വി. പാട്രിക്

മാർച്ച് 17

അയര്‍ലന്‍ഡ് എന്ന ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ക്രിസ്തു വിന്റെ അനുയായികളായി മാറ്റിയ വിശുദ്ധനാണ് പാട്രിക്. ഒട്ടെറെ അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള വി. പാട്രിക് 39 പേരെ മരണ ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. സ്‌കോ ട്‌ലന്‍ഡിലെ ഒരു റോമന്‍ കുടുംബത്തില്‍ ജനിച്ച പാട്രിക്കിന്റെ ജീവിതം സംഭവബഹുലമായിരുന്നു. 16-ാം വയസില്‍ കടല്‍ക്കൊ ള്ളക്കാര്‍ പാട്രിക്കിനെ തട്ടിക്കൊണ്ടു പോയി അയര്‍ലന്‍ഡില്‍ അടിമയാക്കി. അവിടെ ആട്ടിടയനായി പട്ടിണിയില്‍ ആറു മാസം കഴിച്ചുകൂട്ടി. ഇക്കാലത്താണ് യേശുക്രിസ്തുവിലുള്ള വിശ്വാസം ശക്തിപ്പെട്ടത്. മുടങ്ങാതെ പ്രാര്‍ഥിച്ചുകൊണ്ടാണ് പാട്രിക് തന്റെ വേദനകള്‍ മറന്നത്. പാട്രിക്കിന്റെ പ്രാര്‍ഥന ദൈവം കേട്ടു. തന്റെ നാട്ടില്‍ നിന്നുള്ള കപ്പല്‍ജോലിക്കാരുടെ സഹായ ത്താല്‍ പാട്രിക് അയര്‍ലന്‍ഡിലെ അടിമജോലിയില്‍ നിന്നു രക്ഷപ്പെട്ടു വീട്ടില്‍ മടങ്ങിയെത്തി. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മെത്രാനായി മാറിയ പാട്രിക് പോപ്പ് സെലസ്റ്റിന്റെ കല്‍പന പ്രകാരം അയര്‍ലന്‍ഡിലേക്കു തന്നെ പോയി. അവിടെ 33 വര്‍ഷം അദ്ദേഹം മിഷന്‍വേല ചെയ്തു. അയര്‍ലന്‍ഡിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു അനേകരെ മാനസാന്തരപ്പെടുത്തി. ഒട്ടെറെ അദ്ഭുതങ്ങള്‍ ചെയ്തു. നൂറുകണക്കിനു പുരോഹിതരെ വാഴിച്ചു. കന്യാസ്ത്രീ മഠങ്ങള്‍ സ്ഥാപിച്ചു. അയര്‍ലന്‍ഡിലെ അക്കാലത്ത് അടിമവേലയും മന്ത്രവാദവും വ്യാപകമായിരുന്നു. പുരാതനമതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു മുഴുവന്‍ ജനങ്ങളും. തന്റെ അദ്ഭുത പ്രവര്‍ത്തനങ്ങളിലൂടെയാണ് പാട്രിക് ഈ ജനത്തെ മുഴവന്‍ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയത്. ഒരിക്കല്‍, ഒരു ഗോത്രത്തിന്റെ തലവന്‍ പാട്രിക്കിനെ വെല്ലുവിളിച്ചു. ”നിന്റെ ദൈവം മരിച്ചവരെ ഉയര്‍പ്പിക്കുമെന്നു ഞാനും എന്റെ ജനങ്ങളും വിശ്വസിക്കണമെങ്കില്‍ നീ അതു നേരില്‍ കാണിക്കണം” എന്നു പറഞ്ഞു. ”ആരെയാണ് ഉയര്‍പ്പിക്കേണ്ടത്?” പാട്രിക് ചോദിച്ചു. ആ ഗോത്രത്തലവന്‍ നാലു വര്‍ഷം മുന്‍പ് മരിച്ച തന്റെ അമ്മയുടെ പേരു പറഞ്ഞു. അവര്‍ കുഴിമാടത്തിലെത്തി. മൂടി തുറന്ന ശേഷം പാട്രിക് പറഞ്ഞു. ”യേശുവിന്റെ നാമത്തില്‍ ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എഴുന്നേല്‍ക്കുക.” നാലു വര്‍ഷം മുന്‍പ് മരിച്ച സ്ത്രീ ജീവനിലേക്കു തിരികെ വന്നു. അതോടെ ആ സമൂഹം മുഴുവന്‍ യേശുവിലും പാട്രിക്കിലും വിശ്വസിച്ചു. അയര്‍ലന്‍ഡിലെ മന്ത്രവാദം പൂര്‍ണമായി ഇല്ലാതാക്കിയതും പാട്രിക്കായിരുന്നു. ഒരിക്കല്‍ കുറെ മന്ത്രവാദികള്‍ കൂടി പാട്രിക്കിനെ അപമാനിക്കാനായി തീരുമാനിച്ചു. അവരിലൊരാള്‍ മരിച്ചവനെ പോലെ കിടന്നു. ബാക്കിയുള്ളവര്‍ പാട്രിക്കിന്റെ സമീപത്തെത്തി മരിച്ചുപോയ തങ്ങളുടെ സുഹൃത്തിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കണമെന്നു അഭ്യര്‍ഥിച്ചു. പാട്രിക് അവിടെയെത്തി മരിച്ചവനെപോലെ കിടക്കുന്ന മന്ത്രവാദിയെ നോക്കി പറഞ്ഞു. ”ശരിയാണ്, ഇവന്‍ മരിച്ചു പോയി.” പാട്രിക് തിരിച്ചു പോയി. മന്ത്രവാദികള്‍ തങ്ങളുടെ കൂട്ടുകാരനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവന്‍ എഴുന്നേറ്റില്ല. അയാള്‍ യഥാര്‍ഥത്തില്‍ മരിച്ചു പോയിരുന്നു. ഭയചകിതരായി അവര്‍ പാട്രിക്കിന്റെ അടുത്തെത്തി മാപ്പുപറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് ആ മൃതദേഹത്തിനരികിലെത്തി പാട്രിക് അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. മറ്റൊരിക്കല്‍ പാട്രിക് യേശുവിന്റെ നാമത്തില്‍ അയര്‍ലന്‍ഡിലെ മുഴുവന്‍ പാമ്പുകളെയും നശിപ്പിച്ചു. അയര്‍ലന്‍ഡ് വിഷപാമ്പുകളുടെ നാടായിരുന്നു അതുവരെ. എന്നാല്‍ പീന്നീട് ഇന്നുവരെ അയര്‍ലന്‍ഡില്‍ പാമ്പുകള്‍ ഉണ്ടായിട്ടേയില്ല.

Leave a Reply

Your email address will not be published. Required fields are marked *