വി. ജെർമാനികസ്‌

ജനുവരി 19

രണ്ടാം നൂറ്റാണ്ടില്‍, ആദിമസഭയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ബാലനാണ് വി. ജെർമാനികസ്‌. ഈ വിശുദ്ധനെ കുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ഇന്ന് അറിവുള്ളു. വിശുദ്ധനും സഭാ പിതാക്കന്‍മാരിലൊരാളുമായ പോളികാര്‍പ്പിന്റെ രക്തസാക്ഷിത്വ ത്തെകുറിച്ചുള്ള ഒരു പ്രാചീന ഗ്രന്ഥത്തിലാണ് ജെര്‍മാനികസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്.ഇന്നത്തെ തുര്‍ക്കി യുടെ ഭാഗമായ ഇസ്മിര്‍ പണ്ട് സ്മിര്‍ന എന്ന പ്രാചീന നഗരമാ യിരുന്നു. ക്രിസ്തുമതവിശ്വാസികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്ന സമയത്ത്, യേശുവില്‍ വിശ്വസിച്ചതിന്റെ പേരിലാണ് ജെര്‍മാനികസ് പിടിയിലാകുന്നത്. തന്റെയൊപ്പം തടവിലായ ക്രൈസ്തവ വിശ്വാസികള്‍ക്കു ധൈര്യം പകര്‍ന്നുകൊടുത്തത് കൗമാരപ്രായക്കാരനായ ജെര്‍മാനികസായിരുന്നു. മറ്റാരും ‘തെറ്റ്’ ആവര്‍ത്തിക്കാതിരിക്കാന്‍ പരസ്യമായി, വളരെ ക്രൂരമായ രീതിയിലാണ് അക്കാലത്ത് വധശിക്ഷ നടപ്പാക്കിയിരുന്നത്. പീഡനങ്ങള്‍ കൂടുമ്പോള്‍ ആളുകള്‍ ആര്‍ത്ത് അട്ടഹസിച്ച് കയ്യടിക്കും. കൂടുതല്‍ കയ്യടി കിട്ടാന്‍ ആരാച്ചാര്‍ കൂടുതല്‍ പാകൃതമായ രീതികള്‍ തിരയും. ജെര്‍മാനികസിനെ വധിക്കുവാന്‍ തിരഞ്ഞെടുത്ത സ്ഥലം തുറസായ ഒരു വലിയ പൊതുനാടകശാലയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതു കാണാന്‍ വന്‍ജനാവലി തടിച്ചുകൂടി. വന്യമൃഗങ്ങളെ കൊണ്ട് ആക്രമിപ്പിച്ച് ജെര്‍മാനികസിനെ കൊല്ലുവാനായിരുന്നു പദ്ധതി. എന്നാല്‍, കാട്ടുമൃഗങ്ങള്‍ ജെര്‍മാനികസിനെ ഒന്നും ചെയ്തില്ല. തന്നെ ആക്രമിക്കാന്‍ വേണ്ടി ജെര്‍മാനികസ് തന്നെ അവരെ പ്രകോപിപ്പിച്ചു. എന്നാല്‍, അവ നിശ്ശബ്ദമായി നിന്നതേയുള്ളു. കാഴ്ചക്കാര്‍ അമ്പരന്നു. പടയാളികളും ന്യായാധിപനും ഇളിഭ്യരായി. മരണം ഏറ്റെടുക്കാന്‍ തന്നെ അനുവദി ക്കണമേയെന്നു ജെര്‍മാനികസ് യേശുവിനോടു പ്രാര്‍ഥിച്ചു. പിന്നീട് കാട്ടുമൃഗങ്ങളെ ജെര്‍മാനികസ് കൂടുതല്‍ പ്രകോപിപ്പിച്ചു. ഒടുവില്‍ അവര്‍ അവനെ ആക്രമിച്ചു കൊന്നു.

Leave a Reply

Your email address will not be published. Required fields are marked *