വി. ജൂലിയാന

ഫെബ്രുവരി 16

വിശുദ്ധരുടെ ജീവിതകഥകള്‍ കേള്‍ക്കുമ്പോള്‍ പലതും അവിശ്വസനീയമായിതോന്നുക സ്വാഭാവികമാണ്. പല വിശുദ്ധ ജീവിതങ്ങള്‍ക്കും ഇക്കാലത്ത് നമുക്ക് ചിന്തിക്കാനാവുന്നതിനേക്കാള്‍ ഭാവനാ പൂര്‍ണമായ കഥകളുടെ പിന്തുണയുണ്ട്. അക്കാലത്ത്, ഈ ജീവിത കഥകളൊന്നും എഴുതപ്പെട്ടിരുന്നില്ല.. വാമൊഴിയായി പ്രചരിച്ചുവന്നു പിന്നീട് എഴുതപ്പെട്ടവയാണ് ആദ്യനൂറ്റാണ്ടുകളിലെ വിശുദ്ധരുടെ ജീവിതങ്ങളൊക്കെയും. വാമൊഴിയായി കഥകള്‍ പ്രചരിക്കുമ്പോള്‍ അതില്‍ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇത്രയും ആമുഖമായി പറഞ്ഞത് നിക്കോഡെമിയായിലെ വിശുദ്ധ ജൂലിയാനയുടെ കഥ പറയാനാണ്. വി. ജൂലിയാനയുടെ ജീവിതം സംബന്ധിച്ച് എഴുതപ്പെട്ടിട്ടുള്ള ആദ്യകാല പുസ്തകങ്ങള്‍ ഏറെയുണ്ട്. ‘ജൂലിയാനയുടെ നടപടി’ എന്നൊരു പുസ്തകം തന്നെയുണ്ട്. പക്ഷേ, ജൂലിയാന എന്നു പേരുള്ള മറ്റു വിശുദ്ധര്‍ ആദിമസഭയുടെ കാലത്ത് വേറെ ഉണ്ടായിരുന്നതിനാല്‍ രണ്ടു ജീവിതങ്ങളും തമ്മില്‍ കൂടിക്കുഴഞ്ഞുപോയെന്ന് പല പുസ്തങ്ങളും വായിക്കുമ്പോള്‍ അനുഭവപ്പെടും. ചില ആധുനികകാലപുസ്തകങ്ങളില്‍ ജൂലിയാന ജീവിച്ചിരുന്നത് റോമന്‍ ചക്രവര്‍ത്തിയായ ഡയൊക്ലിഷന്റെ കാലത്തല്ല മാക്‌സിമിയസിന്റെ കാലത്താണ് എന്ന് എഴുതിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ റോമന്‍ ചക്രവര്‍ത്തിമാരായ മാക്‌സിമിയസും ഡയൊക്ലീഷനും ഭരിച്ചിരുന്നത് ഒരേ കാലത്തുതന്നെയാണ്. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് റോമില്‍ ഒരേസമയത്ത് രണ്ടു ചക്രവര്‍ത്തിമാരുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും ക്രൈസ്തവ വിരോധികളും മതമര്‍ദകരുമായിരുന്നു. ജൂലിയാനയുടെ പിതാവ് ആഫ്രികാനസ് എന്നു പേരായ വിജാതീയനായിരുന്നു. എന്നാല്‍ ജൂലിയാന യേശുവിന്റെ അനുയായി എന്നറിയപ്പെടാനാണ് ആഗ്രഹിച്ചത്. എവിലേസ് എന്നുപേരായ ഒരു പ്രഭുകുമാരനുമായി ജൂലിയാനയുടെ വിവാഹം പിതാവ് നിശ്ചയിച്ചു. എന്നാല്‍, ഒരോ കാരണങ്ങള്‍ പറഞ്ഞ് അവള്‍ വിവാഹം നീട്ടിക്കൊണ്ടുപോയി. നിക്കോഡെമിയായിലെ പെര്‍ഫെക് പദവിയിലെത്തുകയാണെങ്കില്‍ അയാളെ വിവാഹം കഴിക്കാമെന്നു ജൂലിയാന പറഞ്ഞു. പിന്നീട് അയാള്‍ ആ പദവിയിലെത്തിയപ്പോള്‍ അവള്‍ പുതിയ നിബന്ധന വച്ചു. ക്രിസ്തുമതം സ്വീകരിക്കണം. എന്നാല്‍ എവിലേസിനു ഈ വ്യവസ്ഥ അംഗീകരിക്കാനാവുമായിരുന്നില്ല. വൈകാതെ, ജൂലിയാനയെ ക്രൈസ്തവ വിശ്വാസിയെന്ന പേരില്‍ തടവിലാക്കി. ഏവിലേസ് അവള്‍ക്കെതിരായി ന്യായാധിപന്റെ മുന്നില്‍ സാക്ഷ്യം പറയുകയും ചെയ്തു. തിളപ്പിച്ച എണ്ണ ഒഴിച്ച് ദേഹം മുഴുവന്‍ പൊള്ളിച്ചശേഷമാണ് ജൂലിയാനയെ തലയറുത്ത് കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *