കാതറീന സിറ്റാഡിനി

മെയ് 5

ഇറ്റലിയിലെ ബെര്‍ഗാമോയില്‍ 1801 നാണ് കാതറീന സിറ്റാഡിനി ജനിച്ചത്. ജിയോവന്നി ബാറ്റിസ്റ്റയുടെയും മാഗരിത്ത ലാന്‍സാനിയുടെയും മകളായ കാതറീനയ്ക്കു ഒരു ഇളയസഹോദരിയുമുണ്ടായിരുന്നു. പേര് ജൂഡിറ്റ. ആ രണ്ടു പെണ്‍മക്കളെയും ഈശ്വരചൈതന്യത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ അമ്മയായ മാഗരിത്ത ശ്രദ്ധവച്ചിരുന്നു. എന്നാല്‍, കാതറീന് ഏഴു വയസുള്ളപ്പോള്‍ പെട്ടെന്നൊരു ദിവസം അമ്മ മരിച്ചു. അതോടെ ആ കുരുന്നുകളുടെ ജീവിതം വഴിമുട്ടി. അച്ഛനായ ജിയോവന്നി അവരുടെ കാര്യത്തില്‍ ഒരു താത്പര്യവുമെടുത്തില്ലഫ. വേറെ വിവാഹം കഴിക്കുവാനും തന്റെ ഇഷ്ടത്തിനു ജീവിക്കാനുമാണ് ആ മനുഷ്യന്‍ ആഗ്രഹിച്ചത്. അയാള്‍ കാതറീനയെയും ജൂഡിറ്റയെയും ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്കു പോയി. കാതറീനയുടെ ജന്മനാട്ടില്‍ തന്നെയുള്ള ഒരു അനാഥാലയത്തിലാണ് ആ കുട്ടികള്‍ പിന്നീട് വളര്‍ന്നത്. കാതറീനയുടെ ജീവിതത്തെ മാറ്റിമറിച്ച ദിവസങ്ങളായിരുന്നു അത്. യേശുവിനെ അടുത്തറിയാനും ദൈവസ്‌നേഹത്തിന്റെ ആഴമറിയാനും അനാഥാലയത്തിലെ ജീവിതം അവളെ സഹായിച്ചു. പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ഥനയില്‍ എല്ലാ വേദനകളും അവര്‍ മറന്നു. തങ്ങള്‍ അനാഥരല്ലെന്നും ഈശോ തങ്ങളുടെ കൂടെയുണ്ടെന്നും കാതറീന വിശ്വസിച്ചു. ഏകദേശം 15 വര്‍ത്തോളം കാതറീനയും ജുഡിറ്റയും ആ അനാഥാലയത്തില്‍ ജീവിച്ചു. ഇവരുടെ ബന്ധുക്കളായ രണ്ടു പുരോഹിതരുടെ സംരക്ഷണയിലാണ് പിന്നീട് ഇവര്‍ ജീവിച്ചത്. അതില്‍ ഒരാളായിരുന്ന ഫാ. അന്റോണിയോ സിറ്റാഡിനിയായിരുന്നു കാതറീനയുടെ ആത്മീയ ഗുരുനാഥന്‍. പിന്നീട് സിറ്റാഡിനി എന്ന പേരിലാണ് കാതറീന അറിയപ്പെട്ടതും. ഫാ. അന്റോണിയോയുടെ സംരക്ഷണയില്‍ ജീവിക്കുന്ന സമയത്ത് ഇറ്റലിയിലെ തന്നെ സോമാസ്‌ക എന്ന സ്ഥലത്തുള്ള പെണ്‍കുട്ടികളുടെ ഒരു സ്‌കൂളില്‍ അധ്യാപികയായി കാതറീന ജോലി നോക്കി. ഒരു കന്യാസ്ത്രീയാകണമെന്ന മോഹം കാതറീനയ്ക്കുണ്ടായിരുന്നു. തന്റെ മോഹം അവള്‍ ഫാ. സിറ്റാഡിനിയോടു പറയുകയും ചെയ്തു. എന്നാല്‍, സോമാസ്‌കയില്‍ തന്നെ തുടരാനും പുതിയൊരു സന്യാസിനിമഠം തുടങ്ങാനുമാണ് അദ്ദേഹം നിര്‍ദേശിച്ചത്. സോമാസ്‌കയില്‍ തന്നെ ഒരു വീട് വാടകയ്‌ക്കെടുത്ത് പെണ്‍കുട്ടികള്‍ക്കുള്ള ഒരു സ്‌കൂളിനു കാതറീന തുടക്കമിട്ടു. കാതറീനയുടെ വിദ്യാഭ്യാസരീതി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു. കുട്ടികളെ ഈശ്വരവിശ്വാസത്തില്‍ നിറയ്ക്കുവാനും വ്യക്തമായ ദിശാബോധം നല്‍കുവാനും കഴിഞ്ഞു എന്നതായിരുന്നു കാതറീനയുടെ മഹത്വം. കൂടുതല്‍ കുട്ടികള്‍ ആ സ്‌കൂളിലെത്തി. വൈകാതെ രണ്ടു സ്‌കൂളുകള്‍ കൂടി തുടങ്ങാന്‍ കാതറീനയ്ക്കു കഴിഞ്ഞു. ഈ സമയത്ത് തന്നെ, സുവിശേഷപ്രസംഗങ്ങള്‍ നടത്തുവാനും കാതറീന സമയം കണ്ടെത്തി. അവളുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ എത്തുന്നവര്‍ പ്രത്യേകമായൊരു ആത്മീയ അനുഭൂതി കിട്ടുമായിരുന്നു. നിരവധി പേര്‍ യേശുവിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. 1840 വരെ കാതറീനയുടെ സഹോദരി ജൂഡിറ്റയായിരുന്നു സ്‌കൂളുകളുടെ ഭരണച്ചുമതല വഹിച്ചിരുന്നത്. എന്നാല്‍, പെട്ടെന്ന് ഒരു ദിവസം അവര്‍ മരിച്ചു. തൊട്ടടുത്ത വര്‍ഷം കാതറീനയുടെ സംരക്ഷകനും വൈദികനുമായിരുന്ന ഫാ. അന്റോണിയോ സിറ്റാഡിനിയും മരിച്ചു. ഈ മരണങ്ങള്‍ കാതറീനയെ തളര്‍ത്തി. അവളും രോഗബാധിതയായി. പൊതുവേദിയിലുള്ള സുവിശേഷപ്രസംഗങ്ങള്‍ക്കു പോകാതെയായി. കൂടുതല്‍ സമയവും സ്‌കൂളിലും തന്റെ നേതൃത്വത്തില്‍ നടന്നുവന്ന മഠത്തിലും അവള്‍ ചെലവഴിച്ചു. 1857 ല്‍ കാതറീന മരിച്ചു. 2001 ഏപ്രില്‍ 29 ന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ കാതറീനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *