വി. ഗോഡ്രിക്

മെയ് 21

സാഹസികനായ ഒരു വിശുദ്ധനായിരുന്നു വി. ഗോഡ്രിക്. പാപം നിറഞ്ഞ ഒരു ജീവിതത്തില്‍ നിന്നു വിശുദ്ധിയിലേക്ക് കടന്നുവന്നതായിരുന്നു ആ ജീവിതം. കരയിലൂടെയും കടലിലൂടെയും പതിനായിരക്ക ണക്കിനു കിലോമീറ്റര്‍ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ടാവും. ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളിലൂടെ തുടങ്ങിയ ആ യാത്ര പിന്നീട് യൂറോപ്പ് മുഴുവന്‍ വ്യാപിപ്പിച്ചു. ഇംഗ്ലണ്ടിലെ ഒരു കര്‍ഷകകുടുംബത്തിലാണ് ഗോഡ്രിക് ജനിച്ചത്. മൂന്നു മക്കളില്‍ മൂത്തവന്‍. യുവാവായിരിക്കെ വീടുകളിലെത്തി കച്ചവടം നടത്തുകയായിരുന്നു ഗോഡ്രിക്കിന്റെ തൊഴില്‍. പിന്നീട് ദൂരസ്ഥലങ്ങളിലേക്കും കച്ചവടം വ്യാപിപ്പിച്ചു. യാത്രകള്‍ക്കിടയില്‍ വളരെ മോശപ്പെട്ട ഒരു ജീവിതമായിരുന്നു അയാള്‍ നയിച്ചത്. മദ്യപാനം പതിവായിരുന്നു. കുടിച്ചു ലക്കു കെട്ട് ആളുകളോട് വഴക്കുകൂടുക, അവരെ മര്‍ദിക്കുക, വേശ്യകളോടൊപ്പം അന്തിയുറങ്ങുക… ഇങ്ങനെയായിരുന്നു ജീവിതം. ഗോഡ്രിക്കിന്റെ ജീവിതത്തെ പറ്റിയുള്ള ചില പുസ്തകങ്ങളില്‍ അയാള്‍ ഒരു കടല്‍ക്കൊള്ളക്കാരനായിരുന്നുവെന്നും കാണാം. വിശുദ്ധനായിരുന്ന കത്ത്ബര്‍ട്ടിന്റെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിച്ചതോടെയാണ് ഗോഡ്രിക്കില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. കത്ത്ബര്‍ട്ടിന്റെ ജീവിതം ഗോഡ്രിക്കിനെ വല്ലാതെ ആകര്‍ഷിച്ചു. ആ വിശുദ്ധനെ പോലെ ജീവിക്കാനായിരുന്നെങ്കില്‍… ജറുസലേമിലേക്കു ഒരു തീര്‍ഥയാത്ര നടത്തിയാണ് തന്റെ വിശുദ്ധ ജീവിതത്തിനു ഗോഡ്രിക് തുടക്കം കുറിച്ചത്. പിന്നീട് വര്‍ഷങ്ങളോളം വനാന്തരത്തില്‍ തപസ് അനുഷ്ഠിച്ചു. താന്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കു പ്രായശ്ചിത്തമായിട്ടാണ് മരണം വരെ അദ്ദേഹം ജീവിച്ചത്. പകലും രാത്രിയും മുഴുവന്‍ അദ്ദേഹം പ്രാര്‍ഥനയില്‍ മുഴുകി. ആ സമയം തന്നെ അദ്ദേഹത്തിനു മതിയായില്ല. രോഗങ്ങള്‍ ബാധിച്ചപ്പോള്‍ അവയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. വന്യമൃഗങ്ങളോടുള്ള അടുപ്പമാണ് ഗോഡ്രിക്കിനെ പ്രശസ്തനാക്കിയത്. മൃഗങ്ങള്‍ അദ്ദേഹത്തിന്റെ ആജ്ഞകള്‍ അനുസരിച്ച് അദ്ദേഹത്തിനൊപ്പം കഴിഞ്ഞു. ഒട്ടേറെ അദ്ഭുതങ്ങളും ഗോഡ്രിക് പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *