സിയന്നയിലെ വി. ബെര്‍ണാഡീന്‍

മെയ് 20

വിശുദ്ധനായിരുന്ന വിന്‍സന്റ് ഫെററര്‍ ഒരിക്കല്‍ ഒരു ദേവാലയത്തില്‍ സുവിശേഷ പ്രസംഗം നടത്തുകയായിരുന്നു. ധാരാളം ആളുകള്‍ ഒത്തുചേര്‍ന്നിരുന്നു. എല്ലാവരും വളരെ ശ്രദ്ധയോടെ വിന്‍സന്റിന്റെ ഒരോ വാക്കും ശ്രവിച്ചു. പെട്ടെന്ന്, പ്രസംഗം ഇടയ്ക്കുവച്ചു നിര്‍ത്തിയശേഷം ഫെററര്‍ ജനങ്ങളോട് പ്രഖ്യാപിച്ചു. ”ഇവിടെ കൂടിയിരിക്കുന്നവരില്‍ എന്നെക്കാള്‍ വലിയ സുവിശേഷ പ്രാസംഗികനായി മാറുന്ന ഒരു യുവാവുണ്ട്.” വിന്‍സന്റ് ഫെററര്‍ പ്രവചിച്ചതു പോലെ സംഭവിച്ചു. അന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന ഒരു യുവാവ് പിന്നീട് വളരെ പ്രശസ്തനായ സുവിശേഷ പ്രാസംഗികനായി മാറി. പേര് ബെര്‍ണാഡീന്‍. ഇറ്റലിയിലെ സിയന്നയില്‍ ജനിച്ച ബെര്‍ണാഡീന്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അനാഥനായി തീര്‍ന്നു. അവന്റെ മൂന്നാമത്തെ വയസില്‍ അമ്മയെയും ഏഴാം വയസില്‍ അച്ഛനെയും നഷ്ടമായി. പിന്നീട് തന്റെ അമ്മയുടെ സഹോദരിയായ ഡിയാന എന്ന സ്ത്രീയാണ് ബെര്‍ണാഡീനെ വളര്‍ത്തിയത്. പിന്നീട് വലിയ പ്രാസംഗികനായി തീര്‍ന്ന ബെര്‍ണാഡീനു ചെറുപ്പത്തില്‍ വിക്കുണ്ടായിരുന്നു. എന്നാല്‍, ബെര്‍ണാഡീന്‍ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചതോടെ, അവന്റെ വിക്ക് അദ്ഭുതകരമായി ഇല്ലാതായി. ബെര്‍ണാഡീന്റെ പ്രസംഗം കേള്‍ക്കാനെത്തുന്നവര്‍ക്ക് ദൈവികമായ അനുഭൂതി പകര്‍ന്നുകിട്ടുമായിരുന്നു. ധാരാളം പേര്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ച് യേശുവിനെ നാഥനും ദൈവവുമായി സ്വീകരിച്ചു. ഇറ്റലി മുഴുവന്‍ ബെര്‍ണാഡീന്റെ വിശുദ്ധിയെപ്പറ്റി പ്രചരിച്ചു. ഏതാണ്ട് പതിനെട്ടു വര്‍ഷത്തോളം സുവിശേഷ പ്രസംഗം നടത്താത്ത ഒരു ദിവസം പോലും ബെര്‍ണാഡീന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. നിരവധി രോഗികളെ ബെര്‍ണാഡീന്‍ സുഖപ്പെടുത്തി. അവരില്‍ ഏറിയ പങ്കും കുഷ്ഠ രോഗികളായിരുന്നു. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ഒരു ഭയവും കൂടാതെ സന്ദര്‍ശിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് സിയന്നയിലെ വി. ബെര്‍ണാഡീന്‍ ശീലമാക്കിയിരുന്നു. മരണ സമയത്ത്, ബെര്‍ണാഡീന്‍ ഇങ്ങനെയാണ് പ്രാര്‍ഥിച്ചത്. ”എന്റെ പിതാവേ, അങ്ങയുടെ നാമം ഞാന്‍ ജനങ്ങളുടെ മുന്നില്‍ എത്തിച്ചു. എന്നെ അനുഗ്രഹിക്കണമേ..”

Leave a Reply

Your email address will not be published. Required fields are marked *