വി. വിക്‌ടോറിയ

ഫെബ്രുവരി 11

ആദിമസഭയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച കന്യകയാണ് വി. വിക്‌ടോറിയ. ഇങ്ങനെ രക്തസാക്ഷിത്വം വരിച്ച ഏറെപ്പേര്‍ റോമിലും ഇറ്റലിയിലുമൊക്കെയായി ഇക്കാലത്ത് ഉണ്ടായിരുന്നുവെങ്കിലും വിക്‌ടോറിയയുടെ ജന്മനാട്ടില്‍ അതൊരു അപൂര്‍വസംഭവമായിരുന്നു. നോര്‍ത്ത് ആഫ്രിക്കയിലെ വളരെ സമ്പന്നമായ ഒരു പ്രഭുകുടുംബത്തിലായിരുന്നു വിക്‌ടോറിയ ജനിച്ചത്. തന്റെ ബാല്യകാലത്തു തന്നെ വിക്‌ടോറിയ യേശുവിനെ കുറിച്ച് കേട്ടറിഞ്ഞ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. എന്നാല്‍, യേശുവില്‍ വിശ്വസിക്കുന്നത് അതീവരഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമായിരുന്നു അന്ന്. സ്വകാര്യ പ്രാര്‍ഥനകളിലൂടെ അവള്‍ ദൈവവുമായി അടുത്തടുത്തു വന്നു. വിവാഹപ്രായമെത്തിയപ്പോള്‍ അവളുടെ സമ്മതമില്ലാതെ വിവാഹം നിശ്ചയിക്കപ്പെട്ടു. വിവാഹദിവസം രാവിലെ തന്റെ വീടിന്റെ ജനാലവഴി പുറത്തേക്കു ചാടി വിക്‌ടോറിയ ഓടി രക്ഷപ്പെട്ടു. അടുത്തുള്ള ഒരു ദേവാലയത്തില്‍ അഭയം പ്രാപിച്ച വിക്‌ടോറിയ അവിടെവച്ചു ജ്ഞാനസ്‌നാനം സ്വീകരിച്ച് ക്രൈസ്തവമതം സ്വീകരിച്ചു. തന്റെ വിശ്വാസം പരസ്യമായി വിളിച്ചുപറഞ്ഞു കൊണ്ട് വി. കുര്‍ബാനയില്‍ പങ്കുകൊള്ളവേ, പടയാളികള്‍ അവളെ തേടിയെത്തി. അറസ്റ്റിലായ വിക്‌ടോറിയയെ മറ്റു ക്രൈസ്തവ തടവുകാര്‍ക്കൊപ്പം വിചാരണയ്ക്കായി കൊണ്ടുപോയി. വിക്‌ടോറിയയുടെ കുടുംബത്തിനു കൊട്ടാരവുമായി നല്ല അടുപ്പമുണ്ടായിരുന്നു. ക്രൈസ്തവര്‍ക്കു കിട്ടുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ മരണമാണെന്നു അറിയാമായിരുന്നതിനാല്‍ അവളുടെ സഹോദരന്‍ ന്യായാധിപനോടു സഹായഅഭ്യര്‍ഥനയുമായി എത്തി. തന്റെ സഹോദരിക്കു മാനസികരോഗമാണെന്നും അറിവില്ലാതെ ചെയ്തുപോയ തെറ്റ് പൊറുക്കണമെന്നും അയാള്‍ അഭ്യര്‍ഥിച്ചു. എന്നാ ല്‍, വിക്‌ടോറിയ തനിക്കൊരു രോഗവുമില്ലെന്നു വ്യക്തമാക്കുന്നവിധത്തില്‍ ന്യായാധിപനുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. രോഗമില്ലെന്നു മനസിലായെങ്കിലും, ന്യായാധിപന്‍ പിന്നെയും അവളെ രക്ഷിക്കാന്‍ ശ്രമിച്ചു. സഹോദരനെ അനുസരിച്ച് പോകാന്‍ തയാറായാല്‍ വിട്ടയയ്ക്കാമെന്നു അയാള്‍ വിക്‌ടോറിയയോടു പറഞ്ഞു. ‘ഞാന്‍, എന്റെ കര്‍ത്താവായ ദൈവത്തെ മാത്രമേ അനുസരിക്കുകയുള്ളു’ എന്നായിരുന്നു അവളുടെ മറുപടി. യേശുവിന്റെ കഥ വെറും ഭാവനയാണെന്നും അതില്‍ വിശ്വസിച്ച് വെറുതെ ജീവിതം കളയരുതെന്നും ന്യായാധിപന്‍ അഭ്യര്‍ഥിച്ചുനോക്കിയെങ്കിലും അവള്‍ തന്റെ വിശ്വാസ ത്തില്‍ ഉറച്ചുനിന്നു. ഒരുതരത്തിലും വിക്‌ടോറിയ വഴങ്ങുന്നില്ലെന്നു കണ്ടതോടെ ന്യായാധിപന്‍ വധശിക്ഷ വിധിച്ചു. കൂട്ടാളികളായ 45 ക്രൈസ്തവവിശ്വാസികള്‍ക്കൊപ്പം ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി അവള്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *