വിശുദ്ധ ആഗ്നസ്

മാർച്ച് 2

”ഒരിടത്ത് ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. അവള്‍ അതീവ സുന്ദരിയായിരുന്നു. പല രാജാക്കന്‍മാരും അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു..” വേണമെങ്കില്‍ ഇങ്ങനെ, ഒരു നാടോടിക്കഥ പറയുന്നതു പോലെ വിശുദ്ധ ആഗ്നസിന്റെ കഥ പറഞ്ഞു തുടങ്ങാം. ആഗ്നസിന്റെ ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും അതിനായി അവള്‍ ചെയ്ത ത്യാഗത്തിന്റെയും കഥ ഒരു നാടോടിക്കഥ പോലെ അവിശ്വസനീയമാണുതാനും. ബൊഗീമിയ എന്ന രാജ്യത്തെ രാജകുമാരിയായിരുന്നു ആഗ്നസ്. ഒട്ടോക്കര്‍ ഒന്നാമന്‍ രാജാവിന്റെയും കോണ്‍സ്റ്റന്‍സ് രാജ്ഞിയുടെയും മകള്‍. ആഗ്നസിനു മുന്നു വയസുള്ളപ്പോള്‍ തന്നെ സൈലേഷ്യയിലെ പ്രഭു അവളെ വിവാഹവാഗ്ദാനം ചെയ്തു. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രഭു മരിച്ചു. ആഗ്നസ് വളര്‍ന്നു വരും തോറും ദൈവത്തിലേക്കു അടുത്തുകൊണ്ടേയിരുന്നു. ജര്‍മനിയിലെ രാജാവ് ഹെന്റി ഏഴാമന്‍, ഇംഗ്ലണ്ടിലെ ഹെന്റി മൂന്നാമന്‍ എന്നിവര്‍ ആഗ്നസിനെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ആഗ്നസ് അതിനു തയാറായില്ല. റോമന്‍ ചക്രവര്‍ത്തിയായ ഫെഡറിക് രണ്ടാമന്‍ അവളെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ആഗ്നസ് പോപ്പ് ഗ്രിഗറി ഒന്‍പതാമന്റെ സഹായം തേടി. പോപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു ചക്രവര്‍ത്തി തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറി. 1236 ല്‍ മറ്റു ഏഴു സ്ത്രീകളോടൊപ്പം ആഗ്നസ് ആശ്രമത്തില്‍ ചേര്‍ന്നു. പ്രാര്‍ഥന, അച്ചടക്കം, ത്യാഗം എന്നിവയായിരുന്നു ആഗ്നസിന്റെ കരുത്ത്. മറ്റു സന്യാസിനികളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തിരുന്നതും അവര്‍ക്കു ഭക്ഷണമൊരുക്കിയിരുന്നതും ആഗ്നസായിരുന്നു. രോഗികളെ ശുശ്രൂക്ഷിക്കുവാനും അവരുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുവാനും ഈ രാജകുമാരി മടി കാണിച്ചില്ല. 45 വര്‍ഷത്തോളം ഇങ്ങനെ പാവങ്ങള്‍ക്കൊപ്പം ജീവിച്ച വിശുദ്ധ ആഗ്നസ് ക്ഷമയുടെയും അനുകമ്പയുടെയും പര്യായമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *