പൗലയിലെ വി. ഫ്രാന്‍സീസ്

ഏപ്രിൽ 2

ഇറ്റലിയിലെ പൗലയില്‍ ദരിദ്രരായ മാതാപിതാക്കള്‍ക്കു ജനിച്ച ഫ്രാന്‍സീസ് ചെറുപ്രായം മുതല്‍ തന്നെ ആഴത്തിലുറച്ച ദൈവവിശ്വാസത്തിലാണ് വളര്‍ന്നത്. ഫ്രാന്‍സീസ് പഠിച്ചത് ഫ്രാന്‍സീഷ്യന്‍ സഭയുടെ സ്‌കൂളിലായിരുന്നു. അവിടെയുള്ള പുരോഹിതരെക്കാള്‍ വിശ്വാസതീഷ്ണത പ്രകടിപ്പിച്ച ഫ്രാന്‍സീസ് ഒരിക്കല്‍ തന്റെ അച്ഛനോടൊപ്പം അസീസിയിലേക്കൊരു തീര്‍ഥയാത്ര നടത്തി. വി. ഫ്രാന്‍സീസ് അസീസിയെ പോലെ തന്റെ മകനും ആയി തീരണമെന്നു ആഗ്രഹിച്ചിരുന്ന ഒരു സാധുവായ മനുഷ്യനായിരുന്നു ഫ്രാന്‍സീസിന്റെ അച്ഛന്‍. അസീസിയിലേക്കുള്ള യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ ഫ്രാന്‍സീസ് വീടിനടുത്തുള്ള ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഏകാന്ത ജീവിതം നയിക്കാന്‍ തുടങ്ങി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു യുവാക്കള്‍ കൂടി ഫ്രാന്‍സീസിനൊപ്പം ഏകാന്തജീവിതം തുടങ്ങി. ഏറെ നാള്‍ കഴിയും മുന്‍പ് കൂടുതല്‍ യുവാക്കള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. ‘ചെറിയവരുടെ സഭ’ എന്ന പേരില്‍ ഒരു സന്യാസ സമൂഹത്തിനു അവര്‍ തുടക്കമിട്ടു. കഠിനമായ ജീവിതചര്യകളാണ് അവര്‍ സ്വീകരിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള ഭക്ഷണം മാത്രമാണ് ഫ്രാന്‍സീസ് കഴിച്ചത്. ചിലപ്പോള്‍ രണ്ടുദിവസത്തിലൊരിക്കല്‍ മാത്രം. മല്‍സ്യം, മാംസം, മുട്ട, ക്ഷീരോല്‍പന്നങ്ങള്‍ തുടങ്ങിയവയൊക്കെ ‘ചെറിയവരുടെ സഭ’ വര്‍ജിച്ചു. പരസ്‌നേഹം, എളിമ, സേവനം ഇവയായിരുന്നു ലക്ഷ്യം. ഏകാന്തതയില്‍ പ്രാര്‍ഥനാജീവിതം നയിക്കാനാണ് ഫ്രാന്‍സീസ് ആഗ്രഹിച്ചതെങ്കിലും ഒരു അദ്ഭുതപ്രവര്‍ത്തകനായി ജനങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് ദൈവം അദ്ദേഹത്തെ നിയോഗിച്ചത്. ധാരാളം ആളുകള്‍ ഫ്രാന്‍സീസിനെ കാണുവാനും വിഷമങ്ങള്‍ പറയാനും അനുഗ്രഹങ്ങള്‍ യാചിക്കുവാനും എത്തിക്കൊണ്ടിരുന്നു. ഫ്രാന്‍സീസിലൂടെ ദൈവം പല അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുവാനുള്ള കഴിവും ദൈവം ഫ്രാന്‍സീസിനു കൊടുത്തു. ഒരിക്കല്‍ ഫ്രാന്‍സീനും അനുയായികള്‍ക്കും ഒരു കടലിടുക്ക് കടന്നു യാത്രചെയ്യേണ്ടി വന്നു. എന്നാല്‍, കടത്തുവള്ളക്കാരന്‍ അവരെ കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. ഫ്രാന്‍സീസ് തന്റെ കുപ്പായം ഊരിയെടുത്തു വെള്ളത്തിലേക്കിട്ടു. പിന്നീട് തന്റെ ദണ്ഡ് തുഴയാക്കി തന്റെ അനുയായികള്‍ക്കൊപ്പം അതില്‍ കയറി യാത്രയാകുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് ഫ്രാന്‍സീസിന്റെ പ്രശസ്തി വ്യാപിച്ചു. ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് പതിനൊന്നാമന്‍ തന്റെ മരണസമയത്ത് ഫ്രാന്‍സീസിന്റെ സാമീപ്യം ആഗ്രഹിച്ചു. മാര്‍പാപ്പയുടെ കല്‍പന മാനിച്ച് അദ്ദേഹം രാജാവിനെ സന്ദര്‍ശിച്ച് നല്ല മരണത്തിനുള്ള പ്രാര്‍ഥനകളും മറ്റും നടത്തി മരണത്തിന് ഒരുക്കി. അവസാന കാലത്ത് പരിപൂര്‍ണ ഏകാന്തതയിലാണ് അദ്ദേഹം ജീവിച്ചത്. ഒരു ദുഃഖവെള്ളിയാഴ്ച ദിവസം പ്രാര്‍ഥനയ്ക്കിടെ യേശു കുരിശില്‍ കിടന്നു പ്രാര്‍ഥിച്ച പോലെ ‘കര്‍ത്താവെ അങ്ങേ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു’ എന്നു പറഞ്ഞു. അധികം വൈകാതെ പൗലയിലെ വി. ഫ്രാന്‍സീസ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *