വിശുദ്ധ ക്ലീറ്റസ് പാപ്പ

ഏപ്രിൽ 26

ഈശോ തന്റെ സഭ പടുത്തുയര്‍ത്തിയത് വി. പത്രോസിലൂടെയാണ്. ആദ്യത്തെ മാര്‍പാപ്പയായി പത്രോസ് ശ്ലീഹാ അറിയപ്പെടുന്നു. പത്രോസിന്റെ കാലശേഷം വി. ലീനസ് മാര്‍പാപ്പയായി. അതിനു ശേഷം സഭയെ നയിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് വി. ക്ലീറ്റസ് പാപ്പയ്ക്കാണ്. പത്രോസ് ശ്ലീഹാ തന്നെയാണ് ക്ലീറ്റസിനെ ക്രിസ്തുമതത്തിലേക്കു കൊണ്ടുവന്നതെന്നാണ് വിശ്വാസം. പീഡനങ്ങള്‍ സഹിച്ചു വളര്‍ന്നു വന്ന സഭയെ എ.ഡി. 76 മുതല്‍ 89 വരെ പതിമൂന്നു വര്‍ഷക്കാലം ക്ലീറ്റസ് പാപ്പ നയിച്ചു. ക്ലീറ്റസ് പാപ്പയുടെ കാലത്ത് നിരവധി പുതിയ വൈദികരെ നിയമിച്ചു. അദ്ദേഹം നിര്‍മിച്ച ഒരു ദേവാലയവും ആശുപത്രിയും പതിനെട്ടാം നൂറ്റാണ്ടുവരെ തകരാതെ നിന്നിരുന്നു. ടൈറ്റസ് റോമിന്റെ ചക്രവര്‍ത്തിയായിരുന്ന കാലത്ത് വി. ക്ലീറ്റസിന് സഭയെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം സഹോദരനായ ഡൊമിഷ്യന്‍ ചക്രവര്‍ത്തിയായതോടെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടു. മതവികാരം മറ്റേതു സാഹൂഹിക വികാരത്തെയുംകാള്‍ ശക്തമാണെന്നു മനസിലാക്കിയിരുന്ന ഡൊമിഷ്യന്‍ തന്റെ സാമ്രാജ്യത്തെ ഒരു മതാചാരത്തിന്റെ ചട്ടക്കൂട്ടില്‍ ഐക്യപ്പെടുത്താനാണ് ശ്രമിച്ചത്. എല്ലാവരും തന്നെ ആരാധിക്കണമെന്നായിരിരുന്നു ഡൊമിഷ്യന്റെ കല്‍പന. ‘ഞങ്ങളുടെ കര്‍ത്താവും ദൈവവും’ എന്ന് എല്ലാവരും തന്നെ വിളിക്കണമെന്ന് അയാള്‍ കല്‍പന പുറപ്പെടുവിച്ചു. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (81-96) എ.ഡി. 91ല്‍ ഏപ്രില്‍ 26 നാണ് ക്ലീറ്റസ് പാപ്പ കൊല്ലപ്പെട്ടത്. സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വി. പത്രോസിന്റെ ശവകുടീരത്തിനരികിലായി വിശുദ്ധ ക്ലീറ്റസ് പാപ്പയുടെ ഭൗതികാവശിഷ്ടങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *