വി. കോണ്‍റാഡ്

ഫെബ്രുവരി 19

ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച കോണ്‍റാഡ് വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതനായി. യുഫ്രോസിന്‍ എന്നായിരുന്നു ഭാര്യയുടെ പേര്. അവളും ഒരു പ്രഭുകുടംബത്തില്‍ പിറന്നവളായിരുന്നു. ഇരുവരും ആര്‍ഭാടപൂര്‍ണമായ ജീവിതം നയിച്ചുപോന്നുവെങ്കിലും കോണ്‍റാഡ് ദൈവഭയമുള്ളവനായിരുന്നു. നായാട്ടുനടത്തുകയായിരുന്നു കോണ്‍റാഡിന്റെ പ്രധാന വിനോദങ്ങളിലൊന്ന്. ഒരിക്കല്‍, അത്തരമൊരു നായാട്ടിനിടെയുണ്ടായ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ പൂര്‍ണമായി മാറ്റിവച്ചു. നായാട്ടിനു പോയ കോണ്‍റാഡ് ഏതോ ഒരു കാട്ടുമൃഗത്തെ വളഞ്ഞുപിടിക്കുന്നതിനു വേണ്ടി കാട്ടില്‍ ഒരു ഭാഗത്തു തീ കൊളുത്താന്‍ കല്‍പിച്ചു. എന്നാല്‍, ശക്തമായ കാറ്റില്‍ തീ വളരെവേഗം പടര്‍ന്നുപിടിച്ചു. കാടിന്റെ ഒരു ഭാഗം പൂര്‍ണമായി തീപിടിത്തത്തില്‍ കത്തിനശിച്ചു. അടുത്തള്ള ഗ്രാമത്തിലേക്കും കൃഷിഭൂമിയിലേക്കും നഗരത്തിലേക്കും തീപടര്‍ന്നുപിടിച്ചു. നിരവധി പേരുടെ ജീവനും സ്വത്തിനും നാശം സംഭവിച്ചു. ഭയന്നുപോയ കോണ്‍റാഡ് അവിടെനിന്നും ഓടിയൊളിച്ചു. തീപടര്‍ന്നുപിടിച്ച സ്ഥലത്ത് ധ്യാനത്തില്‍ മുഴുകിയിരുന്ന ഒരു സന്യാസിയെ സൈനികര്‍ അറസ്റ്റുചെയ്തു. ഇയാളാണ് തീകൊളുത്തിയതെന്നു സംശയിച്ചായിരുന്നു അത്. ഇയാളെ വിചാരണ ചെയ്തു. താനല്ല തെറ്റുകാരനെന്നു അയാള്‍ പറഞ്ഞെങ്കിലും സാഹചര്യതെളിവുകള്‍ എതിരായിരുന്നു. ക്രൂരമായ പീഡനങ്ങള്‍ അയാള്‍ക്കു ഏറ്റുവാങ്ങേണ്ടിവന്നു. ഒടുവില്‍ തീകൊളുത്തി കൊല്ലുവാന്‍ കല്പനവന്നു. എന്നാല്‍, ഈ സമയത്ത് താന്‍ ചെയ്ത തെറ്റിന്റെ പേരില്‍ മറ്റാരാള്‍ ശിക്ഷ അനുഭവിക്കുന്നതു കണ്ടുനില്‍ക്കാനാവാതെ കോണ്‍റാഡ് മുന്നോട്ടു വന്നു. തെറ്റുകള്‍ ഏറ്റുപറഞ്ഞു. പ്രായച്ഛിത്തമായ തന്റെ സ്വത്തുകള്‍ നഷ്ടപരിഹാരമായി സമര്‍പ്പിക്കാമെന്ന് അദ്ദേഹംപറഞ്ഞു. തന്റെ സ്വത്തുകള്‍ നഷ്ടപരിഹാരമായി നല്‍കിയ ശേഷം കോണ്‍റാഡും ഭാര്യയും പുതിയൊരു ജീവിതത്തിനു തുടക്കമിടാന്‍ തീരുമാനിച്ചു. ചെയ്തുപോയ പാപങ്ങള്‍ക്കു ദൈവത്തില്‍ നിന്നു മാപ്പു യാചിച്ച് പ്രാര്‍ഥനകളില്‍ മുഴുകി. യുഫ്രോസിന്‍ ക്ലാര മഠത്തില്‍ ചേര്‍ന്നു. കോണ്‍റാഡ് ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു സന്യാസജീവിതം തുടങ്ങി. ഏതാണ്ട് 36 വര്‍ഷത്തോളം അദ്ദേഹം പാപപരിഹാരമായി പ്രാര്‍ഥനകളും ഉപവാസവുമായി സന്യാസജീവിതം നയിച്ചു. ഒട്ടേറെ അദ്ഭുതപ്രവൃത്തികള്‍ കോണ്‍റാഡ് ചെയ്തതായി അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു. അറുപതാം വയസില്‍ കുരിശുരൂപത്തിനു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ വി. കോണ്‍റാഡ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *