വി. ഹെര്‍മെനെജില്‍ഡ്

ഏപ്രിൽ 13


കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ സ്വന്തം അച്ഛന്‍ തടവിലാക്കി പീഡിപ്പിച്ചു കൊന്ന സ്‌പെയിനിലെ രാജകുമാരനായിരു ന്നു ഹെര്‍മെനെജില്‍ഡ്. സ്പാനിഷ് രാജാവായിരുന്ന ലെവിജില്‍ഡി ന്റെ രണ്ടു മക്കളില്‍ ഒരാളായിരുന്നു വി. ഹെര്‍മെനെജില്‍ഡ്. ആര്യന്‍ വിശ്വാസത്തിന്റെ കീഴിലായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. ഫ്രാന്‍സിലെ രാജാവായിരുന്ന സിജിബെര്‍ട്ടിന്റെ മകളെ വിവാഹം കഴിച്ചതോടെയാണ് ഇദ്ദേഹം കത്തോലിക്കാ വിശ്വാസിയായത്. തന്റെ മകന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതറിഞ്ഞു ക്ഷുഭിതനായ ലെവിജില്‍ഡ് മകനെ തടവിലാക്കി. ക്രൂരമായ പീഡനങ്ങളിലൂടെ മകന്റെ മനസുമാറ്റാന്‍ രാജാവ് ശ്രമിച്ചു. എന്നാല്‍ ഹെര്‍മെനെജില്‍ഡ് വഴങ്ങിയില്ല. തടവറയില്‍ നിന്ന് രാജാവിന് ഒരു സന്ദേശം ഹെര്‍മെനെജില്‍ഡ് കൊടുത്തയച്ചു. ”കിരീടം എനിക്കു വേണ്ട. ലൗകികമായ ജീവിതത്തെക്കാളും അതിന്റെ സുഖസൗകര്യങ്ങളെക്കാളും ആത്മാവിന്റെ രക്ഷയാണ് വലുതായി ഞാന്‍ കാണുന്നത്. ദിവ്യസത്യം വെടിയുന്നതിനെക്കാള്‍ കിരീടവും ചെങ്കോലും വെടിയാനാണ് എനിക്കിഷ്ടം.” സ്‌പെയിനിലെ കത്തോലിക്കരെല്ലാം തന്റെ പക്ഷത്ത് നില്‍ക്കുമെന്ന വിശ്വാസം ഹെര്‍മെനെജില്‍ഡിനുണ്ടായിരുന്നു. എന്നാല്‍ രാജാവിനോട് എതിരിടാനുള്ള ശക്തിയോ മനക്കരുത്തോ അവര്‍ക്കുണ്ടായിരുന്നില്ല. മകനെ തന്റെ വിശ്വാസത്തിലേക്ക് മകനെ മടക്കിക്കൊണ്ടുവരാനുള്ള അവസാനശ്രമമെന്ന നിലയ്ക്ക് രാജാവ് ഒരു ആര്യന്‍ ബിഷപ്പിനെ ഹെര്‍മെനെജില്‍ഡിന്റെ സമീപത്തേക്ക് അയച്ചു. ഹെര്‍മെനെജില്‍ഡ് ആ ബിഷപ്പിനെ മടക്കി അയച്ചു. ക്ഷുഭിതനായ രാജാവ് അപ്പോള്‍ തന്നെ മകനെ കഴുത്തറത്തു കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തു. 585 ഏപ്രില്‍ 13 ന് ഹെര്‍മെനെജില്‍ഡ് കൊല്ലപ്പെട്ടു. മകന്റെ മരണശേഷവും രാജാവ് മാനസാന്തരപ്പെട്ടില്ല. എന്നാല്‍, ഈ സംഭവത്തോടെ ഹെര്‍മെനെജില്‍ഡിന്റെ സഹോദരനും പുതിയ രാജാവുമായ റെക്കാര്‍ഡ് കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയുള്ള മധ്യസ്ഥനായാണ് ഹെര്‍മെനെജില്‍ഡിനെ കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *