വി. ജോണ്‍ ജോസഫ്

മാർച്ച് 5

പതിനേഴാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച ജോണ്‍ ബാല്യകാലം മുതല്‍ തന്നെ നന്മയുടെ പ്രതീകമായിരുന്നു. പതിനാറാം വയസില്‍ ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനകം തന്നെ ജോണിനു കനത്ത ചുമതല ലഭിച്ചു. പുതുതായി ഒരു സന്യാസിമഠം സ്ഥാപിക്കുക എന്നതായിരുന്നു അത്. ജോണ്‍ ആ സ്ഥലത്തേയ്ക്കു പോയി തന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം അവിടെ ഒരുക്കുവാന്‍ ജോണിനു കഴിഞ്ഞു. മറ്റു മതസ്ഥര്‍ക്കും സ്വീകാര്യനായിരുന്നു ജോണ്‍. അനുസരണയും കൃത്യനിഷ്ഠയും കൊണ്ടു മറ്റു വൈദികര്‍ക്കും ജോണിനെ ഏറെ ഇഷ്ടമായി രുന്നു. തന്റെ അമ്മ മരിക്കാറായി കിടന്നപ്പോള്‍ ജോണ്‍ അവരെ കാണാനെത്തി. ജോണിനെ കണ്ടതോടെ മരണാവസ്ഥയില്‍ നിന്നു അവര്‍ക്കു ആശ്വാസം കിട്ടി. അവര്‍ക്കുവേണ്ടി രോഗീലേപന പ്രാര്‍ഥനയും കുര്‍ബാനയും ജോണ്‍ നടത്തി. എല്ലാ പ്രാര്‍ഥനകളും കഴിഞ്ഞതിനു ശേഷമാണ് അമ്മ മരിച്ചത്. ജീവിച്ചിരിക്കെ തന്നെ ജോണ്‍ വഴി ദൈവം ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ജോണിന്റെ പ്രവചനങ്ങള്‍ സത്യമായി ഭവിച്ചു. മരണശേഷവും ഒട്ടേറെ അദ്ഭുതങ്ങള്‍ ജോണിന്റെ മധ്യസ്ഥപ്രാര്‍ഥന വഴി ലഭിച്ചു. 1839 ല്‍ പോപ് ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *