വി. ജെമ്മ ഗല്‍വനി

ഏപ്രിൽ 11

യേശുവിന്റെ അഞ്ചു തിരുമുറിവുകള്‍ സ്വന്തം ശരീരത്തില്‍ അതേപോലെ പ്രത്യക്ഷപ്പെട്ട വിശുദ്ധ. യേശുവിനു വേണ്ടി വേദനകള്‍ സഹിച്ചു മരിച്ച അദ്ഭുതപ്രവര്‍ത്തക. എല്ലാ ദിവസവും മാലാഖയുടെ ദര്‍ശനം കിട്ടിയ പുണ്യവതി….വി. ജെമ്മ ഗല്‍വനി ഇതെല്ലാമോ ഇതിനപ്പുറമോ ആണ്. യേശുവിനു വേണ്ടി നമ്മള്‍ സഹിക്കുന്ന ത്യാഗങ്ങള്‍ എത്രയോ നിസാരങ്ങളാണെന്നു വി. ജെമ്മയുടെ ജീവിതം നമുക്കു കാണിച്ചു തരുന്നു. ഇറ്റലിയിലെ ലൂക്ക എന്ന ഗ്രാമത്തില്‍ ഒരു ദരിദ്രകുടുംബത്തില്‍ ഒരു മരുന്നുകച്ചവടക്കാരന്റെ മകളായാണ് ജെമ്മ ജനിച്ചത്. ഏഴാം വയസില്‍ അമ്മയെയും പതിനെട്ടാം വയസില്‍ അച്ഛനെയും അവള്‍ക്കു നഷ്ടപ്പെട്ടു. തന്റെ ഏഴു സഹോദരങ്ങളെ വളര്‍ത്തുന്നതിനു വേണ്ടിയാണ് പിന്നെ അവള്‍ ജീവിച്ചത്. ജീവിതത്തോട് മല്ലിട്ടുകൊണ്ടിരിക്കെ അവള്‍ക്ക് ക്ഷയരോഗം പിടിപ്പെട്ടു. ജെമ്മയുടെ രോഗം സുഖപ്പെടുത്താനാവില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷേ, അവള്‍ നിരാശയായില്ല. തന്റെ വേദനകള്‍ യേശുവിന്റെ മുന്നില്‍ അവള്‍ സമര്‍പ്പിച്ചു. വി. ഗബ്രിയേല്‍ ദൈവദൂതന്റെ മധ്യസ്ഥയില്‍ പ്രാര്‍ഥിച്ച ജെമ്മയുടെ രോഗം ഒരു ദിവസം അദ്ഭുതകരമായി സുഖപ്പെട്ടു. രോഗം സൗഖ്യമായതോടെ ഒരു കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു ദൈവത്തിനു വേണ്ടി തന്റെ ജീവിതം പൂര്‍ണമായി നീക്കിവയ്ക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍, ക്ഷയരോഗിയായിരുന്ന ജെമ്മയെ ഒരു കന്യാസ്ത്രീമഠത്തിലും പ്രവേശിപ്പിച്ചില്ല. അവളുടെ രോഗം സുഖപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ ആരും തയാറല്ലായിരുന്നു. അതോടെ കന്യാസ്ത്രീ മഠത്തില്‍ ചേരുന്നില്ലെന്ന് അവള്‍ തീരുമാനിച്ചു. ദരിദ്രര്‍ക്ക് അവരുടെ ഭവനങ്ങളില്‍ സഹായമെത്തിച്ചും അവരുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസവും മതപരിശീലനവും കൊടുത്തും അവര്‍ തന്റെ പ്രേഷിതപ്രവര്‍ത്തനം തുടര്‍ന്നു. ‘പരിശുദ്ധ മറിയമേ, എന്നെ ഒരു പുണ്യവതിയാക്കണേ..’ എന്നായിരുന്നു അവള്‍ എപ്പോഴും പ്രാര്‍ഥിച്ചിരുന്നത്. വി. ഗബ്രിയേല്‍ മാലാഖ എല്ലാ ദിവസവും ജെമ്മയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. തന്റെ വേദനകള്‍ വി. ഗബ്രിയേലുമായി അവള്‍ പങ്കുവച്ചു. 1899 ജൂണ്‍ മാസത്തില്‍ ഒരു ദിവസം യേശു തന്നില്‍ അദ്ഭുതം പ്രവര്‍ത്തിക്കാന്‍ പോകുന്നതായി അവള്‍ക്കു തോന്നി. അല്‍പസമയത്തിനുള്ളില്‍ അവളുടെ കൈകളിലും കാലുകളിലും വേദന അനുഭവപ്പെടാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ മുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. രക്തം വാര്‍ന്നൊഴുകി. യേശുവിന്റെ തിരുമുറിവുകള്‍ പോലെ ജെമ്മയുടെ ശരീരത്തിലും മുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. അതിന്റെ തീവ്രമായ വേദന അവള്‍ ആസ്വദിച്ചു. എല്ലാ വ്യാഴാഴ്ചകളിലും മുറിവുകളില്‍ നിന്ന് രക്തമൊഴുകും. വെള്ളിയാഴ്ച ഉച്ച വരെ അതിതീവ്രമായ വേദന അനുവിക്കേണ്ടി വരും. 1901 വരെ ഈ അദ്ഭുതപ്രതിഭാസം തുടര്‍ന്നു.”എന്റെഎല്ലാ മുറിവുകളും നീക്കി ഈശോ എന്നെ സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകാമെന്നു പറഞ്ഞാലും ഈ വേദനകള്‍ സഹിച്ചു കൂടുതല്‍ നാള്‍ ജീവിച്ച് കൂടുതല്‍ ദൈവത്തെ മഹത്വപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്”-ജെമ്മ ഒരിക്കല്‍ പറഞ്ഞു. 1902 ല്‍ ജെമ്മയ്ക്കു വീണ്ടും ക്ഷയരോഗം പിടിപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം ഒരു ദുഃഖശനിയാഴ്ച ദിവസം അവള്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ജെമ്മയുടെ മരണസമയത്ത് ഒരു പുരോഹിതന്‍ അവളുടെ സമീപത്തുണ്ടായിരുന്നു. പിന്നീട്, ജെമ്മയുടെ മരണത്തെ പറ്റി അദ്ദേഹം ഇങ്ങനെ എഴുതി. ”ജെമ്മയുടെ മുഖത്ത് നിന്നു ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് അവള്‍ മരിച്ചു. അതുകൊണ്ടു തന്നെ കുറെ സമയത്തേക്ക് ജെമ്മ മരിച്ചു എന്ന് എനിക്കു മനസിലായില്ല.”രോഗികളുടെയും, അനാഥരുടെയും മധ്യസ്ഥയായാണ് ജെമ്മ അറിയപ്പെടുന്നത്. 1940 ല്‍ ജെമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *