ഈജിപ്തിലെ വി. മേരി

ഏപ്രിൽ 3

പതിനേഴു വര്‍ഷം മദ്യശാലയിലെ നര്‍ത്തകിയും പാട്ടുകാരിയുമായി ജീവിച്ച വേശ്യയായിരുന്നു മേരി. അതീവ സുന്ദരിയായിരുന്നു അവര്‍. വളരെ സമ്പന്നമായ ഒരു കുടുംബത്തിലെ മാതാപിതാക്കളുടെ മകളായി ജനിച്ച മേരി തന്റെ പന്ത്രണ്ടാം വയസില്‍ വീട്ടില്‍ നിന്നു ഒളിച്ചോടി ഈജിപ്തിലെ അലക്‌സാണ്ട്രിയയിലെത്തി. പിന്നീട് വേശ്യവൃത്തി തൊഴിലാക്കിയാണ് മേരി ജീവിച്ചത്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു തീര്‍ഥാടകസംഘത്തിനൊപ്പം മേരി പാലസ്തീനിലേക്കു പോയി. അവിടെ തീര്‍ഥാടകര്‍ക്കിടയില്‍ ജീവിച്ച് വേശ്യവൃത്തിയിലൂടെ കൂടുതല്‍ ധനം സമ്പാദിക്കാമെന്ന ലക്ഷ്യമായിരുന്നു അവള്‍ക്ക്. അതിനൂ ശേഷം ജറുസലേമിലേക്കു പോകാനായിരുന്നു മേരിയുടെ പദ്ധതി. കുരിശിന്റെ മഹത്വത്തിന്റെ തിരുനാള്‍ ദിവസം അവള്‍ ദേവാലയത്തിലെത്തി. വന്‍ജനക്കൂട്ടം അവിടെയെത്തിയിരുന്നു. ജനങ്ങളെ വശീകരിച്ച് തന്നിലേക്ക് ആകര്‍ഷിക്കുന്നതിനായി അവള്‍ അവര്‍ക്കിടയിലൂടെ ചുറ്റിത്തിരിഞ്ഞു. എന്നാല്‍ ജനക്കൂട്ടത്തിനൊപ്പം ദേവാലയത്തിലേക്ക് കടക്കാന്‍ അവള്‍ ശ്രമിച്ചപ്പോള്‍ അജ്ഞാതമായ ഏതോ ശക്തി ഒരു മതിലു പോലെ അവളെ തടഞ്ഞു. എത്ര ശ്രമിച്ചിട്ടും വാതിലിനുള്ളിലേക്കു കടക്കാന്‍ അവള്‍ക്കായില്ല. ദൈവസന്നിധിയിലേക്ക് കടക്കാനുള്ള യോഗ്യത തനിക്കില്ലെന്നു തരിച്ചറിഞ്ഞ മേരി പശ്ചാത്തപിച്ചു. ദേവാലയത്തിനു മുന്നിലുണ്ടായിരുന്ന കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്നില്‍ നിന്ന് അവള്‍ കരഞ്ഞു. ”വേശ്യയായ മഗ്ദലമറിയത്തിന് കര്‍ത്താവായ യേശുവിന്റെ സമീപത്തു നില്‍ക്കാന്‍ ഭാഗ്യമുണ്ടായതു പോലെ തന്നോടും ക്ഷമിക്കണമേ” എന്നു പ്രാര്‍ഥിച്ചു. അന്നു രാത്രി മേരിക്ക് കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായി. ശാന്തിയും സമാധാനവും പാപമോചനവും ആഗ്രഹിക്കുന്നെങ്കില്‍ ജോര്‍ദാന്‍ നദി കടന്ന് മരുഭൂമിയിലേക്ക് പോകാന്‍ കന്യാമറിയം അവളോടു പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ തന്നെ അവള്‍ നദി കടന്നു മരുഭൂമിയിലേക്ക് പോയി. അവിടെ ഒരു സന്യാസിനിയെ പോലെ 50 വര്‍ഷം ജീവിച്ചു. മരുഭൂമിയില്‍ കിട്ടിയ പച്ചിലകളും പഴങ്ങളും മാത്രമാണവള്‍ ഭക്ഷിച്ചത്. നീണ്ട അന്‍പതു വര്‍ഷക്കാലം മറ്റൊരു മനുഷ്യജീവിയെ പോലും കാണാതെ പ്രാര്‍ഥനയും ഉപവാസവും മാത്രമായി അവള്‍ ജീവിച്ചു. ചെയ്തു പോയ ഒരോ പാപങ്ങളെ കുറിച്ചു കണ്ണീരോടെ മാപ്പിരന്നു. അന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ച്ച ഒരു ദിവസം പലസ്തീനിലെ വിശുദ്ധ സോസിമസ് മേരിയെ മരുഭൂമിയില്‍ വച്ചു കണ്ടുമുട്ടി. അവള്‍ അദ്ദേഹത്തോട് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് തന്നെ കാണാന്‍ എത്തണമെന്നു പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് സോസിമസ് എത്തിയപ്പോള്‍ ജോര്‍ദാന്‍ നദിക്കരയില്‍ മേരി മരിച്ചു കിടക്കുകയായിരുന്നു. ഒരു സിംഹം അവളുടെ ശരീരത്തിനു സമീപത്തായി മണ്ണുമാന്തി ഒരു കുഴിമാടം ഒരുക്കി വച്ചിരിക്കുന്നതും സോസിമസ് കണ്ടു. വി. സോസിമസാണ് മേരിയുടെ കഥ ലോകത്തെ അറിയിച്ചത്. പശ്ചാത്തപിക്കുന്ന വേശ്യകളുടെ മധ്യസ്ഥയായാണ് ഈജിപ്തിലെ വി. മേരി അറിയപ്പെടുന്നത്. ലൈംഗിക അത്യാസക്തിയില്‍ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയും വി. മേരിയോട് പ്രാര്‍ഥിക്കാറുണ്ട്. ചില സഭകള്‍ ഏപ്രില്‍ മൂന്നിനും മറ്റു ചില സഭകള്‍ ഏപ്രില്‍ ഒന്‍പതിനുമാണ് വി.മേരിയുടെ ഓര്‍മദിവസം ആചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *