വി. അപ്പോളോണിയ

ഫെബ്രുവരി 9

ഈജിപ്തിലെ അലക്‌സാന്‍ട്രിയായില്‍ ജീവിച്ചിരുന്ന വൃദ്ധ കന്യകയായിരുന്നു വി. അപ്പോളോണിയ. ക്രൈസ്തവ മതം പ്രചാരം നേടിവരുന്ന കാലമായിരുന്നു അത്. ഉത്തമക്രൈസ്തവ വിശ്വാസിയായി ജീവിച്ച അപ്പോളോണിയ കരുണ, എളിമ തുടങ്ങിയ പുണ്യങ്ങളാല്‍ നിറഞ്ഞവളായിരുന്നു. അലക്‌സാന്‍ട്രിയായില്‍ മതപീഡനം ആരംഭി ച്ചപ്പോള്‍ തന്റെ വിശ്വാസത്തിനു വേണ്ടി ഈ വിശുദ്ധയ്ക്കു ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. അലക്‌സാന്‍ട്രിയായിലെ ഒരു വ്യാജപ്രവാ ചകന്‍, ക്രിസ്ത്യാനികള്‍ ഈജിപ്ത്തിന്റെ നാശത്തിനു കാരണമാകുമെന്നു പ്രവചിച്ചതോടെയാണ് ജനങ്ങള്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു പീഡിപ്പിക്കാന്‍ ആരംഭിച്ചത്. അപ്പോളോണിയയും പീഡകരുടെ പിടിയിലായി. ക്രൂരമായ മര്‍ദ്ദനങ്ങള്‍ അവര്‍ക്കു ഏറ്റുവാങ്ങേണ്ടിവന്നു. അപ്പോളോണിയയുടെ പല്ലുകള്‍ മുഴുവന്‍ മര്‍ദ്ദകര്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുപൊട്ടിച്ചു. പീന്നീട് അപ്പോളോണിയ അടക്കമുള്ളവരെ ജീവനോടെ ചുട്ടെരിക്കുന്നതിനു വേണ്ടി അവര്‍ ഒരു വലിയ ചിതയുണ്ടാക്കി. യേശുവിനെ തള്ളിപ്പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. ”ഇല്ലെങ്കില്‍ ജീവനോടെ ചുട്ടെരിക്കും” എന്നായിരുന്നു അവരുടെ ഭീഷണി. അപ്പോളോണിയ ചിതയ്ക്കരികില്‍ നിന്നു കണ്ണുകളടച്ചു പ്രാര്‍ഥിച്ച ശേഷം ചിതയിലേക്ക് എടുത്തു ചാടി സ്വയം മരണം വരിച്ചു. അപ്പോളോണിയയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് വിരുദ്ധാഭിപ്രായമുള്ളവര്‍ സഭയില്‍ ഏറെപ്പേരുണ്ട്. ചിതയിലേക്ക് എടുത്തു ചാടുക എന്നത് ആത്മഹത്യയാണെന്നാണ് ഇക്കൂട്ടരുടെ വാദം. ആത്മഹത്യയെ ന്യായീകരിക്കുന്നത് ശരിയല്ലെന്നു ഇവര്‍ പറയുന്നു. എന്നാല്‍, യേശുവിനോടുള്ള സ്‌നേഹത്തെപ്രതിയാണ് അവര്‍ മരണം വരിച്ചത്. രക്തസാക്ഷിത്വം വരിക്കുന്നവര്‍ എല്ലാംതന്നെ ഒരര്‍ഥത്തില്‍ മരണം സ്വയം ഏറ്റുവാങ്ങുന്നവര്‍ തന്നെയാണ്. ജീവിതനൈരാശ്യത്താലല്ല, മറിച്ച് ദൈവത്തില്‍ ലയിച്ചുചേരുവാനുള്ള മോഹമാണ് അപ്പോളോണിയയെ ചിതയിലേക്ക് ചാടാന്‍ പ്രേരിപ്പിച്ചത്. അപ്പോളോണിയയുടെ രക്തസാക്ഷിത്വം അലക്‌സാന്‍ട്രിയായില്‍ പീഡനങ്ങളേറ്റു വാങ്ങിക്കൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് ധൈര്യം പകരുകയാണ് ചെയ്തത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന മതപീഡനകാലത്ത് നിരവധി ക്രൈസ്തവ രക്തസാക്ഷികള്‍ ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *