വി. ഇഗ്നേഷ്യസ് ലയോള

ജൂലൈ 31

സ്‌പെയിനിലെ ലയോള എന്ന കുടുംബത്തില്‍ പന്ത്രണ്ടു മക്കളില്‍ ഇളയവനായാണ് വി. ഇഗ്നേഷ്യസ് ലയോള ജനിച്ചത്. ഇനീഗോ എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. സൈനിക വിദ്യാഭ്യാസം ലഭിച്ച ശേഷം ഇഗ്നേഷ്യസ് 1517 ല്‍ സൈന്യത്തില്‍ ചേര്‍ന്നു. നിരവധി യുദ്ധങ്ങളില്‍ അദ്ദേഹം തന്റെ നാടിനു വേണ്ടി പോരാടി. ഒരിക്കല്‍ യുദ്ധത്തിനിടെ അദ്ദേഹത്തിന്റെ കാലിനു പരുക്കേറ്റു. അതോടെ സൈനിക ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. ദിവസങ്ങളോളം ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞു. ദുസ്സഹമായ വേദനയ്ക്കിടെ ആശ്വാസം കണ്ടെത്താന്‍ അദ്ദേഹത്തിനു ഒന്നുമില്ലായിരുന്നു. വിശുദ്ധരുടെ ജീവിതകഥകള്‍ വിവരിക്കുന്ന ഒരു പുസ്തകം ആശുപത്രിയില്‍ അദ്ദേഹത്തിനു വായിക്കാന്‍ കിട്ടി. തന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനിരിക്കുന്ന പുസ്തകമാണെന്ന് അറിയാതെ അദ്ദേഹമത് വായിച്ചു തുടങ്ങി. ഒരോ വിശുദ്ധരും അവരുടെ വിശ്വാസജീവിതത്തെ മുന്നോട്ട് നയിച്ച വിധം അദ്ദേഹത്തില്‍ പുതിയൊരു ഉണര്‍വ് പകര്‍ന്നു. യേശുവിനെക്കുറിച്ചും പരിശുദ്ധ മറിയത്തെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ ഈ സമയത്ത് അദ്ദേഹം വായിച്ചു. ഒരു വിശുദ്ധനായി ജീവിക്കാന്‍ തനിക്ക് എന്തുകൊണ്ട് സാധിക്കില്ല എന്ന ചിന്തയാണ് ആ പുസ്തകങ്ങള്‍ അദ്ദേഹത്തിനു നല്‍കിയത്. പ്രാര്‍ഥനയുടെ ശക്തി മനസിലാക്കിയതോടെ തന്റെ വേദനകള്‍ കുറഞ്ഞുവന്നതായി അദ്ദേഹം കണ്ടു. പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിനു മുന്നില്‍ മുട്ടുകുത്തി നിന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. തന്റെ ജീവിതം യേശുവിനു വേണ്ടി നീക്കിവയ്ക്കുമെന്ന് അദ്ദേഹം അന്ന് ശപഥം ചെയ്തു. രോഗം പൂര്‍ണമായി സുഖപ്പെട്ടശേഷം ഒരു വര്‍ഷത്തോളം ആള്‍ത്താമസമില്ലാത്ത ഒരു ഗുഹയില്‍ പ്രാര്‍ഥനകളും കഠിനമായ ഉപവാസവുമായി അദ്ദേഹം ജീവിച്ചു. റോമിലേക്കും വിശുദ്ധനാടുകളിലേക്കുമുള്ള തീര്‍ഥാടനമായിരുന്നു പിന്നീട്. അവിടെ നിരവധി മുസ്‌ലിം മതവിശ്വാസികളെ യേശുവിന്റെ അനുയായികളാക്കി മാറ്റി. അദ്ദേഹത്തിന്റെ മതപരിവര്‍ത്തനം നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. അതോടെ അദ്ദേഹം മതപഠനത്തിലേക്ക് തിരിഞ്ഞു. ബാഴ്‌സിലോണിയ, പാരീസ് തുടങ്ങിയ സര്‍വകലാശാലകളില്‍ തിയോളജി പഠിച്ചു. 1534 ല്‍ ഇഗ്നേഷ്യസിന്റെ നേതൃത്വത്തില്‍ യേശുവിന്റെ നാമത്തിലുള്ള സന്യാസസഭയ്ക്കു തുടക്കമായി. 1541ല്‍ ഈ സംഘടനയ്ക്ക് പോപ്പിന്റെ ഔദ്യോഗിത അംഗീകാരം ലഭിച്ചു. വളരെവേഗം ഈശോ സഭ വളര്‍ന്നു. നിരവധിപേര്‍ അംഗങ്ങളായി. പ്രേഷിതജോലികള്‍ ലോകമെങ്ങും വ്യാപിപ്പിച്ചു. ഇഗ്നേഷ്യസ് മരിക്കുമ്പോള്‍ സഭയ്ക്ക് 100 ഭവനങ്ങളും ആയിരത്തിലേറെ അംഗങ്ങളുമുണ്ടായിരുന്നു. ഇന്ന് ജെസ്യൂട്ട് സഭയ്ക്ക് 500 സര്‍വകലാശാലകളും കോളജുകളും 30000 അംഗങ്ങളുമുണ്ട്. ഒരോ വര്‍ഷവും രണ്ടുലക്ഷത്തിലേറെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നുകൊടുക്കുന്നു. കടുത്ത പനി ബാധിച്ച് 65-ാം വയസിലാണ് അദ്ദേഹം മരിച്ചത്. 1622ല്‍ പോപ്പ് ഗ്രിഗറി പതിനഞ്ചാമന്‍ ഇഗ്നേഷ്യസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *