വി. ആഗ്നസ്

ഏപ്രിൽ 20

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒട്ടെറെ അദ്ഭുതപ്രവര്‍ത്തികള്‍ വഴി വിശ്വാസികളുടെ മനസ് കീഴടക്കിയ വിശുദ്ധയായിരുന്നു വി. ആഗ്നസ്. ഡൊമിനിക്കന്‍ കന്യാസ്ത്രീയായിരുന്നു ഇവര്‍. ഒരു സമ്പന്ന കുടുംബത്തിലാണ് ആഗ്നെസ് ജനിച്ചത്. ആറു വയസുമാത്രം പ്രായമായപ്പോള്‍ മുതല്‍ ആഗ്നെസ് തനിക്കു ഒരു കന്യാസ്ത്രീയാകണമെന്നു പറഞ്ഞ് വീട്ടുകാരെ നിര്‍ബന്ധിച്ചു തുടങ്ങി. ഒന്‍പതാം വയസില്‍ അവള്‍ കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്നു. ആഗ്നെസിന്റെ വിശുദ്ധ ജീവിതം മറ്റു പല പെണ്‍കുട്ടികളെയും ആകര്‍ഷിച്ചു. അവരെല്ലാം ആഗ്നെസിന്റെ പാത പിന്തുടര്‍ന്ന് കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു. വെറും പതിനഞ്ചു വയസു പ്രായമായപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക അനുവാദം വാങ്ങി കന്യാസ്ത്രീയായി. ഒരു പാറക്കല്ല് തലയണയാക്കിഅവള്‍ നിലത്തു കിടന്നാണ് ഉറങ്ങിയിരുന്നത്. 15 വര്‍ഷം അപ്പവും വെള്ളവും മാത്രമേ അവള്‍ ഭക്ഷിച്ചുള്ളു. ആഗ്നെസിന്റെ വിശുദ്ധജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ആഗ്നെസ് പ്രാര്‍ഥിക്കുന്ന സമയത്ത് അവരുടെ ശരീരം ഭൂമിയില്‍ നിന്നു രണ്ടടി ഉയര്‍ന്നു നില്‍ക്കുമായിരു ന്നത്രേ. പല തവണ പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനം അവള്‍ക്കുണ്ടായി. ഒരു ദിവസം അവള്‍ക്ക് ഒരു മാലാഖ പ്രത്യക്ഷയായി. വിശുദ്ധ കുര്‍ബാന മാലാഖ അവളുടെ നാവില്‍ വച്ചു കൊടുത്തു. ആഗ്നെസ് പ്രാര്‍ഥിക്കുമ്പോള്‍ ലില്ലിപൂക്കള്‍ വര്‍ഷിക്കപ്പെടുമായിരുന്നു എന്നും വിശ്വാസമുണ്ട്. ഒരു ദിവസം വെള്ളത്തില്‍ മുങ്ങി മരിച്ചു പോയ ഒരു പിഞ്ചു കുഞ്ഞിനെ ആഗ്നെസ് ഉയര്‍പ്പിക്കുകയും ചെയ്തു. ആഗ്നെസ് രോഗത്തിന്റെ തീവ്രതയില്‍ വേദന അനുഭവിച്ചിരിക്കു മ്പോഴും മറ്റു രോഗികളെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു. 1317 ഏപ്രില്‍ 20 ന് ജന്മനാടായ മോന്റെപൂള്‍സിയാനോയിലെ കോണ്‍വന്റില്‍ വച്ച് ആഗ്നെസ് മരിച്ചു. മരണശേഷവും ഒട്ടേറെ അദ്ഭുതങ്ങള്‍ ആഗ്നെസിന്റെ നാമത്തില്‍ സംഭവിച്ചു. ആ വിശുദ്ധയുടെ മൃതശരീരം കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 1534ല്‍ ആഗ്നെസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *