വി. ബര്‍ണാബാസ്

ജൂൺ 11

തനിക്കുള്ള സ്വത്തും പണവുമെല്ലാം ഒരു മടിയും കൂടാതെ ദൈവത്തിനു സമര്‍പ്പിച്ച വിശുദ്ധനായ വി. ബര്‍ണാബാസിന്റെ കഥ ബൈബിളില്‍ നടപടി പുസ്തകത്തില്‍ നമുക്കു വായിക്കാം. പെന്തകുസ്താദിനത്തില്‍ പരിശുദ്ധാത്മാവ് ശിഷ്യന്‍മാരിലേക്ക് തീനാളത്തിന്റെ രൂപത്തില്‍ ഇറങ്ങിവന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ശിഷ്യന്‍മാര്‍ സുവിശേഷപ്രസംഗങ്ങള്‍ ആരംഭിച്ചു. തനിക്കുള്ളതെല്ലാം വിറ്റ് ആ പണം ശിഷ്യന്‍മാരെ ഏല്‍പിച്ച ബര്‍ണാബാസിന്റെ യഥാര്‍ഥ പേര് യൗസേപ്പ് എന്നായിരുന്നു. നടപടി പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം: ”കര്‍ത്താവായ ഈശോയുടെ ഉത്ഥാനത്തിനു ശ്ലീഹന്‍മാര്‍ വലിയ പ്രാഭവത്തോടെ സാക്ഷ്യം നല്‍കി…വീടുകളും പുരയിടങ്ങളും ഉണ്ടായിരുന്നവര്‍ അവയെല്ലാം വിറ്റു കിട്ടിയ പണം ശ്ലീഹന്‍മാരുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു. ഒരോരുത്തരുടെയും ആവശ്യമനുസരിച്ച് അതു വിതരണം ചെയ്യപ്പെട്ടു. സൈപ്രസുകാരനായ യൗസേപ്പ് എന്നൊരു ലേവായനുണ്ടായിരുന്നു. ശ്ലീഹന്‍മാര്‍ അദ്ദേഹത്തെ ‘ആശ്വാസത്തിന്റെ പുത്രന്‍’ എന്നര്‍ഥമുള്ള ‘ബര്‍ണബാ’ എന്നാണു വിളിച്ചിരുന്നത്. അദ്ദേഹവും തനിക്കു സ്വന്തമായുണ്ടായിരുന്ന നിലം വിറ്റുകിട്ടിയ പണം ശ്ലീഹന്‍മാരുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു.” നടപടി പുസ്തകത്തില്‍ മറ്റു പല ഭാഗങ്ങളില്‍ ബര്‍ണാബാസിനെപ്പറ്റി പറയുന്നുണ്ട്. പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിനുശേഷം ശ്ലീഹന്‍മാരോടൊപ്പം ബര്‍ണാബാസ് വിജാതീയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കാനായി പോയി. പൗലോസിന്റെയും ബര്‍ണാബാസിന്റെയും പ്രസംഗങ്ങളും അദ്ഭുതപ്രവര്‍ത്തികള്‍ക്കും സാക്ഷിയായവര്‍ പൗലോസിനെ ഗ്രീക്ക് ദൈവങ്ങളായ ഹെര്‍മസ് എന്നും സേവൂസ് എന്നും വിളിച്ചതായി നടപടി പുസ്തകത്തില്‍ പറയുന്നുണ്ട്. പൗലോസും ബര്‍ണാബാസും ജെറുസലേം സുനേഹദോസു വരെ ഒന്നിച്ചു യാത്ര ചെയ്തു. പല സ്ഥലങ്ങളിലും അവര്‍ സുവിശേഷം പ്രസംഗിച്ചു. പിന്നീട് ചെറിയ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇരുവരും രണ്ടു വഴിക്കു പോയി. സൈപ്രസില്‍ വച്ച് എ.ഡി. 61 ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ‘ബര്‍ണാബാസിന്റെ സുവിശേഷം’ എന്ന പേരില്‍ ഒരു അപോക്രിപ് ഗ്രന്ഥം കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *