വി. ഇഗ്നേഷ്യസ്

മെയ് 11

ദരിദ്രനായ ഒരു കര്‍ഷകന്റെ മകനായിരുന്നു വി. ഇഗ്നേഷ്യസ്. ഒരോ ദിവസവും തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബം. മറ്റ് ആറു സഹോദരങ്ങള്‍ കൂടിയുണ്ടായിരുന്നു ഇഗ്നേഷ്യസിന്. പട്ടിണിയുടെ ദിവസങ്ങളായിരുന്നു എന്നും. വളരെ ചെറിയ പ്രായം മുതല്‍ തന്നെ കര്‍ഷകനായ അച്ഛനൊപ്പം കൃഷിജോലികള്‍ ചെയ്യാന്‍ ഇഗ്നേഷ്യസ് നിര്‍ബന്ധിതനായി. എന്നാല്‍, 17 വയസു പ്രായമായപ്പോള്‍ പെട്ടെന്നൊരു ദിവസം അവന്‍ രോഗബാധിതനായി. ദാരിദ്ര്യത്തിനിടയില്‍ രോഗം കൂടിയായതോടെ ആ കുടുംബം ജീവിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. തന്റെ രോഗം മാറ്റിത്തരണമെന്നു കരഞ്ഞു പ്രാര്‍ഥിച്ച ഇഗ്നേഷ്യസ് രോഗം മാറിയാല്‍ പുരോഹിതനായി പ്രേഷിതപ്രവര്‍ത്തനം നടത്താമെന്നു ശപഥം ചെയ്തു. രോഗം മാറി. എന്നാല്‍, പുരോഹിതനാകാന്‍ ഇഗ്നേഷ്യസിനെ അച്ഛന്‍ അനുവദിച്ചില്ല. കുറച്ചുനാള്‍ കൂടി കാത്തിരിക്കാനായിരുന്നു അയാള്‍ ഇഗ്നേഷ്യസിനോട് ആവശ്യപ്പെട്ടത്. അങ്ങനെയിരിക്കെ ഒരു ദിവസം കുതിരപ്പുറത്തു യാത്ര ചെയ്യുകയായിരുന്ന ഇഗ്നേഷ്യസ് പെട്ടെന്നു കുതിരയുടെ മേലുള്ള നിയന്ത്രണം വിട്ടു. കുതിര ചീറിപ്പാഞ്ഞു. ഭയംകൊണ്ട് അവന്‍ ദൈവത്തെ വിളിച്ചു. തന്റെ ശപഥം പാലിച്ചുകൊള്ളാമെന്നു ആവര്‍ത്തിച്ചു പ്രാര്‍ഥിച്ചു. പെട്ടെന്ന് കുതിര ഓട്ടം നിര്‍ത്തി. തന്നെ പല തവണ മരണത്തില്‍ നിന്നു രക്ഷപ്പെടുത്തിയ ദൈവത്തെ അവന്‍ സ്തുതിച്ചു. വൈകാതെ വി. ബെനഡിക്ടിന്റെ കീഴിലുള്ള സന്യാസിമഠത്തില്‍ ചേര്‍ന്നു. അവിടെ 15 വര്‍ഷത്തോളം സേവനം ചെയ്തശേഷം അദ്ദേഹം വീടുകള്‍ തോറും കയറിയിറങ്ങി യേശുവിന്റെ നാമം പ്രസംഗിച്ചു. എല്ലാ വീടുകളിലും കയറി സംഭാവനകളും ഭക്ഷണസാമഗ്രികളും സ്വീകരിച്ച് സന്യാസിമഠത്തില്‍ എത്തിക്കുക ഇഗ്നേഷ്യസിന്റെ ചുമതലയായിരുന്നു. എന്നാല്‍, അവിടെയുള്ള പിശുക്കനായ ഒരു പണക്കാരന്റെ വീട്ടില്‍ മാത്രം ഇഗ്നേഷ്യസ് കയറാന്‍ തയാറായില്ല. തന്റെ വീട്ടില്‍ മാത്രം ഇഗ്നേഷ്യസ് കയറാതെ പോകുന്നു എന്നു മനസിലാക്കിയ അയാള്‍ ഇഗ്നേഷ്യസിന്റെ മേലധികാരികളോട് പരാതി പറഞ്ഞു. അവരുടെ ആവശ്യപ്രകാരം ഇഗ്നേഷ്യസ് അയാളുടെ വീട്ടില്‍ പോയി. ഒരു ചാക്ക് നിറയെ അരി അയാള്‍ കൊടുത്തയച്ചു. ആ ചാക്കില്‍ നിന്ന് അരി പൂര്‍ണമായി എടുത്തുകഴിഞ്ഞപ്പോള്‍ ചാക്കില്‍ഫ നിന്നു രക്തമൊഴുകാന്‍ തുടങ്ങി. ”ഇത് പാവങ്ങളുടെ രക്തമാണ്” എന്നു ഇഗ്നേഷ്യസ് വിളിച്ചുപറഞ്ഞു. ആ വീട്ടില്‍ ഞാന്‍ ഭിഷയാചിക്കാന്‍ പോകാഞ്ഞതും ഇതു കൊണ്ടുതന്നെ. 1781 മേയ് 11ന് ഇഗ്നേഷ്യസ് മരിച്ചു. 1951ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ ഇഗ്നേഷ്യസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *