വി. മരിയ ഗബ്രിയേല

ഏപ്രിൽ 22

ഇറ്റലിയിലെ സര്‍ഡിനിയയില്‍ ഒരു ആട്ടിടയന്റെ മകളായാണ് വി. മരിയ ഗബ്രിയേല ജനിച്ചത്. ചെറുപ്രായത്തില്‍ വളരെ നിര്‍ബന്ധ ബുദ്ധിക്കാരിയായി രുന്നു അവര്‍. എന്തിനെയും വിമര്‍ശിക്കും, എന്തിനെയും എതിര്‍ക്കും, എപ്പോഴും ക്ഷോഭിക്കും. എന്നാല്‍, അതേസമയം തന്നെ വിനീതയും വിധേയയുമായിരുന്നു അവര്‍. മരിയയെ എന്തെങ്കിലും ചുമതലകള്‍ ഏല്‍പ്പിക്കുകയോ എന്തെങ്കിലും ചെയ്യണമെന്നു പറയുകയോ ചെയ്താല്‍ ആദ്യം അവള്‍ അതിനെ എതിര്‍ക്കും. പറ്റില്ലെന്നു പറയും. എന്നാല്‍, അടുത്ത നിമിഷം തന്നെ അതു ചെയ്യും. പതിനെട്ട് വയസു പ്രായമായപ്പോള്‍ മരിയ തന്റെ നാട്ടിലുള്ള യുവാക്കളുടെ ഒരു ക്രിസ്തീയ സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അതോടെ മരിയയുടെ സ്വഭാവവും മാറി. പൂര്‍ണമായും ശാന്തസ്വഭാവക്കാരിയായി. മുന്‍കോപം ഇല്ലാതായി. 21-ാം വയസില്‍ സന്യാസിനിയാകണമെന്ന ആഗ്രഹത്തോടെ അവള്‍ മഠത്തില്‍ ചേര്‍ന്നു. എപ്പോഴും പ്രാര്‍ഥിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുകയായിരുന്നു മരിയയുടെ രീതി. വിവിധ ക്രൈസ്തവ വിശ്വാസികളെ യോജിപ്പിക്കണമെന്നുള്ള ആഗ്രഹത്തോ ടെയാണ് അവള്‍ പ്രവര്‍ത്തിച്ചത്. അതിനു വേണ്ടി തന്റെ ജീവിതം തന്നെ അവള്‍ മാറ്റിവച്ചു. കൂടുതല്‍ സമയവും പ്രാര്‍ഥനയിലും ധ്യാനത്തിലുമായിരുന്നു അവര്‍. പ്രാര്‍ഥനകളാകട്ടെ, ക്രൈസ്തവ കൂട്ടായ്മയ്ക്കു വേണ്ടിയായിരുന്നുതാനും. വി. യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായത്തില്‍ അനുയായികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന ഈശോയെ ആണ് അവള്‍ എപ്പോഴും ധ്യാനിച്ചിരുന്നത്. ക്ഷയരോഗം ബാധിച്ചു അവശയായി കിടപ്പിലായപ്പോഴും തന്റെ പ്രാര്‍ഥനകള്‍ ക്രൈസ്തവ വിഭാഗങ്ങളുടെ യോജിപ്പിനു വേണ്ടി മാത്രമാണ് അവള്‍ സമര്‍പ്പിച്ചത്. 1939ല്‍ ഇരുപത്തിയഞ്ചു വയസു മാത്രം പ്രായമുള്ളപ്പോള്‍ മരിയ മരിച്ചു. 1983 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. പാവപ്പെട്ടവരുടെയും രോഗികകളുടെയും മധ്യസ്ഥയാണ് മരിയ. മരിയയുടെ ചില വാക്കുകള്‍ ശ്രദ്ധിക്കുക: ”എന്റെ ഈശോയാണ് എന്നെ ചുമതലപ്പെടുത്തിയത്. ഈ യുദ്ധത്തില്‍ എന്നെ അവിടുന്ന് പരാജയപ്പെടുത്തില്ല.” ”ഞാന്‍ എനിക്കു മുന്നില്‍ ഒരു വലിയ കുരിശു കാണുന്നു. അവിടുത്തെ ത്യാഗത്തിനു മുന്നില്‍ എന്റെ ത്യാഗം ഒന്നുമല്ല.” ”ദൈവം ആഗ്രഹിക്കുന്നത് എന്താണെങ്കിലും അതിലാണ് എന്റെ സന്തോഷവും സമാധാനവും.”

Leave a Reply

Your email address will not be published. Required fields are marked *