വി. ഗബ്രിയേല്‍

ഫെബ്രുവരി 27

”എന്റെ ഇഷ്ടങ്ങള്‍ തകര്‍ത്തുകളയുവാനായി ഒരോ ദിവസവും ഞാന്‍ പ്രയത്‌നിക്കും. എന്റെ ഇഷ്ടമല്ല, എന്റെ ദൈവത്തിന്റെ ഇഷ്ടമാണ് നിറവേറേണ്ടത്”- ഇങ്ങനെ പ്രാര്‍ഥിച്ച വിശുദ്ധനായിരുന്നു വി. ഗബ്രിയേല്‍. ഇറ്റലിയിലെ അസീസിയില്‍ 1838ല്‍ ജനിച്ച വി. ഗബ്രിയേല്‍ തന്റെ യൗവനകാലത്ത് പൂര്‍ണമായും ലൗകിക സുഖങ്ങളില്‍ മുഴുകി യാണു ജീവിച്ചത്. ഒന്നാന്തരം നര്‍ത്തകനായിരുന്നു ഗബ്രിയേല്‍. കുതിരസവാരി, നാടകങ്ങള്‍ അങ്ങനെ സമസ്തരംഗങ്ങളിലും ഇടപെട്ടു പ്രവര്‍ത്തിച്ചിരുന്ന ഗബ്രിയേലിന്റെ ആദ്യ പേര് ഫാന്‍സെസ്‌കോ പൊസെറ്റിനി എന്നായിരുന്നു. ഒരേ സമയം രണ്ടു പെണ്‍കുട്ടികളുമായി പ്രണയത്തിലായിരുന്നു പൊസെറ്റിനി. മകന്റെ ജീവിതം വഴിവിട്ടുപോകുന്നതില്‍ ദുഃഖിച്ചിരുന്ന മാതാപിതാക്കള്‍ക്കു ഒരു അപ്രതീക്ഷിത വാര്‍ത്തയുമായാണ് പൊസെറ്റിനി വീട്ടിലേക്കു കടന്നുചെന്നത്. താന്‍ പാഷനിസ്റ്റ് സന്യാസസഭയില്‍ ചേരാന്‍ പോകുന്നുവെന്നതായിരുന്നു ആ വാര്‍ത്ത. തന്റെ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നപ്പോഴും എല്ലാവരും പറഞ്ഞത് രണ്ടാഴ്ചയ്ക്കുള്ളില്‍ പൊസെറ്റിനി അവിടെനിന്നു തിരികെ വരുമെന്നായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, ഗബ്രിയേല്‍ എന്ന പേരു സ്വീകരിച്ചു പരിപൂര്‍ണായ ദൈവഭക്തിയില്‍ നിറഞ്ഞ് അദ്ദേഹം തന്റെ പുതിയ ജീവിതം തുടങ്ങി. ഗബ്രിയേലിന്റെ ജീവിതം വലിയ സംഭവങ്ങളാലോ അദ്ഭുതപ്രവൃത്തികളാലോ നിറഞ്ഞതല്ല. പക്ഷേ, അദ്ദേഹം വ്യത്യസ്തനായിരുന്നു. പരിശുദ്ധ കന്യാമറിയത്തോടുള്ള അടങ്ങാത്ത ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ ശക്തി. യേശുവിന്റെ അമ്മയെന്ന നിലയില്‍ മറിയം അനുഭവിച്ച ക്ലേശങ്ങളും ത്യാഗങ്ങളും വേദനകളും ഓര്‍ത്ത് ധ്യാനിച്ചിരുന്ന ഗബ്രിയില്‍ പില്‍ക്കാലത്ത് വ്യാകുലമാതാവിന്റെ ഗബ്രിയേല്‍ എന്ന പേരില്‍ അറിയപ്പെടുവാനും തുടങ്ങി. ക്ഷയരോഗം പിടിപെട്ട് ഇരുപത്തിനാലാം വയസില്‍ അദ്ദേഹം മരിച്ചു. യുവാക്കളുടെ മധ്യസ്ഥനായി പോപ് ബെനഡിക്ട് പതിനഞ്ചാമന്‍ അദ്ദേഹത്തെ പ്രഖ്യാപിച്ചു. ഇറ്റലിയിലെ വി. ഗെമ്മ ഗല്‍വാനിയുടെ മാറാരോഗം സുഖപ്പെട്ടത് ഗബ്രിയേലിന്റെ മാധ്യസ്ഥതയാലായിരുന്നു. ഗബ്രിയേലിന്റെ ശവകുടീരത്തില്‍ വന്നു പ്രാര്‍ഥിച്ച നിരവധി പേര്‍ക്ക് രോഗസൗഖ്യം ഉണ്ടായതായി തെളിവുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *