വി. അകാസിയൂസ്

മെയ് 8

ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് വി. അകാസിയൂസ്. അഗാത്തിയൂസ്, അഗതസ് തുടങ്ങിയ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ത്രാസ് എന്ന സ്ഥലത്ത് തമ്പടിച്ചിരുന്ന റോമന്‍ സൈന്യത്തിലെ ഒരു ശതാധിപനായിരുന്നു അകാസിയൂസ്. ക്രിസ്തുവിന്റെ അനുയായിയായിരുന്നു അദ്ദേഹം. റോമന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ക്രൈസ്തവ കൂട്ടായ്മകളില്‍ പങ്കെടുക്കുകയും നിരവധി പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റുകയും ചെയ്ത അകാസിയൂസ്, ഡിയോക്ലിഷന്‍ ചക്രവര്‍ത്തി മതപീഡനം വ്യാപകമാക്കിയതോടെ അതിനെ എതിര്‍ക്കുകയായിരുന്നു. തന്റെ ആജ്ഞകള്‍ ലംഘിക്കുന്ന ശതാധിപനെ ഡിയോക്ലിഷന്‍ തടവിലാക്കി. വിശ്വാസം നിഷേധിച്ച് റോമന്‍ ദൈവത്തെ ആരാധിക്കാന്‍ തയാറാകുന്നവരെ ഡിയോക്ലീഷന്‍ മോചിപ്പിക്കുമായിരുന്നു. എന്നാല്‍, യേശുവിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടാണ് അകാസിയൂസ് എടുത്തത്. ദിവസങ്ങളോളം തടവില്‍ ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ദിവസവും ചമ്മട്ടികൊണ്ട് എണ്ണമില്ലാത്ത അടി കിട്ടി. ദേഹം മുഴുവന്‍ രക്തത്താല്‍ കുളിച്ച് തടവില്‍ കഴിഞ്ഞു. യേശുവിനെ തള്ളിപ്പറയാന്‍ തയാറാവുന്നില്ലെന്നു മനസിലാക്കിയതോടെ അകാസിയൂസിനെ തലയറുത്ത് കൊലപ്പെടുത്തി. ‘നാല്‍പതു വിശുദ്ധ സേവകര്‍’ എന്നറിയപ്പെടുന്ന വിശുദ്ധരില്‍ ഒരാളാണ് വി. അകാസിയൂസ്. വിവിധ രോഗങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കു വിശുദ്ധരോട് പ്രാര്‍ഥിക്കുകയും രോഗം മാറുകയും ചെയ്യുന്നു എന്ന് അനുഭവപ്പെട്ടതോടെയാണ് നാല്‍പതു വിശുദ്ധ സേവകര്‍ എന്ന പേരില്‍ ഇവര്‍ അറിയപ്പെടാന്‍ തുടങ്ങിയത്. തലവേദനയില്‍ നിന്നുള്ള രക്ഷയ്ക്കാണ് അകാസിയൂസിനെ മധ്യസ്ഥനായി പ്രാര്‍ഥിക്കുന്നത്. പതിനാലാം നൂറ്റാണ്ടില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പ്ലേഗിന്റെ ലക്ഷണങ്ങള്‍ പലതായിരുന്നു. ഈ ഒരോ ലക്ഷണങ്ങള്‍ക്കും ഒരോ വിശുദ്ധരോട് പ്രാര്‍ഥിക്കുന്ന പതിവ് അന്നു മുതലാണ് തുടങ്ങിയത്. ഈ നാല്‍പതു വിശുദ്ധരില്‍ ഒരോരുത്തര്‍ക്കും ഒരോ ഓര്‍മദിവസമുണ്ടെങ്കിലും എല്ലാവരെയും ഒന്നിച്ച് അനുസ്മരിക്കുന്നത് ഓഗസ്റ്റ് എട്ടിനാണ്. നാല്‍പതു വിശുദ്ധരോടുള്ള പ്രാര്‍ഥനകളും നൊവേനകളും ലുത്തിനിയയും ഏറെ പ്രസിദ്ധമാണ്. നാല്‍പതു വിശുദ്ധ സേവകരെ അനുസ്മരിച്ചു പ്രാര്‍ഥിക്കുന്ന പതിവ് കത്തോലിക്കാ സഭ പിന്നീട് നിര്‍ത്തിയെങ്കിലും ഈ വിശുദ്ധരോട് പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ നേടുന്നവര്‍ ഇപ്പോഴും ഏറെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *