ജോവാന്‍ ഓഫ് ആര്‍ക്

മെയ് 30

ജോവാന്‍ ഓഫ് ആര്‍ക് എന്ന ധീരവനിതയെ കുറിച്ച് കേട്ടിട്ടിഫല്ലാത്തവര്‍ കുറവായിരിക്കും. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ജോവാന്റെ കഥ ഒരു വിശുദ്ധയുടെ കഥ കൂടിയാണ്. ജോവാന്റെ മരണത്തിനും അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവരെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സംഭവ ബഹുലമാണ് ജോവാന്റെ കഥ. ഫ്രാന്‍സിലെ ലൊറൈനിലാണ് അവര്‍ ജനിച്ചത്. യേശുവിനെ കുഞ്ഞുനാള്‍ മുതല്‍ സ്‌നേഹിച്ച ജോവാന് 13-ാം വയസു മുതല്‍ ദര്‍ശനങ്ങള്‍ ലഭിച്ചു തുടങ്ങി. മിഖായേല്‍ ദൈവദൂതല്‍, നാലാം നൂറ്റാണ്ടില്‍ ജീവിച്ച വി. മാര്‍ഗരറ്റ്, കന്യകയായ വി. കാതറിന്‍ എന്നിവര്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. ആടുകളെ മേയ്ക്കുകയായിരുന്നു ജോവാന്റെ തൊഴില്‍. വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ ദൈവം വലിയ ചുമതലകളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അവള്‍ മനസിലാക്കി. അക്കാലത്ത് ഫ്രാന്‍സിന്റെ ഭൂരിഭാഗവും ഇംഗ്ലണ്ടിന്റെ കീഴിലായിരുന്നു. ഫ്രാന്‍സിന്റെ യഥാര്‍ഥ രാജാവിനെ കണ്ടെത്തി അദ്ദേഹത്തിനു രാജ്യം തിരിച്ചുനേടിക്കൊടുക്കുക എന്നതായിരുന്നു അവള്‍ക്കു ദൈവം കൊടുത്ത ചുമതല. കൗമാരപ്രായം വിട്ടിട്ടില്ലാത്ത ഒരു ആട്ടിടയത്തി ഇംഗ്ലണ്ട് പോലെ ഒരു വലിയ സാമ്രാജ്യത്തോട് എങ്ങനെ പോരാടും? ഏതാണ്ട് മൂന്നുവര്‍ഷത്തോളം അവള്‍ ഇതു മനസിലിട്ടുകൊണ്ടു നടന്നു. ദര്‍ശനങ്ങള്‍ വീണ്ടും ലഭിച്ചതോടെ അവള്‍ രംഗത്തിറങ്ങി. കിരീടാവകാശിയായ ചാള്‍സ് ഏഴാമനെ കണ്ടെത്തി തനിക്കുണ്ടായ ദര്‍ശനങ്ങളെക്കുറിച്ചു പറഞ്ഞു. ഫ്രഞ്ച് സൈന്യത്തെ നയിക്കുന്ന ചുമതല ജോവാന്‍ ഏറ്റെടുത്തു. ‘ഈശോ, മറിയം’ എന്നെഴുതിയ വലിയൊരു ബാനറും മുന്നില്‍ പിടിച്ചുകൊണ്ട് അവള്‍ പടനയിച്ചു. യുദ്ധത്തിനിടെ പരുക്കേറ്റിട്ടും ജോവാന്‍ പിന്‍മാറിയില്ല. ഫ്രാന്‍സിന്റെ പ്രദേശങ്ങള്‍ ഒരോന്നായി തിരിച്ചുപിടിച്ചു. ചാള്‍സ് ഏഴാമനു തന്റെ സിംഹാസനം തിരികെ കൊടുക്കുന്നതിന് ജോവാന്റെ പോരാട്ടങ്ങള്‍ സഹായിച്ചു. പാരീസ് പിടിച്ചെടുക്കുന്നതിനുള്ള പോരാട്ടം തുടരുന്നതിനിടെ ജോവാനു വീണ്ടും പരുക്കേറ്റു. വൈകാതെ അവള്‍ പിടിയിലായി. ക്രൂരമായ പീഡനങ്ങള്‍ അവള്‍ക്കു ഏറ്റുവാങ്ങേണ്ടി വന്നു. അവളെ വിവസ്ത്രയാക്കി പീഡിപ്പിച്ചു. ഇംഗ്ലീഷ് സൈന്യം അവളെ വിചാരണ നടത്തുകയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു. ജോവാനെ വിചാരണ നടത്തിയ ഇംഗ്ലീഷുകാരനായ ബിഷപ്പ് അവളെ കൊല്ലാനാണ് ഉത്തരവിട്ടത്. എന്നാല്‍, ജോവാന്റെ മരണശേഷം 23 വര്‍ഷം കഴിഞ്ഞപ്പോള്‍ അവളുടെ കേസ് വീണ്ടും വിചാരണ നടത്തുകയും അവളെ സഭ കുറ്റവിമുക്തയാക്കുകയും ചെയ്തു. 1920ല്‍ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു. തടവുകാരുടെയും സൈനികരുടെയും, ന്യായീകരണമില്ലാതെ സഭാ അധികൃതര്‍ കൈവിടുന്നവരുടെയും ബലാത്സംഗത്തിന് ഇരയാകുന്നവരുടെയുമൊക്കെ വിശുദ്ധയാണ് ജോവാന്‍.

Leave a Reply

Your email address will not be published. Required fields are marked *