക്കാനായി അവര്‍ നറുക്കിട്ടു എന്നു മാത്രം.നടപടി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നതല്ലാതെ മറ്റൊന്നും വി. ജോസഫ് ബര്‍ശബാസ് വിശുദ്ധനെക്കുറിച്ച് നമുക്ക് അറിവില്ല.

Leave a Reply

Your email address will not be published. Required fields are marked *