വി. എഥല്‍ഡ്രെഡ

ജൂൺ 24

ഇംഗ്ലണ്ടിലെ രാജകുടുംബത്തിലൊന്നില്‍ ജനിച്ച വി. എഥല്‍ഡ്രെഡ വിശുദ്ധയായ ജുര്‍മിന്റെ സഹോദരിയായിരുന്നു. രണ്ടു തവണ വിവാഹം കഴിച്ചിട്ടും എഥല്‍ഡ്രെഡ ഒരു കന്യകയായി തുടര്‍ന്നു എന്നാണ് കഥ. എഥല്‍ഡ്രെഡയുടെ ആദ്യം വിവാഹം മൂന്നു വര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളൂ. അതിനു ശേഷം ഭര്‍ത്താവ് മരിച്ചു. ആ മൂന്നു വര്‍ഷത്തിനിടയ്ക്കു ഒരിക്കല്‍ പോലും അവര്‍ ലൗകിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം ഇനി എന്നും കന്യകയായി തുടരുമെന്ന് യേശുവിന്റെ നാമത്തില്‍ അവള്‍ ശപഥം ചെയ്തുവെങ്കിലും ചില കുടുംബസാഹചര്യങ്ങള്‍ മൂലം അവള്‍ക്കു വീണ്ടും വിവാഹം കഴിക്കേണ്ടതായി വന്നു. പുതിയ ഭര്‍ത്താവിനോട് ആദ്യ ദിവസം തന്നെ തന്റെ ശപഥത്തെക്കുറിച്ച് അവള്‍ പറഞ്ഞു. സഹോദരനെയും സഹോദരിയെയും പോലെ ജീവിക്കാമെന്ന് അയാള്‍ സമ്മതിച്ചു. എന്നാല്‍, പീന്നീട് ആ മനുഷ്യന്‍ അവളെ സാമ്പത്തികമായും മറ്റും ദുരുപയോഗപ്പെടുത്തുന്നു എന്ന് തിരിച്ചറിഞ്ഞതോടെ അവള്‍ അയാളെ ഉപേക്ഷിച്ചു. എഥല്‍ഡ്രെഡയുമായി ഭാര്യാഭര്‍ത്താക്ക ന്‍മാരെ പോലെ ജീവിക്കാന്‍ അയാള്‍ മോഹിച്ചിരുന്നു. വിശുദ്ധനായി പിന്നീട് പ്രഖ്യാപിക്കപ്പെട്ട ബിഷപ്പ് വില്‍ഫ്രണ്ടിനെ സമീപിച്ച് തന്റെ ഭാര്യയെ വ്രതവാഗ്ദാനത്തില്‍ നിന്നു പിന്തിരിപ്പി ക്കണമെന്ന് അയാള്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ബിഷപ്പ് അതിനു തയാറായില്ല. എഥല്‍ഡ്രെഡയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ആ മനുഷ്യനില്‍ നിന്നു രക്ഷനേടുന്നതിനു വേണ്ടി ദൂരസ്ഥലത്തുള്ള ഒരു സന്യാസസമൂഹത്തിലേക്ക് അവളെ ബിഷപ്പ് പറഞ്ഞയച്ചു. ഭര്‍ത്താവ് പിന്തുടര്‍ന്നു. ഏഴു ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ എഥല്‍ഡ്രെഡയെ കണ്ടെത്താനാവാതെ ആ മനുഷ്യന്‍ പിന്‍വാങ്ങി. എഥല്‍ഡ്രെഡ തന്റെ ബന്ധുവായ വിശുദ്ധ എബ്ബയ്‌ക്കൊപ്പം കുറച്ചുനാള്‍ ജീവിച്ചു. പിന്നീട് പൂര്‍ണമായും സന്യാസവ്രതം സ്വീകരിച്ചു. പാവങ്ങളോടുള്ള എഥല്‍ഡ്രെഡയുടെ കാരുണ്യം വളരെ പ്രസിദ്ധമായിരുന്നു. അവള്‍ അവര്‍ക്കെല്ലാം പ്രിയങ്കരിയായി മാറി. നിരവധി രോഗികളെ സുഖപ്പെടുത്തി. ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലാകുന്നതു വരെ അവള്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. പഴയകാല ജീവിതത്തില്‍ ചെയ്തു പോയ തെറ്റുകളുടെ പ്രായശ്ചിത്തമായാണ് എഥല്‍ഡ്രെഡ തന്റെ രോഗത്തെ കണ്ടത്. വിധവകളുടെ മധ്യസ്ഥയായാണ് എഥല്‍ഡ്രെഡ അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *